കഞ്ഞി കുടിക്കുന്ന ചൈനീസ് കരുത്ത്

ലണ്ടനിൽ ഇന്ത്യ കണ്ട സൂര്യൻെറ പേരായിരുന്നു ഗഗൻ നാരംഗ്. നിശ്ചയദാ൪ഢ്യത്തിൻെറ പര്യായം. 10 മീറ്റ൪ എയ൪ റൈഫിൾ ഇനത്തിൽ അഭിനവ് ബിന്ദ്ര മെഡൽ നേടുമെന്നായിരുന്നു ഞങ്ങൾ മാധ്യമപ്രവ൪ത്തകരുടെ പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ലെന്നല്ല, അദ്ദേഹം 16ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. അദ്ദേഹം തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ, ഭാഗ്യം ഗഗന് ഒപ്പമായിരുന്നു. മെഡൽ നേട്ടത്തിനു ശേഷം ടി.വി കാമറാമാന്മാരിൽനിന്നു രക്ഷപ്പെട്ട ഗഗനോട് ഒരേയൊരു ചോദ്യമേ ചോദിക്കാനായുള്ളൂ. ഇപ്പോൾ എന്തു തോന്നുന്നു?  ദൈവമുണ്ടെന്നു തോന്നുന്നുവെന്നായിരുന്നു ഗഗൻെറ മറുപടി. ആ ലാളിത്യമായിരുന്നു കൂടുതൽ സ്പ൪ശിച്ചത്. ഫോട്ടോക്ക് പോസ് ചെയ്യാനും ഓട്ടോഗ്രാഫ് നൽകാനുമൊക്കെ തയാറായ ഗഗനെ കണ്ടപ്പോൾ ഇതാണ് യഥാ൪ഥ ഇന്ത്യൻ അത്ലറ്റെന്നു തോന്നി. ലണ്ടൻ ഒളിമ്പിക്സിലെ ഇന്ത്യയുടെ  ആദ്യ മെഡലിന് എന്തു കൊണ്ടും യോഗ്യൻ. 10 മീറ്റ൪ റൈഫിൾസിൽ മത്സരിച്ച 47 പേരും ഒന്നിനൊന്നു കേമന്മാ൪. അതിനിടയിലും കടുത്ത മാനസിക സമ്മ൪ദത്തെ അതിജീവിച്ച് മൂന്നാമതെത്തുക എന്നു പറഞ്ഞാൽ തികച്ചും അഭിനന്ദനീയംതന്നെ. മെഡൽ  സെറിമണി കഴിഞ്ഞു പുറത്തു കടന്നപ്പോൾ എങ്ങോട്ട് പോകണമെന്ന ആശങ്കയായി. പല മത്സരങ്ങളുടെയും വേദികൾ തമ്മിൽ നല്ല ദൂരമുണ്ട്. ലണ്ടന് പുറത്ത് ഒളിമ്പിക് പാ൪ക്കിൽ ബാസ്ക്കറ്റ്ബാൾ നടക്കുന്നുണ്ട്. അവിടേക്കു പോയാൽ തിരികെയെത്താൻ പാടുപെടേണ്ടി വരും. അതിലും നല്ലത് വെംബ്ളി അറീനയിലേക്കു പോകുന്നതാണ്. അവിടെ സൈന നെഹ്വാൾ പങ്കെടുക്കുന്ന ബാഡ്മിൻറൺ മത്സരമുണ്ട്.
ട്രെയിനിൽ ഇരിക്കുമ്പോഴാണ് ‘ഒളിമ്പിക്സിൽ ഉത്തേജകമരുന്ന്’ എന്ന തലക്കെട്ടുമായി പത്രമെത്തിയത്. അജ്ഞാതസുന്ദരിക്കു പിന്നാലെ ഇതാ മറ്റൊരു 16കാരി കൂടി വാ൪ത്തയിൽ ഇടം നേടിയിരിക്കുന്നു. യെ ഷിവൻ എന്ന ചൈനീസ് നീന്തൽതാരമാണ് വിവാദനായിക. 200 മീറ്റ൪ വ്യക്തിഗത മെഡ്ലേയിലും 400 മീറ്റ൪ വ്യക്തിഗത മെഡ്ലേയിലും ലോകറെക്കോഡ് നേടി സ്വ൪ണമണിഞ്ഞ ഷിവൻ ഉത്തേജകമരുന്നു കഴിക്കുന്നുണ്ടോയെന്നു യു.എസ് നീന്തൽ കോച്ച് നടത്തിയ പ്രസ്താവനയാണ് കുഴപ്പമായിരിക്കുന്നത്.
ഈ ഇനത്തിൽ സ്വ൪ണം നേടിയ യു.എസിൻെറ പുരുഷ നീന്തൽതാരം റയാൻ ലോക്ടെയെ കടത്തിവെട്ടുന്ന പ്രകടനമാണത്രെ ഈ പെൺകുട്ടി നടത്തിയത്. വേൾഡ് സ്വിമ്മിങ് കോച്ചസ് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ആരോപണമുന്നയിച്ച ജോൺ ലിയണാ൪ഡ്. ഏതായാലും ഉത്തേജകവിവാദത്തിൽ പെട്ടതോടെ ചൈനീസ് താരങ്ങളുടെ പെ൪ഫോമൻസിലും അവിശ്വസനീയത പട൪ന്നുകഴിഞ്ഞു. നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ അവ൪ക്ക് പൂ൪വകാല ചരിത്രവുമുണ്ടല്ലോ. ഇവിടെയും അതൊക്കെ ആവ൪ത്തിക്കുമോ?
400 മീറ്ററിൻെറ അവസാന 50 മീറ്റ൪ ഈ കുട്ടി നീന്തിക്കയറിയത് ലോകകായിക ചരിത്രത്തിൽ ഒരു മനുഷ്യൻ സ്വന്തമാക്കുന്ന രണ്ടാമത്തെ മികച്ച സമയത്തിലായിരുന്നു. അതാണ് സംശയത്തിനിടയാക്കിയത്. അവിശ്വസനീയമെന്നേ ഇതിനെക്കുറിച്ച് പറയാനാവൂ എന്നാണ് മത്സരം കണ്ട എൻെറ ദൽഹി സുഹൃത്ത് പീയൂഷ് വൈദ്യ പറഞ്ഞത്. അവൾ നീന്തുകയായിരുന്നില്ല, പറക്കുകയായിരുന്നു, ഒരു സൂപ്പ൪ പെൺകുട്ടിയെപ്പോലെ. വൈകുന്നേരം സ്റ്റാ൪ട്ട്ഫോഡ് സ്റ്റേഷനിൽ വെച്ചു കണ്ടുമുട്ടിയപ്പോൾ പീയൂഷ് ചൈനീസ് സ്വിമ്മിങ് ഒഫിഷ്യലിൻെറ നമ്പ൪ കണ്ടുപിടിച്ചിരുന്നു. എന്നാൽ,  തുടരെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. പിന്നീട് അവരുടെ അക്കമഡേഷൻ സെൻററിൽ വിളിച്ച് കണക്ട് ചെയ്തപ്പോഴല്ലേ ബഹുരസം. ഇംഗ്ളീഷിൻെറ എബിസിഡി അറിയില്ല. ദ്വിഭാഷിയെ തിരഞ്ഞപ്പോൾ ചൈനീസ് ഭാഷയിൽ എന്തോ പറഞ്ഞു പേടിച്ച് ഫോൺ വെച്ചു! ഇതാണ് ചൈനീസ് താരങ്ങളുടെ പ്രശ്നം.
പക്ഷേ, പ്രസ് സെൻററിൽ ഇരിക്കുമ്പോൾ മീഡിയ റിലീസായി യെ ഷിവിൻെറ ചെറിയൊരു കുറിപ്പ് കിട്ടി. അത് ഏതാണ്ട് ഇങ്ങനെ: ഉയരം- അഞ്ച് അടി എട്ട് ഇഞ്ച്. ഡിറ്റക്ടിവ് നോവലുകൾ വായിക്കും. ടി.വി കാണും. ആഴ്ചയിൽ ആറു നേരവും നീന്തൽക്കുളത്തിൽതന്നെ. കഴിക്കാനിഷ്ടം കഞ്ഞിയും സോയമിൽക്കും. എന൪ജി ഡ്രിങ്കുകളും സ്നാക്സും കഴിക്കുന്നതിനു പുറമേ ചിക്കൻ, വെജിറ്റബ്ൾ നൂഡിൽസും അകത്താക്കും.
വേറെയൊന്നും വായിക്കാൻ മെനക്കെട്ടില്ല. പീയൂഷിനോട് നേരത്തേതന്നെ ഈസ്റ്റ്  ലണ്ടനിൽ മലയാളി നടത്തുന്ന ഒരു കടയെക്കുറിച്ച് പറഞ്ഞിരുന്നു. അവിടെ ചെന്നാൽ, നല്ല കഞ്ഞി കിട്ടും, പിന്നെ മസാല ദോശയും. വെരി സ്പെഷൽ ടു മലയാളീസ്. ഒന്നു ട്രൈ ചെയ്യാമെന്നു കരുതി അങ്ങോട്ടേക്കുള്ള റെയിൽവേ സ്മാ൪ട്ട് കാ൪ഡ് സൈ്വപ്പ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.