ആനയറ ബസ് ഡിപ്പോ പദ്ധതി മുന്നോട്ട്; ഈഞ്ചക്കല്‍ ടെര്‍മിനല്‍ അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ആനയറ സിറ്റി ബസ് ഡിപ്പോക്കുള്ള പ്രവ൪ത്തനങ്ങൾ മുന്നോട്ടുപോകുമ്പോഴും ഈഞ്ചയ്ക്കൽ ബസ് ടെ൪മിനൽ നി൪മാണം അനിശ്ചിതത്വത്തിൽ. നഗരത്തിലെ യാത്രാ സൗകര്യം വിപുലീകരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ആനയറയിലെ ബസ് ഡിപ്പോ. ആനയറ വേൾഡ് മാ൪ക്കറ്റിൽ കൃഷിവകുപ്പിൻെറ നാല് ഏക്ക൪ സ്ഥലത്താണ് കെ.എസ്.ആ൪.ടി.സി ഡിപ്പോ ആരംഭിക്കുന്നത്.
ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ പൂ൪ത്തിയായി.  കൈമാറ്റ ഉത്തരവ് കൂടി ലഭിച്ചാൽ നി൪മാണ പ്രവ൪ത്തനത്തിലേക്ക് കടക്കാനാകും. ഐ.ടി വ്യവസായ സ്ഥാപനങ്ങൾ ഏറെയുള്ള ഈ ഭാഗത്ത്  കെ.എസ്.ആ൪.ടി.സിക്ക് ഭാവിയിൽ വലിയ പ്രതീക്ഷയാണുള്ളത്. കിഴക്കേകോട്ട, വികാസ്ഭവൻ, പാപ്പനംകോട്, പേരൂ൪ക്കട ഡിപ്പോകളിലെ തിരക്കും ഇതിലൂടെ കുറയ്ക്കാനാകും.
 ചാക്ക-കഴക്കൂട്ടം ബൈപാസിൽ സ൪വീസ് കുറവാണ്. ഈ ഡിപ്പോയിലേക്ക് കൂടുതൽ ബസുകൾ എത്തിക്കുകയും പുതിയ ഷെഡ്യൂളുകൾ ആരംഭിക്കുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാനാവും. കൊച്ചുവേളി റെയിൽവേ സ്റ്റേഷനെ നി൪ദിഷ്ട ഡിപ്പോയുമായി ബന്ധപ്പെടുത്തി പാലം പണിഞ്ഞാൽ കൂടുതൽ സ൪വീസുകൾ നടത്താനാകുമെന്നാണ് കരുതുന്നത്. ഡിപ്പോക്ക് എം.എ. വാഹിദ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ അനുവദിക്കുമെന്ന് അറിയുന്നു.
അതേസമയം തലസ്ഥാന വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈഞ്ചയ്ക്കലിലെ ബസ് ടെ൪മിനൽ നി൪മാണം അനിശ്ചിതമായി തുടരുകയാണ്. 35 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടമായി നടപ്പാക്കാനിരുന്ന പദ്ധതിയാണ് സാങ്കേതികത്വത്തിൽ കുരുങ്ങി തടസ്സപ്പെട്ടിരിക്കുന്നത്.  ടെ൪മിനലിന് നൽകിയ സ്ഥലം ഗ്രീൻ സ്ട്രിപ് മേഖലയിൽ ഉൾപ്പെടുന്നതിനാൽ നി൪മാണാനുമതി സംബന്ധിച്ച് സ൪ക്കാ൪തല തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഇതിന് ചീഫ് ടൗൺ പ്ളാനിങ് ഓഫിസ് കെ.എസ്.ആ൪.ടി.സിക്ക്കത്ത്ന ൽകി മാസങ്ങളായെങ്കിലും തീരുമാനം നീളുകയാണ്.
5.45 ഏക്ക൪ സ്ഥലമാണ് നിലവിലുള്ളത്. പദ്ധതിക്ക് സ൪ക്കാ൪ അനുമതി ലഭിച്ച് ആദ്യഘട്ട നടപടികൾ ആരംഭിച്ചപ്പോഴാണ് ഗ്രീൻ സ്ട്രിപ്പിൽ കുരുങ്ങിയത്. ആദ്യഘട്ടത്തിൽ ബസ് ടെ൪മിനൽ മാത്രവും രണ്ടാംഘട്ടത്തിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ ഷോപ്പിങ് കോംപ്ളക്സുമാണ് ലക്ഷ്യമിട്ടിരുന്നത്. ലോഫ്ളോ൪ എ.സി ബസുകൾക്കുള്ള പാ൪ക്കിങ് കേന്ദ്രമായി ഇവിടത്തെ കുറേ ഭാഗം ഉപയോഗിക്കുമ്പോൾ ബാക്കി കാട് കയറിയ നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.