ഹസാരെ വീണ്ടും നിരാഹാരത്തില്‍

 ന്യൂദൽഹി: അനുയായികളിൽ ആവേശംവിതറി അണ്ണാ ഹസാരെ  ജന്ത൪മന്തറിൽ വീണ്ടും ഉപവാസം തുടങ്ങി.  ശക്തമായ ജൻലോക്പാൽ ബില്ലിന് വേണ്ടി ജീവൻ ത്യജിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച ഹസാരെ അന്തിമപോരാട്ടമാണിതെന്ന് വ്യക്തമാക്കി.  ബുധനാഴ്ച മുതൽ  നിരാഹാരമനുഷ്ഠിക്കുന്ന അരവിന്ദ് കെജ്രിവാൾ, മനീഷ് ശിശോദിയ, ഗോപാൽ റായ് എന്നിവ൪ക്കൊപ്പം ഹസാരെ കൂടി ചേ൪ന്നതോടെ സമരപ്പന്തലിൽ ആളും ആരവവുമുയ൪ന്നു. കഴിഞ്ഞദിവസങ്ങളിൽ 1000ത്തിൽ താഴെ മാത്രം ആളുകളുണ്ടായിരുന്ന സമരപ്പന്തലിൽ ഞായറാഴ്ച 5000 ത്തോളം പേ൪ എത്തി. ജൻലോക്പാലിനായുള്ള ഹസാരെയുടെ മൂന്നാമത്തെ നിരാഹാരസമരമാണിത്.
 തൻെറ അനുയായികളിൽ ചില൪ പ്രധാനമന്ത്രിയുടെ വീട്ടിന്മുന്നിൽ നടത്തിയ പ്രതിഷേധം സ൪ക്കാറിൻെറ നേ൪ക്ക് ജനമനസ്സിലുള്ള രോഷമാണ് കാണിക്കുന്നതെന്ന് ഹസാരെ പറഞ്ഞു. രാഷ്ട്രീയക്കാ൪ യഥാ൪ഥത്തിൽ ജനങ്ങളുടെ സേവകരാണ്. ജനങ്ങളാണ് രാഷ്ട്രത്തിലെ പരമാധികാരികൾ. എന്നാൽ, ഇന്ന് കാര്യങ്ങൾ മറിച്ചാണ്. രാഷ്ട്രീയക്കാരെല്ലാം കൂടി ജനങ്ങളുടെ അധികാരികളായി വാഴുകയാണ്. ജനങ്ങൾ ഉണ൪ന്നെഴുന്നേൽക്കേണ്ട സമയമാണിത്.
ശക്തമായ ജൻലോക്പാൽ വേണമെന്ന ആവശ്യത്തിൻമേൽ നൽകിയ ഉറപ്പ് സ൪ക്കാ൪ ആവ൪ത്തിച്ച് ലംഘിച്ചു. ഇനി വിട്ടുവീഴ്ചയില്ല. ലോക്പാൽ ബില്ലിന് വേണ്ടി ജീവൻ ത്യജിക്കാൻ തയാറായാണ് വന്നിരിക്കുന്നത്.  എന്നാൽ, ജൻ ലോക്പാൽ ബിൽ യാഥാ൪ഥ്യമാക്കാതെ മരിക്കാൻ ഞാൻ തയാറല്ല. മരിക്കാൻ ജനം അനുവദിക്കില്ലെന്നും  ഹസാരെ പറഞ്ഞു.
 രാവിലെ 10.30ഓടെയാണ് ഹസാരെ വേദിയിലെത്തിയത്. 74കാരനായ ഹസാരെ നിരാഹാരമനുഷ്ഠിക്കുന്നത് അപകടമാണെന്ന് ഡോക്ട൪മാ൪ മുന്നറിയിപ്പ് നൽകിയിരുന്നു. നിരാഹാരത്തിൽ നിന്ന് പിന്മാറണമെന്ന് സംഘാംഗം അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ  ആവശ്യപ്പെടുകയും ചെയ്തു. സ൪ക്കാറിൻെറ വഞ്ചനക്കെതിരെ സഹപ്രവ൪ത്തക൪ പട്ടണി കിടക്കുമ്പോൾ തനിക്ക് മാറിനിൽക്കാനാവില്ലെന്ന് പറഞ്ഞ ഹസാരെ നിരാഹാരം തുടങ്ങുകയാണെന്നും മരണം വരെ തുടരുമെന്നും പ്രഖ്യാപിച്ചു. ഡോക്ട൪മാരെത്തി ഹസാരെയുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്.
അതിനിടെ, ബുധനാഴ്ച മുതൽ നിരാഹാരമനുഷ്ഠിക്കുന്ന അണ്ണാ അനുയായികളിൽ 20ഓളം പേരെ ആരോഗ്യനില വഷളായതിനെ തുട൪ന്ന് ഞായറാഴ്ച ദൽഹി ആ൪.എം.എൽ ആശുപത്രിയിലേക്ക് മാറ്റി. പാ൪ലമെൻറിൻെറ വ൪ഷകാല സമ്മേളനം തുടങ്ങുന്ന ആഗസ്റ്റ് എട്ടുവരെയാണ് അണ്ണാ സംഘത്തിന് ജന്ത൪മന്തറിൽ സമരത്തിന് ദൽഹി പൊലീസ് അനുമതി നൽകിയിട്ടുള്ളത്.  എന്നാൽ, ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അണ്ണാ സംഘത്തിൻെറ തീരുമാനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഔദ്യാഗിക വസതിക്ക്  മുന്നിൽ അണ്ണാസംഘം പ്രതിഷേധം നടത്തിയ സാഹചര്യത്തിൽ സുരക്ഷ ക൪ശനമാക്കി. പ്രധാനമന്ത്രിയുടെ വീട്ടിന് മുന്നിലെ  പ്രതിഷേധത്തിൽ പങ്കെടുത്ത എട്ടു വനിതകൾ ഉൾപ്പെടെ 100പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. 

ലോക്പാൽ സമവായത്തിലൂടെ പാസാക്കും -ഖു൪ശിദ്

ലഖ്നോ: ലോക്പാൽ ബിൽ സമവായത്തിലൂടെ പാസാക്കിയെടുക്കാൻ കേന്ദ്രസ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണെന്ന് നിയമമന്ത്രി സൽമാൻ ഖു൪ശിദ്.
 പ്രക്ഷോഭത്തിലൂടെ ബിൽ പാസാക്കിയെടുക്കാൻ കഴിയില്ല. യു.പി.എ സ൪ക്കാറിന് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെന്ന് ഹസാരെ സംഘം ഓ൪ക്കണം. ലോക്പാൽ സംബന്ധിച്ച സമവായശ്രമങ്ങൾ സ൪ക്കാ൪ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. തക൪ക്കപ്പെട്ട, മായാവതിയുടെ പ്രതിമ ഉടൻ പുന$സ്ഥാപിച്ച യു.പി മുഖ്യമന്ത്രി അഖിലേഷ്യാദവിൻെറ നടപടിയെയും അദേഹം പ്രകീ൪ത്തിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.