ലണ്ടൻ: ഒളിമ്പിക്സിൻെറ ഉദ്ഘാടന മാമാങ്കത്തിൽ പ്രത്യേക ക്ഷണിതാക്കളായി അമേരിക്കയുടെ ബോക്സിങ് ഇതിഹാസം മുഹമ്മദലിയും ഇംഗ്ളണ്ടിൻെറ ഫുട്ബാള൪ ഡേവിഡ് ബെക്കാമും എത്തും. ഇരുവ൪ക്കും ഏറെ വിശേഷപ്പെട്ട പങ്കായിരിക്കും മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംഘാടക൪ ഒരുക്കുന്നത്. എന്നാൽ, എന്താണ് പങ്കെന്നറിയാൻ അവസാന നിമിഷംവരെ കാത്തിരിക്കണം. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഇരുവ൪ക്കും ലണ്ടൻ ഒളിമ്പിക് കമ്മിറ്റിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. 1996 അത്ലാൻറ ഒളിമ്പിക്സിൽ വിറയാ൪ന്ന കൈകളുമായെത്തി ദീപംതെളിയിച്ച മുഹമ്മദലി ഇപ്പോൾ ലണ്ടനിലുണ്ട്. ബെക്കാം ഉൾപ്പെടെയുള്ള ഇതിഹാസ കായികതാരങ്ങൾ അണിനിരക്കുന്ന പരേഡിന് നേതൃത്വം നൽകാൻ അലി നേരത്തേ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോ൪ട്ടുണ്ടായിരുന്നു. ഇത്യോപ്യയുടെ ഓട്ടക്കാരൻ ഹെലെ ഗബ്രെസെലാസി അടക്കമുള്ളവ൪ ഈ പരേഡിൽ അണിനിരക്കും. ലണ്ടന് ഒളിമ്പിക്സ് ആതിഥേയത്വം ലഭിക്കുന്നതിനായി ശക്തമായി രംഗത്തുണ്ടായിരുന്ന ബെക്കാമിനെ ഫുട്ബാൾ ടീമിൽനിന്ന് ഒഴിവാക്കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ വേണ്ടവിധം പരിഗണിക്കുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി ചെയ൪മാൻ സെബാസ്റ്റ്യൻ കോ ഉറപ്പു നൽകുകയും ചെയ്തു. ഇതിനൊടുവിലാണ് ബെക്കാമിനെ തേടി വിശേഷ ക്ഷണമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.