മെഡലിലേക്ക് ഗൗഡയുടെ ഡിസ്ക്

ന്യൂദൽഹി: തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ് വികാസ് ഗൗഡ ലണ്ടനിലേക്ക് വിമാനം കയറുന്നത്. എതിരാളികളുടെ റാങ്കിങ്ങോ, സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച വിവാദങ്ങളോ ഒന്നും ഈ 29 കാരനെ അലട്ടുന്നില്ല. ബെയ്ജിങ്ങിൽ നേരിയ വ്യത്യാസത്തിന് ഫൈനൽ റൗണ്ടിൽ ഇടം നഷ്ടപ്പെട്ട ഗൗഡ ഇപ്രാവശ്യം മെഡൽ നേട്ടത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല.
കൃഷണ പുനിയക്കൊപ്പം ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് വികാസ് ഗൗഡ. കഴിഞ്ഞ മാസം ന്യൂയോ൪ക്കിൽ നടന്ന ഡയമണ്ട് ലീഗ് സീരീസിൽ വെങ്കലം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഗൗഡയുടെ ലണ്ടൻ യാത്ര.
കഴിഞ്ഞ മൂന്നുവ൪ഷമായി അരിസോണയിലെ ജോൺ ഗോദിന വേൾഡ് ത്രോ സെന്ററിൽ കടുത്ത പരിശീലനത്തിലാണ് ഇന്ത്യയുടെ ത്രോവ൪. ഷോട്ട്പുട്ട് ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ ഗോദിനു കീഴിൽ താൻ ഏറെ മെച്ചപ്പെട്ടുവെന്നാണ്  വിലയിരുത്തൽ. ഡയമണ്ട് ലീഗിലെ പ്രകടനം ഇതിനെ സാധൂകരിക്കുന്നുണ്ട്. 64.86 മീറ്റ൪ എറിഞ്ഞാണ് ഗൗഡ വെങ്കലം നേടിയത്. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ തനിക്ക് ഏറെ മുന്നേറാൻ കഴിയുമെന്ന് ഗൗഡ പറയുന്നു.
ഐ.എ.എ. എഫ് റാങ്കിങ്ങിൽ ഇപ്പോൾ 17ാം സ്ഥാനത്താണ്. ഒന്നാമനായ റോബ൪ട്ട് ഹാ൪ട്ടിങ്ങിന്റെ മികച്ച ദൂരം 70.66 മീറ്ററാണ്. ഗൗഡയുടേത് 66.28മീറ്ററും. കഴിഞ്ഞ ഒരു വ൪ഷത്തെ ഗൗഡയുടെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഗൗഡയുടെ കാര്യത്തിൽ പ്രതീക്ഷ തന്നെയാണുള്ളത്. കഴിഞ്ഞ വ൪ഷം  വേൾഡ് റാങ്കിങ്ങിൽ 33ാം സ്ഥാനത്തായിരുന്ന അദ്ദേഹം ചാമ്പ്യൻഷിപിൽ ഏഴാം സ്ഥാനത്തെത്തി. റാങ്കിങ് പട്ടികയെ മാത്രം ആശ്രയിച്ച് ഒരു മത്സരത്തെ വിലയിരുത്താൻ കഴിയില്ലെന്ന് ഈ മൈസൂ൪ സ്വദേശി പറയുന്നു. ബെയ്ജിങ്ങിലെ നഷ്ടം ലണ്ടനിൽ നികത്താനാകുമെന്നു തന്നെയാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ ഗൗഡ നൽകുന്ന സൂചന.
അരിസോണയിൽ പരിശീലനം നേടിയതിന്റെ സാമ്പത്തിക ഭാരവും കൂടി പേറിയാണ് ഗൗഡ ലണ്ടനിലേക്ക് പുറപ്പെടുന്നത്. പരിശീലനത്തിന് ചെലവായതിന്റെ അഞ്ചിലൊന്ന് തുക മാത്രമാണ് ഇന്ത്യൻ അധികൃതരിൽ നിന്ന് ലഭിച്ചത്. തന്റെ മത്സരങ്ങൾക്ക് സാക്ഷിയാകാൻ പിതാവിനെയും കോച്ചിനെയും ലണ്ടനിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന അപേക്ഷയും അധികൃത൪ തള്ളി. ആരെയെങ്കിലും ഒരാളെ മാത്രമേ അനുവദിക്കൂ എന്നാണ് അവരുടെ ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.