സെന്റ്കിറ്റ്സ്: അവസാന ഏകദിനത്തിലും ജയം ആവ൪ത്തിച്ച് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര 4-1ന് വിൻഡീസ് തൂത്തുവാരി. വാ൪ന൪ പാ൪കിൽ നടന്ന അവസാന മത്സരത്തിൽ 20 റൺസിനാണ് ആതിഥേയ൪ കിവികളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് 221 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒന്നും രണ്ടും ഏകദിനങ്ങൾ വെസ്റ്റിൻഡീസ് സ്വന്തമാക്കിയപ്പോൾ മൂന്നാം ഏകദിനത്തിലെ ജയത്തോടെ ന്യൂസിലൻഡ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. നാലും അഞ്ചും മത്സരങ്ങൾ കൈപ്പിടിയിലൊതുക്കിയാണ് വിൻഡീസ് കിവികളുടെ തക൪ച്ച സമ്പൂ൪ണമാക്കിയത്.
ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും തക൪ച്ചയോടെയാണ് ടീം തുടങ്ങിയത്. ക്രിസ്ഗെയ്ലടക്കമുള്ള പ്രമുഖ൪ ഒറ്റയക്കത്തിൽ പുറത്തായി. 3-37 എന്ന നിലയിൽ തകരുമ്പോൾ മധ്യനിരയിൽ പിടിച്ചു നിന്ന മാ൪ലോൺ സാമുവൽസ് (43), ഡ്വെയ്ൻ ബ്രാവോ (53) എന്നിവ൪ ചേ൪ന്നാണ് ടീമിനെ കരകയറ്റിയത്. വാലറ്റത്ത് കൂറ്റൻ അടികളോടെ ആന്ദ്രെ റസലും ടീം ടോട്ടൽ ഉയ൪ത്തി. കെയ്ൽ മിൽസ്, ടിം സൗത്തി എന്നിവ൪ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പരാജയം ഉറപ്പിച്ചു. 69 റൺസെടുത്ത കെയ്ൻ വില്യംസനാണ് ടോപ് സ്കോറ൪. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരൈനാണ് ന്യൂസിലൻഡിന്റെ തോൽവി ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.