ന്യൂദൽഹി: ലണ്ടനിൽ ഏറ്റവും മികച്ചദൂരം കണ്ടെത്തി രാജ്യത്തിൻെറ വലിയ സ്വപ്നം യാഥാ൪ഥ്യമാക്കാൻ ഒരുങ്ങുകയാണ് മലയാളി ട്രിപ്പ്ൾ ജമ്പ് താരം രഞ്ജിത് മഹേശ്വരി. ഒളിമ്പിക്സിൽ തൻെറ ഏറ്റവും മികച്ചദൂരം പിറക്കുമെന്ന് ഉറപ്പിക്കുന്ന രഞ്ജിത്തിന് ഫൈനൽ പ്രവേശത്തിൽ കുറഞ്ഞതൊന്നും അജണ്ടയിലില്ല. ഏപ്രിലിൽ ഫെഡറേഷൻ കപ്പിൽ 16.85 മീറ്റ൪ ചാടിയാണ് ലോക കായികമാമാങ്കത്തിനു യോഗ്യത നേടിയത്. തായ്ലൻഡിൽ നടന്ന ഏഷ്യൻ ഗ്രാൻഡ് പ്രീയിൽ സ്വ൪ണമെഡലും നേടിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ മത്സരങ്ങളിൽ പങ്കെടുക്കാത്തത് കാരണം ഫിറ്റ്നസ് തെളിയിക്കാൻ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ട മൂന്നു പേരിൽ ഒരാളാണ് രഞ്ജിത്. ഇപ്പോൾ ഇറ്റലിയിലെ ഫോ൪ളിയിൽ പരിശീലനത്തിലാണ് ഈ താരം.
2010ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മികച്ച വ്യക്തിഗത നേട്ടമായ 17.07 മീറ്റ൪ ചാടി വെങ്കല മെഡൽ രഞ്ജിത് സ്വന്തമാക്കിയിരുന്നു. ഇതിനുശേഷം കാൽമുട്ടിന് പരിക്കേറ്റ് അൽപകാലം കളം വിട്ടിരുന്നു. ‘കാൽമുട്ടിലെ സ൪ജറി കഴിഞ്ഞ് പഴയ ഊ൪ജം തനിക്ക് വീണ്ടെടുക്കാനായിട്ടുണ്ട്. പരിശീലനവേളയിൽ വ്യക്തിഗത റെക്കോഡിനെ മറികടക്കുന്ന പ്രകടനം (17.20) നടത്താനായത് പ്രതീക്ഷ വ൪ധിപ്പിക്കുന്നുണ്ട്. ഒളിമ്പിക്സ് ലക്ഷ്യമാക്കിയുള്ള പരിശീലനത്തിൽ മുഴുകിയതിനാലാണ് ഏഷ്യൻ ഗ്രാൻഡ് പ്രീക്കു ശേഷം മത്സരങ്ങളിൽ പങ്കെടുക്കാതിരുന്നത്. കോച്ച് ഷിവ്ലി ഇവഞ്ചിനിയുടെ കോച്ചിങ് ഒളിമ്പിക്സിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കുന്നതാണ്. തയാറെടുപ്പുകൾ ആത്മവിശ്വാസം പകരുന്നതാണ്. ജിമ്മിലും പുറത്തുമായി ക൪ശനമായ ഫിറ്റ്നസ് ട്രെയ്നിങ്ങിലാണ് ഇപ്പോഴുള്ളത്’. ലോക ചാമ്പ്യനായ അമേരിക്കയുടെ ക്രിസ്റ്റ്യൻ ടെയ്ലറുടെ 17.63 ആണ് ഈ സീസണിലെ മികച്ച പ്രകടനം.
അതേസമയം 2004ന് ശേഷം രണ്ടുതവണ മാത്രമാണ് രഞ്ജിത്തിന് 17 മീറ്ററിലപ്പുറം കടക്കാനായിട്ടുള്ളത്. ഈ വ൪ഷമാവട്ടെ അതിന് കഴിഞ്ഞിട്ടുമില്ല.
റഷ്യയുടെ പോൾവാൾട്ട് താരം യെലേന ഇസിൻബയേവയാണ് 26കാരനായ രഞ്ജിത്തിൻെറ ആരാധനാ പാത്രം.
പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആഗസ്റ്റ് ഏഴിനാണ് ആരംഭിക്കുക. ആഗസ്റ്റ് രണ്ടിന് രഞ്ജിത് ഒളിമ്പിക്സ് വില്ലേജിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.