ന്യൂദൽഹി: സാനിയ മി൪സയുടെ മാതാവ് നസീമയെ ഒളിമ്പിക്സ് വനിതാ ടെന്നിസ് ടീം മാനേജറായി നിയോഗിച്ചത് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ. ടെന്നിസ് ഇതുവരെ കളിച്ചിട്ടില്ലാത്ത, പരിശീലകയായി ആരുമറിയാത്ത നസീമയെ പരിചയസമ്പത്തിൻെറ അടിസ്ഥാനത്തിലാണ് ഒളിമ്പിക്സ് ടീം മാനേജറായി തെരഞ്ഞെടുത്തതെന്ന് വിശദീകരണമിറക്കിയത് ടെന്നിസ് അസോസിയേഷൻതന്നെ. അന്താരാഷ്ട്ര മത്സരവേദികളിൽ മകൾക്ക് കൂട്ടുപോയതാണ് നസീമയുടെ വിശാലമായ പരിചയസമ്പത്ത്. സാനിയയും രശ്മി ചക്രവ൪ത്തിയും അടങ്ങിയ ഡബ്ൾസ് ടീമിൻെറ മാനേജറായാണ് നസീമയെ ലണ്ടനിലേക്ക് അയക്കുന്നത്. ലിയാണ്ട൪ പേസ്-മഹേഷ് ഭൂപതി വിവാദത്തിന് പരിഹാരമായി സാനിയയെ ടെന്നിസ് അസോസിയേഷൻ ഉപയോഗിച്ചതിന് അനുരഞ്ജനമെന്ന നിലയിലാണ് നസീമയെ ടീം മാനേജറാക്കിയതെന്നാണ് പ്രധാന ആരോപണം. നിയമനത്തിൽ വിശദീകരണം തേടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കഴിഞ്ഞദിവസം രംഗത്തെത്തി.
ഒളിമ്പിക്സ് ഒഫിഷ്യലായി സാനിയയുടെ മാതാവ് ലണ്ടനിലേക്ക് പറക്കാനൊരുങ്ങുമ്പോൾ മറ്റു ഒളിമ്പ്യന്മാരുടെ രക്ഷിതാക്കൾ ലണ്ടനിലേക്കൊരു പാസ് ഒപ്പിക്കാനുള്ള വെപ്രാളത്തിലാണ്. ഒളിമ്പിക് അസോസിയേഷൻെറയും സ൪ക്കാറിൻെറയും ചിലവിൽ കായിക മേലധികാരികൾ സുഖവാസത്തിനായ് പറക്കുമ്പോഴാണ് അത്ലറ്റുകൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ ആത്മവിശ്വാസം നൽകുന്ന കുടുംബങ്ങളുടെ സാന്നിധ്യം നിഷേധിക്കപ്പെടുന്നത്.
സൈനയുടെ അച്ഛൻ ടി.വിയിൽ കാണും
ബാഡ്മിൻറണിലെ ലോക അഞ്ചാം നമ്പ൪ താരവും ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ ഫേവറിറ്റുമായ സൈന നെഹ്വാളിനെ പിന്തുണക്കാൻ ലണ്ടനിൽ കുടുംബമുണ്ടാവില്ല. പിതാവ് ഡോ. ഹ൪വി൪ സിങ് ഒളിമ്പിക്സിന് പോകുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും ടിക്കറ്റോ പാസോ ലഭ്യമല്ലാത്തതു കാരണം ലണ്ടൻ യാത്ര ഉപേക്ഷിച്ചു. സൈനയുടെ കളി ടി.വിയിൽ കാണുമെന്ന് ഹ൪വി൪ സിങ് പറയുന്നു. മറ്റു ടൂ൪ണമെൻറുകളിൽ കളിക്കാ൪ക്കൊപ്പം കുടുംബങ്ങളും യാത്രയാവുമ്പോൾ ഒളിമ്പിക്സിൽ പാസുകൾ ടീം മാനേജ്മെൻറിനു മാത്രം നൽകുന്നു.
മറ്റൊരു ബാഡ്മിൻറൺ താരം പി. കശ്യപ് രക്ഷിതാക്കൾക്കുള്ള ടിക്കറ്റിന് അവസാനവട്ട ശ്രമത്തിലാണ്. ഒളിമ്പിക്സിന് 10 ദിവസം മാത്രം ശേഷിക്കെ കുടുംബാംഗങ്ങളുടെ ടിക്കറ്റ് സംബന്ധിച്ച് താരത്തിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങൾക്ക് ടിക്കറ്റ് നൽകണമെന്ന അവസാന നി൪ദേശത്തിലാണ് പ്രതീക്ഷയെന്ന് താരം പറയുന്നു. ബാഡ്മിൻറൺ മിക്സഡ് ഡബ്ൾസിൽ മലയാളിതാരം വി. ഡിജുവിനൊപ്പം ഉറച്ച മെഡൽ സഖ്യമായ ജ്വാല ഗുട്ട കുടുംബത്തിനും കൂട്ടുകാ൪ക്കുമായി ആറ് ടിക്കറ്റ് ഒപ്പിച്ചുകഴിഞ്ഞു. രണ്ട് ടിക്കറ്റ് ബാഡ്മിൻറൺ അസോസിയേഷൻ നൽകിയപ്പോൾ നാലെണ്ണം സ്പോൺസ൪മാരാണ് നൽകിയത്. രക്ഷിതാക്കളും കൂട്ടുകാരും ലണ്ടനിലുണ്ടാവുമെന്ന ആവേശത്തിലാണ് താരം.
ബെയ്ജിങ്ങിൽ ഇടിക്കൂട്ടിലെ പ്രകടനത്തിലൂടെ വെങ്കലമെഡൽ നേടിയ ബോക്സ൪ വിജേന്ദ൪കുമാറിന് ഇക്കാര്യത്തിലൊന്നും വലിയ ധാരണയില്ല. കളിക്കാരുടെ കുടുംബത്തിന് ടിക്കറ്റ് ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത വിജേന്ദറിന് കുടുംബാംഗങ്ങൾ ഒളിമ്പിക്സിനെത്തുമോയെന്നതിലും ഉറപ്പില്ല. തുഴച്ചിലിലെ ചാമ്പ്യന്മാരായ മഞ്ജിത് സിങ്, സന്ദീപ്കുമാ൪, സഫ്റൻ സിങ് എന്നിവ൪ ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ ലണ്ടനിലേക്ക് കുടുംബത്തെ കൂട്ടാൻ ശ്രമിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.