ഗുഡ്ബൈ ലീ

സിഡ്നി: ആസ്ട്രേലിയൻ ആവനാഴിയിലെ മറ്റൊരു വജ്രായുധംകൂടി രാജ്യാന്തര ക്രിക്കറ്റിന്റെ പൂമുഖത്തുനിന്ന് പടിയിറങ്ങുന്നു. മികച്ച ആസ്ട്രേലിയൻ പേസ് ബൗള൪ എന്ന് പേരെടുത്ത ബ്രെറ്റ് ലീ 13 വ൪ഷത്തെ ക്രിക്കറ്റ് ജീവിതത്തിനൊടുവിൽ അന്താരാഷ്ട്ര മത്സരരംഗത്തു നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കൃത്യതയാ൪ന്ന ബൗളറെന്ന് പേരെടുത്ത ലീ നിരന്തരമായി വേട്ടയാടിയ പരിക്കിനു മുന്നിൽ തോറ്റാണ് വിടവാങ്ങൽ പ്രഖ്യാപിച്ചത്. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ), ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗ് എന്നിവയിൽ ഇനിയുമുണ്ടാവും.
2010 ഫെബ്രുവരിയിൽ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ താരം സെപ്റ്റംബറിലെ ശ്രീലങ്ക ഐ.സി.സി ട്വന്റി 20 ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള നീക്കത്തിലായിരുന്നു. എന്നാൽ,  ആസ്ട്രേലിയയുടെ  ഇംഗ്ളീഷ് പര്യടനത്തിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് കാരണമാണ് വിരമിക്കാൻ പെട്ടെന്ന് തീരുമാനിച്ചത്. രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങാനുള്ള തീരുമാനം ട്വിറ്ററിലൂടെ ആദ്യം പ്രഖ്യാപിച്ച ബ്രെറ്റ് ലീ പിന്നീട് സിഡ്നിയിൽ വാ൪ത്താസമ്മേളനവും നടത്തി. 13 വ൪ഷത്തെ ക്രിക്കറ്റ് ജീവിതം സുവ൪ണ കാലമായിരുന്നുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം പിന്തുണച്ചവ൪ക്കും നാട്ടുകാ൪ക്കും ആരാധക൪ക്കും നന്ദി പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ ആസ്ട്രേലിയയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന നാഴികക്കല്ലിലേക്ക്  ഒരു വിക്കറ്റ് കൂടി ശേഷിക്കെയാണ് പടിയിറക്കം. 380 വിക്കറ്റുമായി മുൻഗാമി ഗെ്ളൻ മഗ്രാത്തിനൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഡ൪ഹാമിൽ കഴിഞ്ഞയാഴ്ച കളിച്ച 221ാം ഏകദിനത്തിനിടെ പരിക്കേറ്റായിരുന്നു ലീ കളം വിട്ടത്.
'ഇതൊരു സ്വപ്നതുല്യമായ കരിയറായിരുന്നു. 13 വ൪ഷം പേസ് ബൗളിങ്ങിലെ മുൻ നിരക്കാരനായി തന്നെ നിലനിന്നു. ഇതിനേക്കാൾ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. 13 വ൪ഷത്തെ ദൗത്യത്തിന് വെള്ളിയാഴ്ചയായ ഇന്ന് ജൂലായ് 13ന് തന്നെ അവസാനം കുറിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഏറ്റവും അനുയോജ്യമായ ദിനമാണിത്.  ഈ ഉറച്ച തീരുമാനം മനസ്സിലുറപ്പിച്ചായിരുന്നു രാവിലെ ഉണ൪ന്നത്' -ബ്രെറ്റ് ലീ പറഞ്ഞു.
ചെറുപ്പത്തിൽ ആരാധിച്ച ഷെയ്ൻ വോൺ, മഗ്രാത്ത്, സ്റ്റീവ് വോ, മാ൪ക് വോ, ആഡം ഗിൽ ക്രിസ്റ്റ് എന്നിവ൪ക്കൊപ്പം കളിക്കാനായത് കരിയറിന് കൂടുതൽ തിളക്കം നൽകി. ഏറെ ഭാഗ്യവും സന്തോഷവും നൽകുന്നതായിരുന്നു ഇത്. ഇനി കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. -35കാരനായ ബ്രെറ്റ് ലീ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
1999 ഡിസംബറിൽ ഇന്ത്യക്കെതിരായ മെൽബൺ ടെസ്റ്റ് മത്സരത്തിലായിരുന്നു ബ്രെറ്റ് ലീയെന്ന പുതുമുഖക്കാരന്റെ അരങ്ങേറ്റം. കന്നി മത്സരത്തിൽതന്നെ അഞ്ച് വിക്കറ്റ് സ്വന്തമാക്കി തുടങ്ങിയ ലീക്ക് പിഴച്ചില്ല. 76 ടെസ്റ്റുകളിൽനിന്ന് 310 വിക്കറ്റും 1451 റൺസും നേടിയാണ് 11 വ൪ഷത്തെ ടെസ്റ്റ് കരിയറിന് അവസാനം കുറിച്ചത്. 2000 ജനുവരിയിൽ പാകിസ്താനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ട്വന്റി20 ക്രിക്കറ്റിലും നേട്ടംകൊയ്ത പേസ് ബൗള൪ 25 കളിയിൽ 28 വിക്കറ്റ് സ്വന്തം പേരിലാക്കി. തിളക്കമേറിയ കരിയറിനിടയിൽ ഇടക്കിടെ അലട്ടിയ പരിക്കുകളായിരുന്നു  തിരിച്ചടി തീ൪ത്തത്. 2003ൽ ലോകകപ്പ് ചാമ്പ്യൻ ടീമിൽ അംഗമായിരുന്നു. എന്നാൽ, 2007ൽ ആസ്ട്രേലിയ വീണ്ടും ചാമ്പ്യന്മാരായപ്പോൾ ലീ പരിക്ക് കാരണം ടീമിനു പുറത്തായിരുന്നു.
കളത്തിനു പുറത്ത്, ഇന്ത്യയുമായി മികച്ച ബന്ധമുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ൪ കൂടിയാണ് ലീ. ബോളിവുഡ് സംഗീതലോകത്ത് ആഷാ ബോസ്ലെയുമൊത്ത് പുതിയ ഇന്നിങ്സ് തുടങ്ങിയ ലീ ഇവിടെയും വെന്നിക്കൊടി നാട്ടി. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് ഇലവനു വേണ്ടി കളിച്ച ലീ ഇക്കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. തന്റെ രണ്ടാം ഹോം ഗ്രൗണ്ടെന്നായിരുന്നു ഏറെ ആരാധകരുള്ള ഇന്ത്യയെ ലീ  വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.