മഞ്ഞപ്പടയുടെ മുന്നണിപ്പോരാളി

റിയോ ഡെ ജനീറോ: ലോക ഫുട്ബാളിലെ മുടിചൂടാമന്നന്മാരായി വിരാജിക്കുമ്പോഴും ബ്രസീലിന് തങ്ങളുടെ ഷോക്കേസിലെത്തിക്കാൻ കഴിയാത്തൊരു കനകക്കിരീടമുണ്ട് -ഒളിമ്പിക് സ്വ൪ണം. പ്രതീക്ഷയോടെ മാറ്റുരച്ച പല വേളകളിലും വിശ്വകായിക മാമാങ്കത്തിന്റെ പുൽത്തകിടിയിൽ മഞ്ഞലോഹത്തിന്റെ തിളക്കം മഞ്ഞപ്പടയിൽനിന്ന് വഴുതിമാറിയകന്നു. ലണ്ടനിൽ ഇത്തവണ ഒളിമ്പിക്സിന്റെ ആരവമുയരുമ്പോൾ ബ്രസീൽ ഏറെ പ്രതീക്ഷകളിലാണ്. കാത്തുകാത്തിരിക്കുന്ന ആ ഫുട്ബാൾ സ്വ൪ണം ഇത്തവണ ലണ്ടനിൽനിന്ന് റിയോ ഡെ ജനീറോയിലെത്തുമെന്ന് അവ൪ കണക്കുകൂട്ടുന്നു. ഫുട്ബാളിനെ അത്രയേറെ സ്നേഹിക്കുന്ന ബ്രസീൽ ജനതയുടെ സ്വപ്നങ്ങൾക്കാധാരം മുൻനിരയിൽ നിറഞ്ഞുകളിക്കുന്ന പുത്തൻ താരോദയം നെയ്മറാണ്. 20കാരനായ ഈ സാന്റോസ് സ്ട്രൈക്കറുടെ മികവിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ ബ്രസീൽ, ലണ്ടനിലും തങ്ങളുടെ 11ാം നമ്പറുകാരൻ മിന്നിത്തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കന്നി ഒളിമ്പിക്സിലേക്ക് കാലൂന്നാൻ ഒരുങ്ങുന്ന നെയ്മ൪ ടീമിന്റെ സാധ്യതയും ഒരുക്കങ്ങളുമെല്ലാം വിലയിരുത്തി ഒരു ഫുട്ബാൾ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽനിന്ന്...
? കുട്ടിയായിരിക്കുമ്പോൾ ഒളിമ്പിക്സ് ടി.വിയിൽ കണ്ട ഓ൪മയുണ്ടോ
* നല്ല ഓ൪മയുണ്ട്. ഒളിമ്പിക്സിൽ ഫുട്ബാൾ മത്സരങ്ങൾ മാത്രമല്ല ഞാൻ കണ്ടിരുന്നത്. ലോകകപ്പിലും ഒളിമ്പിക്സിലും കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. മറ്റെല്ലാ അത്ലറ്റുകൾക്കുമൊപ്പം ഗെയിംസ് വില്ലേജിൽ താമസിക്കുകയെന്നത് മഹത്തരമായി തോന്നുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കാനും അതിന്റെ ഭാഗമാവാനും കഴിയുന്നത് ഭാഗ്യമാണ്. ബ്രസീലിന് ആദ്യമായി ഒളിമ്പിക് സ്വ൪ണം നേടിക്കൊടുക്കുകയാണ് ഞങ്ങൾക്കു മുന്നിലുള്ള ലക്ഷ്യം. ഇതുപോലൊരു വമ്പൻ ആഗോളപരിപാടിയിൽ പങ്കെടുക്കുന്നതുതന്നെ വലിയ പ്രചോദനം പകരും.
? ഫുട്ബാള൪ എന്ന നിലക്ക് മറ്റു കായിക ഇനങ്ങളിലെ അറിയപ്പെടുന്ന താരങ്ങളുമായി ഒളിമ്പിക്സിൽ ബന്ധം സ്ഥാപിക്കാൻ കഴിയുന്നതിനെക്കുറിച്ച്
* അതെ, അവിടെ നിങ്ങളുടെ മറുവശത്തുനിന്ന് ലെബ്രോൺ ജെയിംസും ഉസൈൻ ബോൾട്ടും നടന്നുവരുന്നുണ്ടാവും (ചിരിക്കുന്നു). ഞാൻ ലണ്ടനിലേക്ക് പോവുന്നത് ഏറ്റവും വലിയ ആരാധകനായാണ് എന്നും മുഴുവൻ സമയവും ഫോട്ടോകൾ എടുത്തുകൊണ്ടിരിക്കുകയാവുമെന്നൊക്കെ കൂട്ടുകാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ബോൾട്ടിനെയും ലെബ്രോണിനെയും പോലുള്ള ആളുകളെ കാണാൻ കൂടിയാണ് ഈ അവസരം ഞാൻ വിനിയോഗിക്കുക. അവ൪ക്കൊപ്പംനിന്ന് ഫോട്ടോയെടുക്കണം. ഓട്ടോഗ്രാഫ് വാങ്ങണം. അവരോട് എന്താണ് പറയുകയെന്നൊന്നും എനിക്കറിയില്ല. എങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കും ഞാൻ (ചിരിക്കുന്നു).
? ബ്രസീൽ ഫുട്ബാൾ ടീമിന് സ്വ൪ണം നേടാൻ മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച സാധ്യത ഇത്തവണ ഇല്ലേ.
* ചാമ്പ്യന്മാരാകാനുള്ള എല്ലാം ഈ ടീമിനുണ്ട്. ഏതു ചാമ്പ്യൻഷിപ്പായാലും ബ്രസീൽ എന്നും സാധ്യതയിൽ മുന്നിലുള്ള ടീമായിരിക്കും. ഏറെ പ്രതിഭയുള്ള താരങ്ങളടങ്ങിയ മികച്ച ടീമാണ് ഇത്തവണത്തേത്.
? ഡെന്മാ൪ക്ക്, യു.എസ്.എ, അ൪ജന്റീന, മെക്സികോ ടീമുകൾക്കെതിരായ പരിശീലന മത്സരങ്ങളിലെ പ്രകടനങ്ങളിൽ സംതൃപ്തനാണോ. ഏതെങ്കിലും മേഖലയിൽ മെച്ചപ്പെടേണ്ടതുണ്ടോ
* മെക്സികോയോടും (2-0) അ൪ജന്റീനയോടും (4-3) തോറ്റുവെങ്കിലും മികച്ച ഫോമിൽത്തന്നെയാണ് ഞങ്ങൾ ലണ്ടനിലെത്തുന്നത്. അ൪ജന്റീനയുടെ മികച്ച താരങ്ങളടങ്ങിയ ടീമിനെതിരെ ഞങ്ങളുടെ ഒളിമ്പിക് ടീമാണ് മത്സരിച്ചത്. എന്നിട്ടും അവരെ തോൽപിക്കുന്നതിന് അടുത്തെത്തിയിരുന്നു. ചില പ്രശ്നങ്ങൾ പരിശീലനത്തിലൂടെ പരിഹരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.
? ബ്രസീൽ ദേശീയ ടീമിലെ താരങ്ങളിലൊരാളായ താങ്കൾ ഒളിമ്പിക് ടീമിലെ സുപ്രധാന കളിക്കാരനായാണ് ഗണിക്കപ്പെടുന്നത്.
* ടീമിലെ എല്ലാവരും പ്രധാനപ്പെട്ടവരാണ്. എല്ലാവ൪ക്കും അവരുടേതായ ചുമതലകളുമുണ്ട്. ടീമിലെ 18 പേരും ഒരേമനസ്സോടെ കരുത്തുകാട്ടാൻ പോന്നവ൪തന്നെയാണ്.
? ബ്രസീലിനു പുറത്ത് ഇപ്പോൾ താങ്കൾ ഏറെ അറിയപ്പെട്ടുകഴിഞ്ഞില്ലേ
* തീ൪ച്ചയായും. ആളുകൾ എന്നെ കൂടുതൽ തിരിച്ചറിയുന്നുണ്ട്. കളത്തിൽ ഞാൻ കൂടുതൽ മാ൪ക്ക് ചെയ്യപ്പെടുന്നു. പക്ഷേ, അത് ടീമിന് തുണയാകുന്ന അവസരങ്ങൾ സൃഷ്ടിക്കും. രണ്ടുപേ൪ എന്നെ മാ൪ക്ക് ചെയ്യുമ്പോൾ മാ൪ക്ക് ചെയ്യപ്പെടാതെ നിൽക്കുന്നവ൪ക്ക് കളിഗതിയെ സ്വാധീനിക്കാൻ കഴിയും. ബ്രസീലിനുവേണ്ടി ആദ്യ മത്സരം കളിക്കുമ്പോൾ ആ൪ക്കും എന്നെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇപ്പോൾ എല്ലാവ൪ക്കും എന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാം.
? സ്പെയിൻ യൂറോകപ്പ് നേടിയപ്പോൾ താങ്കൾ ആന്ദ്രെ ഇനിയസ്റ്റയെ ഏറെ പ്രശംസിച്ചു. ടൂ൪ണമെന്റ് നിങ്ങൾ കണ്ടിരുന്നോ
* ലോകകപ്പ് പോലെത്തന്നെ യൂറോകപ്പിൽ കളിയുടെ സാങ്കേതിക നിലവാരം ഏറെ ഉയ൪ന്നതായിരുന്നു. ബ്രസീലും അ൪ജന്റീനയും പോലുള്ള ടീമുകളുടെ അഭാവം മാത്രമാണ് ഞാൻ കണ്ട കുറവ്. സ്പെയിൻ മികച്ച കളിയാണ് കെട്ടഴിച്ചത്. ടൂ൪ണമെന്റിൽ ഏറ്റവും മികച്ച ടീമും അവരുടേതായിരുന്നു.
? മറ്റേതൊക്കെ കളിക്കാരാണ് പ്രശംസയ൪ഹിക്കുന്നവ൪
* ഇനിയസ്റ്റയെ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. സെൻസേഷനൽ കളിക്കാരനാണദ്ദേഹം. ക്രിസ്റ്റ്യാനോ റൊണാൾഡോയും കേമൻതന്നെ. ജ൪മനിയുടെ മെസൂത് ഒസീലിന്റെ കളി ഞാനേറെ ആസ്വദിച്ചു. പ്രതിഭാധനനായ കളിക്കാരനാണ് ഒസീൽ. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.