വിവാദം കളിയെ ബാധിക്കില്ല -ഭൂപതി

മുംബൈ: ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിവാദം ഒളിമ്പിക്സിൽ തന്റെ കളിയെ ബാധിക്കില്ലെന്ന് ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതി. വിംബ്ൾഡൺ ടൂ൪ണമെന്റ് അവസാനിച്ചശേഷം ഒളിമ്പിക്സിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് തങ്ങളെന്നും ഭൂപതി പറഞ്ഞു.
'മാനസികമായി ഞങ്ങൾ സജ്ജരായിക്കഴിഞ്ഞു. ലണ്ടനിൽ മെഡലിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് യാത്രതിരിക്കുന്നത്. ടെന്നിസിൽ ഇന്ത്യക്ക് ചില മെഡലുകൾ കിട്ടുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. പ്രവചിക്കാൻ ഞാൻ നോസ്ട്രദാമസൊന്നുമല്ലെങ്കിലും എല്ലാ വിഭാഗങ്ങളിലും മെഡൽ പ്രതീക്ഷയുള്ള താരങ്ങളാണ് നമുക്കുള്ളത്. പുറപ്പെടാൻ ഞങ്ങൾ തയാറായിക്കഴിഞ്ഞു. ഒരു അത്ലറ്റിന്റെ ജീവിതത്തിൽ ഏറ്റവും ശ്രമകരമായ വിജയം ഒളിമ്പിക് മെഡലാണ്. മറ്റുള്ളവരെപ്പോലെ നമുക്കും അതിനുള്ള കരുത്തുണ്ട്. ശരിയായ ദിശയിൽ കളിക്കുകയും അൽപം ഭാഗ്യം കൂടെയുണ്ടാവുകയും ചെയ്യണമെന്നുമാത്രം' -ശനിയാഴ്ച ലണ്ടനിലേക്ക് തിരിക്കാനൊരുങ്ങുന്ന 38കാരൻ ഒരു സ്വകാര്യ ചടങ്ങിനിടെ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
രോഹൻ ബൊപ്പണ്ണക്കൊപ്പം പുരുഷ ഡബ്ൾസിലാണ് ഭൂപതി ഒളിമ്പിക്സിൽ റാക്കറ്റേന്തുന്നത്. ലിയാണ്ട൪ പേസിന്റെ പങ്കാളികളാവാൻ ഇരുവരും വിസമ്മതിച്ചതിനെ തുട൪ന്നാണ് ടീം സെലക്ഷൻ വിവാദത്തിലായത്.
'റോജ൪ ഫെഡറ൪, റാഫേൽ നദാൽ, ആൻഡി മറെ, നൊവാക് ദ്യോകോവിച്ച് എന്നിവരും ബ്രയൻ സഹോദരന്മാരുമാണ് വമ്പൻ എതിരാളികൾ. ഒളിമ്പിക്സായതുകൊണ്ടുതന്നെ അനായാസ മത്സരങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഓരോ റൗണ്ടിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോവുകയാണ് ആവശ്യം' -ഭൂപതി ചൂണ്ടിക്കാട്ടി.
വിംബ്ൾഡണിലാണ് ലണ്ടൻ ഒളിമ്പിക്സിന്റെ ടെന്നിസ് മത്സരങ്ങൾ അരങ്ങേറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.