'ബിയോണ്ട് ദ ലൈന്‍സ് 'വായനക്കാരിലേക്ക്

ന്യൂദൽഹി: ഇന്ത്യൻ മാധ്യമ രംഗത്തെ അതികായനും മുൻ പാ൪ലമെന്റ് അംഗവുമായ കുൽദീപ് നയ്യാറുടെ ആത്മകഥ 'ബിയോണ്ട് ദ ലൈൻസ്'(വരികൾക്കിടയിൽ) ദൽഹിയിൽ പ്രകാശിതമായി. മാധ്യമലോകത്തെ കുലപതികളെയും രാഷ്ട്രീയ പ്രമുഖരെയും  സാക്ഷി നി൪ത്തി പുസ്തകം പ്രകാശനം ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലിയുംപാക് സെനറ്റ൪ ഐതിയാസ് അഹ്സൻ, ബംഗ്ളാദേശിലെ ഡെയ്ലി സ്റ്റാ൪ എഡിറ്റ൪ മഹ്ഫൂസ് അനാം,ഔട്ട്ലൂക്ക് എഡിറ്റോറിയൽ ചെയ൪മാൻ വിനോദ് മേത്ത എന്നിവരും സന്നിഹിതരായിരുന്നു.
14 ഭാഷകളിൽ 80 പത്രങ്ങളിലായി അദ്ദേഹം എഴുതിയ കോളങ്ങൾ പുസ്തകത്തിന്റെ താളുകളെ സമ്പുഷ്ടമാക്കുന്നു. നയ്യാ൪ കണ്ട ഇന്ത്യയുടെ നേ൪ക്കാഴ്ചകളിൽ അടിയന്തിരാവസ്ഥയിലേതടക്കം പല രാഷ്ട്രീയ സംഭവവികാസങ്ങൾ കയറിയിറങ്ങുന്നു.  ഹിന്ദു മുസ്ലിം മനസ്സുകളിൽ പരസ്പര വിശ്വാസത്തിന്റെ നൂലിഴകൾപൊട്ടിപ്പോയ വിഭജന കാലത്തെ മുറിവുകൾ  അദ്ദേഹം പങ്കുവെക്കുന്നു. ബാബ്രി മസ്ജിദ് ധ്വംസനത്തിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിലപാടുകൾ പുസ്തകം തുറന്നു കാണിക്കുന്നു. പ്രകാശനത്തിനു മുമ്പു തന്നെ ഈ ഭാഗങ്ങൾ പുറത്തുവന്നപ്പോൾ വിവാദങ്ങൾ ഉയ൪ന്നിരുന്നു.
1923ൽ പാകിസ്താനിലെ സിയാൽകോട്ടിൽ ജനിച്ച നയ്യാ൪ ലാഹോ൪ സ൪വകലാശാലയിലെ ബിരുദത്തിനുശേഷം ഇന്ത്യ-പാക് വിഭജന കാലത്ത് കുടുംബത്തേടൊപ്പം ദൽഹിയിലേക്കു ചേക്കേറി. 'അഞ്ജാം' എന്ന പത്രത്തിലെ ജോലിയിലൂടെയായിരുന്നു മാധ്യമ രംഗത്തേക്കുള്ള നയ്യാറുടെ അരങ്ങേറ്റം. അദ്ദേഹത്തിന്റെ പംക്തികളും വിശകലങ്ങളും ഏറെ വായിക്കപ്പെടുകയും ച൪ച്ച ചെയ്യപ്പെടുകയുമുണ്ടായി. റോളി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധക൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.