ഒളിമ്പിക്സ്: പുതുദൂരം തേടി പൂനിയ

ന്യൂദൽഹി: സ്വപ്നനേട്ടത്തിലേക്ക് ഇത്തവണ  ഏറു പിഴക്കില്ലെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യൻ ഡിസ്കസ് താരം കൃഷ്ണ പൂനിയ ലണ്ടനിലേക്ക് ചുവടുവെക്കുന്നത്. ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്ന കൃഷ്ണ പൂനിയക്ക്  ഒളിമ്പിക് മെഡൽ ജീവിത സ്വപ്നമാണ്.  അത്ലറ്റിക്സിൽ ഒരു മെഡലെന്ന ഇന്ത്യയുടെ സ്വപ്നത്തിന് ഒളിമ്പിക്സ് ചരിത്രത്തോളം പഴക്കമുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വ൪ണംനേടിയ ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി സ്വന്തമാക്കിയതോടെ ഇത്തവണ ഈ നേട്ടത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നവരിലൊരാൾ ഹരിയാനക്കാരിയായ കൃഷ്ണയാണ്.
ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് പൂനിയ പ്രതീക്ഷകളിലേക്ക് ഡിസ്കസ് എറിയുന്നത്. പൂനിയയുടെ നിലവിലെ മികച്ച ദൂരം 64.76 മീറ്ററാണ്. അമേരിക്കയിലെ വൈലുക്കിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് പൂനിയ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തത്. എന്നാൽ, ഒളിമ്പിക്സിൽ മെഡൽ നേടാൻ 65 മീറ്റ൪ മറികടക്കണമെന്ന തിരിച്ചറിവിൽ കഠിന പരിശ്രമത്തിലാണ് കൃഷ്ണ.
'ഒളിമ്പിക്സ് മെഡൽ എന്റെ ജീവിത സ്വപ്നമാണ്. വിജയം പ്ലാനിങ്ങിലെ സൂക്ഷ്മതയെ ആശ്രയിച്ചിരിക്കും. മറ്റു ഇന്ത്യൻ അത്ലറ്റുകളേക്കാൾ മുമ്പേ ഞാൻ ലണ്ടനിൽ എത്തിയിട്ടുണ്ട്. ഒളിമ്പിക്സിനായിട്ടാണ് ലണ്ടനിലെത്തിയതെന്ന ചിന്ത ഇപ്പോൾ മനസ്സിലില്ല. കാരണം അത് സമ്മ൪ദം വ൪ധിപ്പിക്കും. ലണ്ടനിൽ മെഡൽ സ്വന്തമാക്കണമെങ്കിൽ 65 മീറ്റ൪ മറികടക്കണം. പരിശീലന സമയത്ത് ഈ ദൂരം എത്തിപ്പിടിക്കാനാവുന്നുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ അത്ലറ്റുകൾക്ക് സമ്മ൪ദം ഉണ്ടാകുന്നത് പതിവാണ്. എന്നാൽ, ഇതിനെ  ഫലപ്രദമായി നേരിടാൻ താരങ്ങൾക്ക് സാധിക്കണം.
ഒളിമ്പിക്സ് എന്നത് ഏറ്റവും വലിയ കായിക മാമാങ്കമാണ്. അവിടെ സമ്മ൪ദവും വളരെ വലുതാണ്. സമ്മ൪ദം പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് താനെന്നും കൃഷ്ണ പറഞ്ഞു.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ റാങ്കിങ്ങിൽ കൃഷ്ണ ഒമ്പതാം സ്ഥാനത്താണ്. 68.89 മീറ്റ൪ പ്രകടനവുമായി ജ൪മനിയുടെ നാദിൻ മുള്ളറാണ് ഒന്നാമത്. റാങ്കിങ്ങിൽ പൂനിയക്ക് മുകളിലുള്ളവരെല്ലാം 65 മീറ്റ൪ മറികടന്നവരാണ്. 1976ലെ ഒളിമ്പിക് ചാമ്പ്യൻ മാക് വികിൻസിന് കീഴിലാണ് ഒളിമ്പിക്സിനായി പുനിയയുടെ പരിശീലനം. തന്റെ രണ്ടാം ഒളിമ്പിക്സിനായി ലണ്ടനിലെത്തുന്ന പുനിയ ബെയ്ജിങ്ങിലെ പ്രകടനത്തിൽ നിന്ന് വ്യത്യസ്തമായി ടെക്നിക്കുകളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ലണ്ടനിലെത്തുന്നത്.
'ഏകാഗ്രതയാണ് മികച്ച ദൂരം മറികടക്കാൻ അത്യാവശ്യമായി വേണ്ടത്. ഇതിനായി യോഗയും മറ്റു വ്യായാമങ്ങളും ചെയ്യാറുണ്ട്. നാദിൻ മുള്ളറുടെതോ സാന്ദ്രാ പെ൪കോവിഗിന്റെയോ ബെയ്ജിങ് സ്വ൪ണ മെഡൽ ജേതാവ് സ്റ്റഫാനി ബ്രോൺ ട്രാഫ്റ്റണിന്റെയോ പ്രകടനം അനുകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അനുകരണം സമ്മ൪ദം ചെലുത്തും. ഇന്ത്യക്ക് വേണ്ടി അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ താരമാകുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കോമൺ വെൽത്ത് ഗെയിംസിലെ പ്രകടനത്തിനു ശേഷം ആരാധക൪ക്ക് വൻ പ്രതീക്ഷയാണുള്ളത്. മുൻ ലോക റെക്കോഡ് ജേതാവ് വോൾഫ്ഗാങ് ഷ്മിതും  ഇന്ത്യൻ താരവും 2002ലെ ബൂസാൻ ഏഷ്യൻ ഗെയിംസ് സ്വ൪ണമെഡൽ ജേതാവുമായ നീലം ജസ്വന്ത് സിങ്ങുമാണ് തന്റെ മാതൃകാ താരങ്ങൾ. വോൾഫ്ഗാങ്ങിന്റെ ത്രോയിങ് സ്റ്റൈയിൽ ഏറെ ഇഷ്ടപ്പെടുന്നു.
 ഒളിമ്പിക്സിനായുള്ള മുന്നൊരുക്കത്തിൽ പരിപൂ൪ണ തൃപ്തയാണ്. ഇതിന് സ൪ക്കാറിനോടും അത്ലറ്റിക് ഫെഡറേഷനോടും നന്ദി പറയുന്നു. ഒളിമ്പിക്സിന് യോഗ്യത നേടിയവ൪ക്ക് വിദേശത്ത് പരിശീലനം നടത്താൻ ഇത്തവണ സ൪ക്കാ൪ വലിയ പിന്തുണയാണ് നൽകിയത്'-കൃഷ്ണ പൂനിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.