കൈറോ: ആഗസ്റ്റ് 20ന് ആരംഭിക്കുന്ന തെഹ്റാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മു൪സിക്ക് ഇറാൻ പ്രസിഡന്റ് അഹ്മദി നെജാദിന്റെ ക്ഷണം. മു൪സിയുടെയും മുസ്ലിം ബ്രദ൪ഹുഡിന്റെയും വിജയത്തിൽ അഭിനന്ദനമറിയിക്കാൻ നെജാദ് അദ്ദേഹത്തെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതായി ഈജിപ്ഷ്യൻ ദേശീയ വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. മു൪സി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് നെജാദ് മു൪സിയെ വിളിക്കുന്നത്. അതേസമയം, ക്ഷണം മു൪സി സ്വീകരിച്ചോ എന്നകാര്യം വ്യക്തമല്ല.
ഇറാനിലെ ഫാ൪സ് വാ൪ത്താ ഏജൻസി റിപ്പോ൪ട്ടിൽ മു൪സിയുടേതായി വന്ന അഭിമുഖം വ്യാജമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഇസ്രായേലുമായുള്ള സമാധാന കരാറിനെക്കുറിച്ച് പുനരാലോചിക്കുമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ മു൪സി പറഞ്ഞതായി നേരത്തെ വാ൪ത്താ ഏജൻസി പുറത്തുവിട്ടിരുന്നു. മു൪സിയുടെ പേരിൽ വ്യാജവാ൪ത്ത തയാറാക്കിയതിന് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ പ്രസിഡന്റ് അധികാരമേറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രിക്കായുള്ള അന്വേഷണം രാജ്യത്ത് തുടരുകയാണ്. മന്ത്രിസ്ഥാനങ്ങൾക്കായി രാജ്യത്തെ പല പാ൪ട്ടികളും അവകാശവാദമുന്നയിച്ചതായി ഇൻഡിപെൻഡന്റ് പത്രം റിപ്പോ൪ട്ട് ചെയ്തു. എന്നാൽ, ചെറു പാ൪ട്ടികളുമായി ഭരണം പങ്കിടണമോ എന്നകാര്യത്തിൽ മുസ്ലിം ബ്രദ൪ ഹുഡ് തീരുമാനമെടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭാംഗങ്ങളോട് മൂന്ന് മാസം കൂടി തുടരാൻ മു൪സി ആവശ്യപ്പെട്ടതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.