ഒളിമ്പിക്സ്: ഇന്ത്യയില്‍ നിന്ന് റിലേ ടീമില്ല

ന്യൂദൽഹി: ലണ്ടൻ ഒളിമ്പിക്സിന് ഇന്ത്യയിൽനിന്ന് ഇക്കുറി റിലേ ടീമില്ല. യോഗ്യതാ സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ അത്ലറ്റിക് ഫെഡറേഷനുകളുടെ അന്താരാഷ്ട്ര അസോസിയേഷൻ (ഐ.എ.എ.എഫ്) ഇതിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പുരുഷ, വനിതാ ഇനങ്ങളിലായി 4ഃ100 മീറ്ററിലും 4ഃ400 മീറ്ററിലും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഒരു ടീം പോലും പട്ടികയിലില്ല.
വനിതാ 4ഃ400 മീറ്റ൪ റിലേയിൽ ഇന്ത്യക്ക് ലണ്ടൻ ടിക്കറ്റ് ലഭിക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു. ഈ ഇനത്തിൽ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വ൪ണം നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ, അന്നത്തെ ടീമിൽ അംഗങ്ങളായിരുന്ന അശ്വിനി അകുൻജി, സിനി ജോസ്, മന്ദീപ് കൗ൪ എന്നിവ൪ ഉത്തേജക മരുന്നടിയിൽ കുടുങ്ങി വിലക്ക് നേടിയത് ഇന്ത്യയുടെ ഒളിമ്പിക്സ് പ്രവേശത്തിന് തിരിച്ചടിയാവുകയായിരുന്നു. ടീമിൽ അവശേഷിച്ച അംഗം മൻജീത് കൗറിനോട് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി(നാഡ)യുടെ സമിതി വിരമിക്കാൻ  നി൪ദേശിക്കുകയും ചെയ്തു. ഇതോടെ ഇക്കുറി യോഗ്യത ലഭിച്ച 16 രാജ്യങ്ങളിൽ ഇടംപിടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. 2011 ജനുവരി ഒന്നുമുതൽ 2012 ജൂലൈ രണ്ടു വരെയുള്ള കാലയളവിലെ ഏറ്റവും മികച്ച രണ്ട് പ്രകടനങ്ങളാണ് യോഗ്യതക്കായി പരിഗണിച്ചത്.
അശ്വിനി, സിനി, മന്ദീപ് കൗ൪ എന്നിവരെ ഒരു വ൪ഷത്തേക്കാണ് 'നാഡ' വിലക്കിയത്. ഇതിന്റെ സമയപരിധി അൽപം മുമ്പ് അവസാനിച്ചിരുന്നു. എന്നാൽ, കേസ് തുടരുന്നതിനാൽ,  കായികകാര്യങ്ങൾക്കുള്ള സ്വിറ്റ്സ൪ലൻഡിലെ കോടതിയെ സമീപിക്കുകയും വിലക്ക് തുടരാനുള്ള ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു ഐ.എ.എ.എഫ്.15ാമത്തെ ടീമായാണ് ഇന്ത്യക്ക്  2008ലെ ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത ലഭിച്ചത്.


'ക്രിക്കറ്റിന്റെ മക്ക'യിൽ ഒളിമ്പിക്സ് വില്ലുകുലക്കും

ലണ്ടൻ: പ്രമുഖ കായിക ഇനമായിട്ടും ക്രിക്കറ്റിന്റെ ഒളിമ്പിക്സ് പ്രവേശം മരീചികയായി തുടരുകയാണ്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോ൪ഡ്സും ഇക്കുറി ഒളിമ്പിക്സിന് വേദിയാവുമ്പോൾ തീ൪ച്ചയായും ബാറ്റും പന്തും 'മിസ് ചെയ്യും' ആരാധക൪ക്ക്. എങ്കിലും ഇവിടെ നടത്താൻ നിശ്ചയിച്ച അമ്പെയ്ത്ത് മത്സരങ്ങളെ ആവേശപൂ൪വം വരവേൽക്കാൻ കാത്തിരിക്കുകയാണ് ലോ൪ഡ്സ്.
അമ്പെയ്ത്തും ലോ൪ഡ്സും പ്രണയബദ്ധരായിരിക്കുന്നു- പറയുന്നത് അന്താരാഷ്ട്ര അമ്പെയ്ത്ത് സംഘടനയുടെ സെക്രട്ടറി ജനറൽ ടോം ഡീലൻ. കഴിഞ്ഞ വ൪ഷം ഇവിടെ ചില ടെസ്റ്റ് മത്സരങ്ങൾ നടന്നു.  ഒളിമ്പിക്സിൽ നിറഞ്ഞ പിന്തുണയുമായി കാണികളെത്തുമെന്നാണ് ഡീലന്റെ പ്രതീക്ഷ.
ദക്ഷിണകൊറിയക്കാണ് കഴിഞ്ഞ കുറേക്കാലമായി ഈ ഇനത്തിൽ മുൻതൂക്കം. അരനൂറ്റാണ്ടുകാലത്തെ വനവാസത്തിനുശേഷം അമ്പെയ്ത്ത് 1972ലെ ഒളിമ്പിക്സിൽ തിരിച്ചെത്തിയതിനുശേഷം അവ൪ ഇതുവരെ 18 സ്വ൪ണം നേടി. 2008ൽ ബെയ്ജിങ്ങിൽ അൽപം നിറംമങ്ങിയെങ്കിലും തുട൪ന്ന് നടന്ന ലോക ചാമ്പ്യൻഷിപ്പുകളിലൂടെ കൊറിയക്കാ൪ പ്രതാപം വീണ്ടെടുത്തു. വനിതാ വിഭാഗത്തിൽ കനത്ത വെല്ലുവിളിയുമായി ഇന്ത്യ രംഗത്തുണ്ട്. ബൊംബയ്ലാ ദേവി, ദീപികാകുമാരി, ചെക്രോവ്ലൂ സ്വൂറോ എന്നിവ൪ ഇക്കുറി ഇന്ത്യക്കുവേണ്ടി വില്ലുകുലക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ വ്യക്തിഗത, ടീം ഇനങ്ങളിലായി നാല് ടൂ൪ണമെന്റുകളാണ് ഒളിമ്പിക്സിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.