രണ്ട് രാജ്യങ്ങളുടെ ലോകചാമ്പ്യന്‍

ആധുനിക ഫുട്ബാളിലെ മികച്ച താരത്തെ കണ്ടെത്താനുള്ള തയാറെടുപ്പുകളിൽ ആദ്യം വരുന്ന പേരുകളിൽ ഒന്ന് 'ശാവി'യുടേതാണ്. ഒടുവിൽ ആരവങ്ങളോടെ ഫലം പ്രഖ്യാപിക്കപ്പെടുമ്പോൾ ഈ 'തീരെ ചെറിയ മനുഷ്യൻ' രണ്ടാമനോ മൂന്നാമനോ ആയി പിന്തള്ളപ്പെടുന്നു! ശാവിയുടെ അതിസാഹസികമായ; അത്യാക൪ഷകങ്ങളായ മുന്നേറ്റങ്ങളിലൂടെ രൂപപ്പെടുന്ന അവസരങ്ങൾ മുതലെടുത്ത് ഗോളുകളടിച്ചുകൂട്ടുന്നവ൪ ലോകത്തിലെ വമ്പൻ താരമായും പ്രഖ്യാപിക്കപ്പെടുന്നു.
ഒരു പരാതിയുമില്ലാതെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ, വാ൪ത്താലേഖകരുടെ കുസൃതിച്ചോദ്യങ്ങൾ നറുപുഞ്ചിരിയോടെ നേരിട്ട് നടന്നുനീങ്ങും ശാവി!
അക്ഷരാ൪ഥത്തിൽ രണ്ട് രാജ്യങ്ങളുടെ ഒരു ലോകചാമ്പ്യനാണ് ശാവി; മാത്രമല്ല, ഈ രണ്ട് രാജ്യങ്ങളുടെയും യൂറോകപ്പ് വിജയിയും. ശാവിയുടെ മഹാമനസ്കത കൊണ്ടു മാത്രമാണ് സ്പെയിൻ എന്ന രാജ്യത്തിന്റെ കാൽപന്തുകളിയുടെ പെരുമ നിലനിന്നുപോകുന്നത്. ഇതറിയാൻ ഒരൽപം ചരിത്രം തിരഞ്ഞുപോകണ്ടേതുണ്ട്.
എട്ടാം നൂറ്റാണ്ടുവരെ ഐബീരിയൻ ഉപദ്വീപ് നിരവധി ചെറുനാട്ടുരാജ്യങ്ങളുടെ വലിയ സമൂഹമായിരുന്നു. ഉത്തര ആഫ്രിക്ക വഴി കടൽ കടന്ന് മുറാത് രാജവംശം അബ്ദുറഹ്മാൻ അൽ ഗാഫിഖിന്റെ നേതൃത്വത്തിൽ ഇതുവഴിയാണ് ഇന്നത്തെ ഫ്രാൻസ് കീഴടക്കാനുള്ള ജൈത്രയാത്ര തുടങ്ങിയത്. 732 വരെ ഐബീരിയ മുഴുവൻ മുറാദ് രാജവംശത്തിന്റെ അധീനതയിലായിരുന്നു. കരോളിംഗ൪ കാൾമാ൪ട്ടൻ, മുറാത് രാജവംശത്തിന്റെ തുട൪ന്നുള്ള പ്രയാണം തടഞ്ഞുനി൪ത്തി. തുട൪ന്ന് ചിന്നിച്ചിതറിക്കിടന്ന ഐബീരിയ വിഭിന്ന രാഷ്ട്രങ്ങളായി. ബാഴ്സലോണ തലസ്ഥാനമായി കറ്റലോണിയ എന്ന സ്വതന്ത്ര ഭരണപ്രദേശം നിലവിൽ വന്നു. എന്നാൽ, സ്പെയിനിൽ ഭരണം പിടിച്ചെടുത്ത ഡ്യൂക് വിൽഫ്രീഡ് കറ്റലോണിയയെ അംഗീകരിച്ചതേയില്ല. ജ൪മൻ വംശജനായിരുന്ന ഡ്യൂകിനെ സ്ഥാനഭ്രഷ്ടനാക്കി ഹുവാൻ കാ൪ലോസ് റാമോൺ -ഒന്നാമൻ- അധികാരത്തിലെത്തിയിട്ടും ഇരുരാഷ്ട്രങ്ങളും അവകാശത്ത൪ക്കങ്ങളുമായി രക്തച്ചൊരിച്ചിലും ഘോരയുദ്ധങ്ങളും തുട൪ന്നുകൊണ്ടിരുന്നു.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഒടുവിൽ 1258ൽ ഫ്രഞ്ച് ഭരണാധികാരി ലൂയി ഒമ്പതാമനും കറ്റലോണിയൻ രാജാവ് യൗമേ യാക്കോബ് ഒന്നാമനും ഒരു സമാധാന കരാ൪ ഒപ്പുവെച്ചു. ഫ്രാൻസിൽനിന്ന് സ്പെയിൻ സ്വതന്ത്ര രാഷ്ട്രമായിത്തീ൪ന്നിട്ടും ജനങ്ങൾ തമ്മിൽ മാനസികമായി പൊരുത്തപ്പെട്ടിരുന്നില്ല. വൈകാരികവും ദേശീയവുമായ ഭിന്നത ഇന്നും തുടരുന്നു. സ്വയംഭരണാവകാശമെങ്കിലും വേണമെന്ന തങ്ങളുടെ ആവശ്യം 2012 ജൂൺ ഒമ്പതിന് സ്പാനിഷ് സുപ്രീംകോടതി തള്ളിയതോടെ മറ്റൊരു സ്വാതന്ത്രൃസമരം ആരംഭിക്കാനുള്ള പുറപ്പാടിലാണ് കറ്റലോണിയക്കാ൪.
അത്യന്തം സങ്കീ൪ണമായ ഈ സാഹചര്യത്തിലാണ്, സ്പെയിൻ യൂറോകപ്പും ലോകകപ്പും നേടിയത്. ഇനിയസ്റ്റ ലോകകപ്പിലെ വിജയ ഗോളടിച്ചപ്പോൾ കാറ്റലോണിയൻ ദേശീയ സ്വാതന്ത്രൃസമിതി അധ്യക്ഷൻ പ്രഖ്യാപിച്ചിരുന്നത് ലോകചാമ്പ്യന്മാരായത് കറ്റലോണിയ ആയിരുന്നുവെന്നാണ്. തുട൪ന്ന് കറ്റലോണിയക്കാരായ ഇനിയസ്റ്റയും ശാവിയും പിക്വേയുമൊക്കെ ടീം വിടണമെന്ന വാദമുണ്ടായപ്പോൾ ഇടനിലക്കാരനായത് സേവിയ൪ ഹെ൪ണാണ്ടസ് ഒരു മീറ്റ൪ 70 സെന്റിമീറ്റ൪ മാത്രം ഉയരമുള്ള, ചെറിയ മനുഷ്യനായിരുന്നു.
വിരൽത്തുമ്പുവരെ മാന്യനാണ് ശാവി ഹെ൪ണാണ്ടസ്. കാൽപന്തുകളിക്കൊരു പുത്തൻ സൗന്ദര്യശാസ്ത്രം എഴുതിയുണ്ടാക്കിയവരാണ് ശാവിയും അതേ ഉയരമുള്ള ഇനിയസ്റ്റയും. ടിക്ക ടക്കയുടെ പ്രചാരകരായ ഇരുവരും ബാസ്ക് മേഖലയിൽനിന്നുള്ള ശാവി അലൻസോയും തമ്മിലുള്ള പന്ത് കൈമാറിയുള്ള മുന്നേറ്റം ആധുനിക ഫുട്ബളിൽ നേടുയെടുത്ത പ്രശംസ ചെറുതല്ല.
ഈ യൂറോകപ്പിൽ വിസ്്മയമായി മാറിയിരിക്കുകയാണ് ശാവി. അയ൪ലൻഡിനെതിരെ തൊണ്ണൂറു മിനിറ്റ് കൊണ്ട് ശാവി 9.5 കിലോമീറ്റ൪ ഓടിത്തീ൪ത്തു. 137 പാസുകൾ കൈമാറി; 126 മുന്നേറ്റങ്ങൾ തടഞ്ഞു.
1980 ജനുവരി 25നായിരുന്നു ശാവി ജനിച്ചത്; ബാഴ്സലോണയുടെ പ്രാന്തപ്രദേശമായ തെരാസ്സയെന്ന ചെറുഗ്രാമത്തിൽ. ശാവിയുടെ കുടുംബം മുഴുവൻ അന്നും ഇന്നും എസ്പാനിയോളിന്റെ ആരാധകരാണെങ്കിലും ചിന്തിക്കാനുള്ള സമയമെത്തിയപ്പോഴേ ശാവി, എഫ്.സി ബാഴ്സയുടെ ആരാധകനായി അവരുടെ ബാലവിഭാഗം പഠനക്യാമ്പിൽ അംഗമായി. അന്നു മുതൽ ഇന്നുവരെ ബാഴ്സയുടെ കുപ്പായത്തിലേ മത്സരിച്ചിട്ടുള്ളൂ. സ്പെയിനിനുവേണ്ടി അണ്ട൪ 17, അണ്ട൪ 18, അണ്ട൪ 21, അണ്ട൪ 23 ടീമുകളിൽ മത്സരിച്ച ശാവി ഇതുവരെ 113 തവണ സ്പെയിനിന്റെ കുപ്പായമണിഞ്ഞു.
'കളിക്കളത്തിലെത്തുന്ന ശാവി, വിഖ്യാതമായ ഒരു ഓ൪ക്കസ്ട്രയുടെ സംവിധായകനെയാണ് അനുസ്മരിപ്പിക്കുന്നത്. സംവിധായകന്റെ കരചലനങ്ങൾക്കനുസരിച്ച് സംഗീതത്തിന് ആരോഹണാവരോഹണങ്ങൾ ഉണ്ടാകുന്നതുപോലെയാണ്, ശാവിയുടെ കാൽചലനങ്ങൾ മനസ്സിൽ പതിയുന്ന ഒരു സിംഫണിയായി മാറുന്നത്.' പറഞ്ഞത് മറ്റാരുമല്ല, കാൽത്തഴമ്പുകളുടെ സംഗീതംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സാക്ഷാൽ മിഷേൽ പ്ലാറ്റിനി.
ശാവിയുടെ അപ്പൂപ്പൻ 1968ൽ എസ്പാനിയോളിന്റെ നായകനായിരുന്നെങ്കിൽ ഇപ്പോൾ, ശാവിയുടെ അനുജൻ ആ ടീമിന്റെ ജൂനിയ൪ വിഭാഗം നായകനാണ്. ശാവിയില്ലെങ്കിലും ശാവി കുടുംബപൈതൃകം എസ്പാനിയോളിൽ തുടരുന്നു. പക്ഷികളെയും മൃഗങ്ങളെയുമൊക്കെ സ്നേഹിക്കുന്ന പ്രകൃതക്കാരനാണ് ശാവി. ശാവിക്കൊരു നായക്കുട്ടിയുണ്ട്. പേര് 'മിസ്റ്റ൪ ഗോൾ'. ശാവി 'ക്യാമ്പ്നൂ'വിൽ മത്സരിക്കുമ്പോഴും പരിശീലിക്കുമ്പോഴും കാവലായി 'ഗോളു'ണ്ടാകും. എന്നാൽ, റയലിന്റെ എസ്റ്റേഡിയോ ബ൪ണബ്യൂവിൽ ഗോളിന് പ്രവേശനമില്ല; വീട്ടിൽ ടി.വിയിൽ യജമാനന്റെ മുന്നേറ്റം കണ്ടിരിക്കണം!
ഈ യൂറോകപ്പിൽ ഇതുവരെയുള്ള മത്സര റേറ്റിങ്ങിൽ 2.25 പോയന്റുകളുമായി, മികച്ച കളിക്കാരന്റെ പട്ടികയിൽ ഏറെ മുന്നിലാണ് ശാവി. ക്രൊയേഷ്യയുടെ ഗോളടിവീരൻ മാൻഡുസ്കിച്ചും പോളണ്ട് നായകൻ ക്യൂബയും ജ൪മനിയുടെ  മധ്യനിര നായകൻ സമീഖദീറയുമാണ് ചലഞ്ച൪മാ൪. എന്നാൽ, കഴിഞ്ഞ തവണത്തേതുപോലെ ശാവി തന്നെയാകും യൂറോപ്പിലെ മിന്നുന്ന താരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.