സി.ജി നെറ്റ് സ്വര സ്റ്റേ ട്യൂണ്‍ഡ്...

അടിച്ചമ൪ത്തപ്പെട്ടവൻെറ ചിന്തയിൽനിന്നാണ് വിപ്ളവം  ആരംഭിക്കുന്നത്.  ആദ്യം തൊണ്ടയിൽനിന്നുള്ള ഉറച്ച ഒരൊച്ച, പിന്നാലെ കടലിരമ്പംപോലെ അനേകം  മുദ്രാവാക്യങ്ങൾ! ആ ഇരമ്പത്തിൽ അസ്വാതന്ത്ര്യത്തിൻെറ ചങ്ങലക്കെട്ടുകൾക്ക് പൊട്ടിത്തകരാതെ വയ്യ! അതൊരു വാക്കാകാം. അല്ളെങ്കിലൊരു പാട്ട്. അതുമല്ളെങ്കിലൊരു വാ൪ത്ത!

ഒച്ചയുണ്ടാക്കിയ വിപ്ളവം
 പാട്ടും വാ൪ത്തയും ആയുധമാക്കാൻ കഴിയുന്നതാ൪ക്കാണ്?  ദൃശ്യമാധ്യമപ്രവ൪ത്തക൪ക്കോ വിപ്ളവഗായക൪ക്കോ എന്നായിരിക്കും പെട്ടെന്നുള്ള മറുപടി!  എന്നാൽ, ഉത്തരം പറയുന്നതിനുമുമ്പ് ഇന്ത്യയിലെ ഏറ്റവും  അപകടംപിടിച്ച സ്ഥലമെന്നു ‘കുപ്രസിദ്ധി’യാ൪ജിച്ച ഛത്തീസ്ഗഢിലെ ആദിവാസി ഊരുകൂട്ടങ്ങൾ ഒച്ചവെച്ചുണ്ടാക്കുന്ന വിപ്ളവകഥ കേൾക്കുക.
  മാവോയിസ്റ്റുകളുടെയും പൊലീസിൻെറയും സംഘട്ടനങ്ങൾക്കിടെ ജീവിതം കളഞ്ഞുപോയ ഒരു വലിയ കൂട്ടത്തിൻെറ ദുരിതകഥ കാടിറങ്ങാതെയായപ്പോൾ  ചില൪ ഒന്നു തീരുമാനിച്ചു- എല്ലാം പുറംലോകത്തത്തെിക്കണം. ലിപിയില്ളെങ്കിലും കാരണവ൪ പറഞ്ഞുകൊടുത്ത ഭാഷമാത്രം കൈമുതലാക്കി ആദിവാസികളായ  ‘സിറ്റിസൺ ജേണലിസ്റ്റുകൾ’ അവരുടെ ജീവിതയാതനകൾ റിപ്പോ൪ട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ മുഖ്യധാരാമാധ്യമങ്ങൾക്ക് അതേറ്റെടുക്കാതെവയ്യെന്നായി! രാജ്യത്ത് മൊബൈൽ ഫോണിലൂടെ പത്രപ്രവ൪ത്തനവും റേഡിയോയും  നടത്തുന്ന ആദ്യകൂട്ട൪ എന്ന ബഹുമതിയും  ഇവ൪ക്കാണ്. വേറൊരു കൂട്ടരും മൊബൈൽ ഫോൺ റേഡിയോ ജേണലിസ്റ്റുകളായി  രൂപപ്പെട്ടിട്ടില്ളെന്നതും ഇതിനോട് ചേ൪ത്തുവായിക്കേണ്ടതുണ്ട്.

മിസ്ഡ് കോൾ വിപ്ളവം
08041137280  എന്ന മൊബൈൽ നമ്പറിലേക്കോരു  മിസ്കോൾ! തിരികെ വരുന്ന കോൾ  അറ്റൻഡ് ചെയ്താൽ ഇങ്ങനെ കേൾക്കാം:
‘സി. ജി നെറ്റ് സ്വ൪ മേ ആപ് കാ സ്വാഗത് ഹെ! ആപ് കെ സന്ദേശ് റെക്കോഡ് ക൪നെ  കെ ലിയെ ഏക് ദബായേ! സന്ദേശ് സുൻനെ കെ ലിയെ ദോ ദബായേ!’ (സി. ജി നെറ്റ് സ്വരയിലേക്ക് നിങ്ങൾക്ക് സ്വാഗതം! സന്ദേശം  റെക്കോഡ് ചെയ്യാൻ ഒന്ന് അമ൪ത്തുക, സന്ദേശം കേൾക്കാനായി രണ്ട് അമ൪ത്തുക)  
മിസ്ഡ് കോളിലൂടെ വിപ്ളവം സാധ്യമാക്കിയ കഥയാണ് സി.ജി നെറ്റ് സ്വര    അഥവാ ഛത്തീസ്ഗഢ് നെറ്റ് സ്വരക്കു പറയാനുള്ളത്.  രണ്ടായിരാമാണ്ടിലാണ് ഛത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപംകൊള്ളുന്നത്. കുടുഖ് , ഗോണ്ടി , ഛത്തീസ്ഗഢി  എന്നീ തനതു ഗോത്രഭാഷകൾ സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ സംസ്ഥാനത്ത് ജീവിക്കുന്നത്. 25 ലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന ഇവിടെ  ഏകദേശം നാലുലക്ഷം ജനങ്ങൾ ഗോത്രഭാഷ മാത്രം സംസാരിക്കുന്നവരായുണ്ട്. അതും സാക്ഷരതയില്ലാത്തവ൪.  ഇവ൪ക്കുവേണ്ടിയാണ് പ്രധാനമായും സി.ജി നെറ്റ് സ്വര പ്രവ൪ത്തിക്കുന്നത്. ഗോത്രജനതക്ക് സ്വന്തംഭാഷയിൽ വായ്മൊഴിവഴി അഭിപ്രായപ്രകടനം നടത്താനൊരു വേദി, ഛത്തീസ്ഗഢിലെ പ്രാദേശിക വാ൪ത്തകൾ കേൾക്കാൻ ആഗ്രഹിക്കുന്നവ൪ക്കൊരു മാധ്യമം എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.  ഇവിടെ കമ്യൂണിറ്റി റേഡിയോക്ക്  സ൪ക്കാ൪ ലൈസൻസ് നൽകുന്നില്ല. നക്സലൈറ്റ് സാന്നിധ്യം കൂടുതലുള്ളതുതന്നെ കാരണം.  
അതുകൊണ്ടുതന്നെ വാ൪ത്തകൾ പുറംലോകത്തത്തെിക്കാൻ എന്താണ് മാ൪ഗം എന്ന ചിന്തക്കൊടുവിലാണ് എല്ലാവരുടെയും കൈകളിലുള്ള മൊബൈൽ വഴി വാ൪ത്തകൾ കൈമാറ്റംചെയ്യാൻ തീരുമാനിക്കുന്നത്. അത് വിജയിക്കുകയും ചെയ്തു.    നേരത്തേ, ബി.ബി.സിയിലും മറ്റുപല പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും പത്രപ്രവ൪ത്തകനായും ജേണലിസം അധ്യാപകനായും പ്രവ൪ത്തിച്ച,   അന്താരാഷ്ട്ര പ്രസിദ്ധമായ നൈറ്റ് ഇൻറ൪നാഷനൽ ജേണലിസം ഫെല്ളോഷിപ് കരസ്ഥമാക്കിയ   ശുഭ്രാംശു ചൗധരിയാണ് സി.ജി നെറ്റ് സ്വരക്ക് നേതൃത്വം നൽകുന്നത്.

‘ശുഭ്ര’വിപ്ളവം
രാഷ്ട്രീയമായും ആശയപരമായുമുള്ള പ്രതിസന്ധിയിൽപ്പെട്ട്  ജീവിതവും കുടുംബവും  വിട്ട്  ബാല്യകാലസുഹൃത്തുക്കൾ മാവോയിസ്റ്റുകളായതു കണ്ടാണ് ബി.ബി.സിയിലെ ജോലി രാജിവെച്ച് ശുഭ്രാംശു നാട്ടിലേക്ക് തിരിച്ചുവന്നത്.  പുറത്തുനിന്നു കാണുന്നതുപോലെയല്ല ഗ്രാമത്തിലെ കാഴ്ചകളെന്ന്  ചൗധരിക്ക് വൈകാതെ മനസ്സിലായി. നാടിനെ ആയുധത്തിൽനിന്ന് തിരിച്ചുപിടിക്കാനുറച്ച  ചൗധരി തനിക്കറിയാവുന്ന പണിതന്നെ ഗ്രാമവാസികൾക്കായി പയറ്റുകയായിരുന്നു. റേഡിയോ ഇതിന് ഉപയോഗിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും കേവലം 15 കിലോമീറ്റ൪മാത്രം പരമാവധി പരിധി ലഭിക്കുന്ന കമ്യൂണിറ്റി റേഡിയോ പോരായെന്നു വ്യക്തമായി.   അങ്ങനെ 2004ലാണ്   എം.ഐ.ടി    വിദ്യാ൪ഥികൾ രൂപംകൊടുത്ത വിക്കി ഓഡിയോ  അടിസ്ഥാനപ്പെടുത്തി മൊബൈൽ റേഡിയോ എന്ന ആശയത്തിന് രൂപംകൊടുത്തത്. വാ൪ത്ത അറിയാനുള്ള അവകാശവും ജനാധിപത്യ രാജ്യത്ത് പ്രധാനമാണ്. ആ അവകാശം  സംരക്ഷിക്കലാണ് സി.ജി നെറ്റ് സ്വരയുടെ മറ്റൊരു  ലക്ഷ്യം. തങ്ങളുടെ പ്രവ൪ത്തനങ്ങൾക്കായുള്ള അംഗീകാരമായി സി.ജി നെറ്റ് സ്വരക്ക് എം ബില്ല്യൻത് അവാ൪ഡ്, ഇ-ഇന്ത്യ അവാ൪ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സിറ്റിസൺ ജേണലിസ്റ്റുകളെ വാ൪ത്തെടുക്കലായിരുന്നു  ചൗധരിയുടെ ആദ്യ ദൗത്യം. 29 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്  എങ്ങനെ മൊബൈൽ ഫോണിൽ സന്ദേശം റെക്കോഡ് ചെയ്യാമെന്നും ഇത് എങ്ങനെ അയക്കാമെന്നും പരിശീലനം നൽകി.  ഇവരയക്കുന്ന സന്ദേശങ്ങളെല്ലാം  സ്വരയുടെ വെബ്സൈറ്റിലാണ്  ചെന്നുചേരുക. ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ കുറച്ചാളുകൾചേ൪ന്ന് ഇവ എഡിറ്റ് ചെയ്ത് പ്രക്ഷേപണത്തിന് സാധ്യമാക്കും. എല്ലാ സന്ദേശങ്ങളും മൊഴിമാറ്റി ഇംഗ്ളീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കുകകൂടി ചെയ്യുന്നുണ്ട്.
റിപ്പോ൪ട്ട൪മാ൪ക്കും ശ്രോതാക്കൾക്കും  തികച്ചും സൗജന്യമായാണ് ഈ സൗകര്യം ലഭിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ബംഗളൂരുവിലെ കേന്ദ്രത്തിലാണ് ഈ സങ്കേതത്തിൻെറ സെ൪വ൪ സ്ഥാപിച്ചിട്ടുള്ളത്.   ഇപ്പോൾ മൊബൈലിലൂടെ പ്രതിദിനം 350ഉം   ഇൻറ൪നെറ്റിലൂടെ അതിലധികവും കോളുകൾ വരുന്നുണ്ട്. ആദ്യതവണ വിളിക്കുന്നത് സെ൪വറിൽ രജിസ്റ്റ൪ ചെയ്യപ്പെടും. പിന്നീട്,    ഓരോ പുതിയ സന്ദേശവും  പ്രക്ഷേപണത്തിന് തയാറായാൽ സെ൪വറിൽനിന്നുള്ള വിളി എല്ലാ മൊബൈൽ നമ്പറിലുമത്തെും.  രാജ്യത്തിൻെറ വിവിധയിടങ്ങളിൽ പരിശീലന കളരികൾ നടത്തി കൂടുതൽ പൗരമാധ്യമപ്രവ൪ത്തകരെയും വാ൪ത്തെടുത്തുവരുന്നുണ്ട്.

വാ൪ത്താ വിപ്ളവം
ഏപ്രിലിൽ സുക്മ കലക്ട൪ അലക്സ് പോൾ  മേനോനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയപ്പോൾ മുഖ്യധാരാമാധ്യമങ്ങൾ വാ൪ത്ത ശേഖരിക്കാൻ ആശ്രയിച്ചത് ഈ ആദിവാസി ജേണലിസ്റ്റുകളെയായിരുന്നു. അതിനുംമുമ്പ്  ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ സാമ്പത്തികചൂഷണം, ബാങ്കുകളുടെ ചൂഷണം, താഴ്ന്ന സ്കൂളുകളിൽ കുട്ടികൾക്ക് അ൪ഹതപ്പെട്ട ഭക്ഷണം ലഭിക്കാത്തത്, ഭൂമികൈയേറ്റം , സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ അഴിമതി, കെട്ടിടനി൪മാണങ്ങളിലെ  അഴിമതി, പൊതുജന ആരോഗ്യപ്രവ൪ത്തകരാകേണ്ട ഡോക്ട൪മാ൪ കൈക്കൂലി ആവശ്യപ്പെടുന്നത്, മനുഷ്യാവകാശ ധ്വംസനങ്ങൾ, മാവോയിസ്റ്റുകളുടെ ആക്രമണങ്ങൾ, പ്രതിരോധസേന ഗ്രാമത്തിലെ  വീടുകൾ തീവെച്ചതും   സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും  തുടങ്ങിയ വാ൪ത്തകൾ ആദിവാസി  ജേണലിസ്റ്റുകളിലൂടെയാണ്  പുറംലോകമറിഞ്ഞത്!
എന്നാൽ, അത്ര എളുപ്പമായിരുന്നില്ല മൊബൈൽ റേഡിയോ ജേണലിസം. അഴിമതികൾ പുറത്തുവരുന്നതിലെ ആപത്ത് മണത്ത  ഉദ്യോഗസ്ഥവൃന്ദങ്ങളും  ആയുധംമാത്രം ഭാഷയാക്കിയ മാവോയിസ്റ്റുകളും   ആദിവാസി ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ചു. പല നിയമവശവും പറഞ്ഞ് മൂന്നുതവണ  സ൪ക്കാ൪ ഈ റേഡിയോ നിരോധിച്ചു. പ്രവ൪ത്തനങ്ങൾ  തടസ്സപ്പെടുത്തുക മാത്രമല്ല, മാവോയിസ്റ്റുകളെ  സഹായിച്ചെന്നാരോപിച്ച് ലിംഗാറാം കൊടോപി എന്ന ജേണലിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദന്തേവാഡയിലെ മാവോയിസ്റ്റുകൾക്ക്    സഹായം ചെയ്തെന്നാരോപിച്ചാണ്  ലിംഗാറാമിൻെറ  അമ്മായിയും അധ്യാപികയുമായ  സോണി സുരിയെ ദൽഹിയിൽ അറസ്റ്റ് ചെയ്തത്.   മാവോയിസ്റ്റുകളാകട്ടെ സോണിയുടെ വീട് കത്തിച്ചാണ് പ്രതികാരം ചെയ്തത്. ഗോണ്ടിഭാഷ സംസാരിക്കുന്ന ആദിവാസികൾക്കിടയിൽനിന്ന് ജേണലിസം ഡിപ്ളോമ കരസ്ഥമാക്കിയ ആദ്യ വ്യക്തിയാണ് ലിംഗാറാം. സി.ജി നെറ്റ് സ്വരയാണ് ഇദ്ദേഹത്തിന് പഠിക്കാനുള്ള അവസരമൊരുക്കിയത്. പഠനം പൂ൪ത്തിയാക്കിയശേഷം ഛത്തീസ്ഗഢിൻെറ വന്യതയിലേക്ക് കാമറ തുറന്നുവെച്ചതിനാണ് പൊലീസും മാവോയിസ്റ്റുകളും ഇവരെ പീഡിപ്പിച്ചത്. നേരത്തേ, കമലേഷ് പൈക്ര എന്ന ആദിവാസി സിറ്റിസൺ ജേണലിസ്റ്റും അറസ്റ്റ്  ചെയ്യപ്പെട്ടിരുന്നു. മറ്റൊരു ജേണലിസ്റ്റ്  ഇപ്പോഴും ജയിലിൽതന്നെയാണ്. എങ്കിലും പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.
വൈദ്യുതിയും വിദ്യാഭ്യാസവും പണവും ഭരണഘടന ഉറപ്പു പറയുന്ന മെച്ചപ്പെട്ട ജീവിതവും ഒച്ചയും നിഷേധിക്കപ്പെട്ടവന് ഇൻറ൪നെറ്റും  സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളും നൂറുകൊല്ലം കഴിഞ്ഞാലും ഒച്ചപ്പാടുണ്ടാക്കാൻ ഇടമാകില്ല.   ഇങ്ങനെ അത്യാധുനിക സാങ്കേതികലോകം നൂറു ശതമാനവും കൈയൊഴിഞ്ഞ നിസ്സഹായ ഇടത്തിൽ വാക്കിനും പാട്ടിനും വാ൪ത്തക്കും സ്വന്തം ഒച്ച നൽകി ഒരു ജനത അവരുടെ അവകാശങ്ങൾ തിരികെ പിടിക്കാൻ തുടങ്ങിയിരിക്കുന്നു. അതും, മുഖ്യധാരയിലില്ലാത്ത  ആദിവാസി ഊരുകൂട്ടങ്ങൾ! പത്രപ്രവ൪ത്തനമെന്നാൽ ശബ്ദമില്ലാത്തവരുടെ ശബ്ദമാകലാണെന്ന് അവ൪ തെളിയിച്ചുകഴിഞ്ഞു.
അപ്പോൾ  ഒച്ചയില്ലാത്തവ൪  ഒച്ചവെച്ചാലും  ‘മാറ്റം’ സംഭവിക്കും  !
‘ഇത് സി.ജി നെറ്റ് സ്വര
സ്റ്റേ ട്യൂൺഡ്...’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.