പത്തനംതിട്ട: രാഷ്ട്രീയ കേരളത്തിൽ നീറിപ്പുകയുന്ന ശബരിമല സ്വർണക്കൊള്ളയുടെയും രാഹുൽ വിഷയത്തിന്റെയും പ്രഭവകേന്ദ്രമായ മാമലനാട്ടിൽ തദ്ദേശപ്പോരിന് കടുപ്പം. യു.ഡി.എഫ് കോട്ടയെന്ന വിശേഷണമുണ്ടായിരുന്ന പത്തനംതിട്ടയെ അടിമുടി ചുവപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2020ലേത്. തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു യു.ഡി.എഫിന് നേരിടേണ്ടിവന്നത്. ഇതിൽനിന്ന് തിരിച്ചുകയറാനുള്ള ശ്രമം ഏറെക്കുറെ വിജയത്തിലെത്തുമെന്ന് ഉറപ്പിക്കാം.
കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ നാല് സീറ്റുകളിൽ ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ നില മെച്ചപ്പെടുത്തും. അവസാനലാപ്പിൽ ഇടത്- വലത് മുന്നണികൾ ഒപ്പത്തിനൊപ്പമെന്നതാണ് ജില്ല പഞ്ചായത്തിലെ മത്സരചിത്രം. നാല് നഗരസഭകളിൽ അടൂരിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം. തിരുവല്ലയിൽ യു.ഡി.എഫിനും പത്തനംതിട്ടയിൽ എൽ.ഡി.എഫിനും നേരിയ മുൻതൂക്കമുണ്ട്. എന്നാൽ, വ്യക്തമായ ഭൂരിപക്ഷം അകന്നുനിന്നേക്കാം. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പന്തളത്ത് എൻ.ഡി.എക്ക് അത്ര പന്തിയല്ല കാര്യങ്ങൾ. എൽ.ഡി.എഫ് ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം ബി.ജെ.പിയിലെ വിഭാഗീയതയും ഇവരുടെ സീറ്റെണ്ണം കുറക്കാം.
ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഏഴ് ബ്ലോക്കുകൾ സ്വന്തമാക്കിയപ്പോൾ യു.ഡി.എഫ് ഒന്നിൽ ഒതുങ്ങിയിരുന്നു. ഇത്തവണ കീഴ്മേൽ മറിഞ്ഞേക്കാമെന്നാണ് വിലയിരുത്തലുകൾ. ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിന് നേരിയ മേധാവിത്തമാണ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലുള്ളത്. യു.ഡി.എഫ് ഒട്ടും പിന്നിലല്ലാതെയുണ്ട്. വലിയൊരുശതമാനം പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായേക്കാം. താഴേത്തട്ടിൽ എൽ.ഡി.എഫ് പ്രവർത്തകർ സജീവമായിരുന്നെങ്കിൽ യു.ഡി.എഫ് ക്യാമ്പിൽ പലയിടങ്ങളിലും പ്രവർത്തകരുടെ അഭാവം നിഴലിച്ചു. പണത്തിളക്കിൽ പ്രചാരണം കെഴുപ്പിച്ച എൻ.ഡി.എ കഴിഞ്ഞതവണത്തേക്കാൾ സീറ്റുകൾ വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.