ഡോണെസ്ക്: പോ൪ചുഗലിൻെറ മുന്നിൽ രണ്ട് അതിരുകളേയുള്ളൂ. സ്പെയിനും നോ൪ത് അത്ലാൻറിക് സമുദ്രവും. യൂറോപ്പിൻെറ വിഭിന്ന മേഖലകളിലേക്ക് കരമാ൪ഗം പ്രയാണംചെയ്യാൻ പറങ്കികൾക്ക് സ്പെയിനിൻെറ മണ്ണ് മറികടന്നേ മതിയാകൂ. നാളെ ലോകചാമ്പ്യന്മാ൪ക്കെതിരെ യൂറോകപ്പിൻെറ ആദ്യ സെമിഫൈനലിൽ കളത്തിലിറങ്ങുമ്പോൾ ഈ ജീവിത പാഠം പോ൪ചുഗലിൻെറ മനസ്സിൽ വ്യക്തമായുണ്ട്. കിരീടമഹിമയിലേക്ക് പന്തുതട്ടി അഭിമാനിതരാകാൻ അവ൪ക്ക് സ്പാനിഷ് അ൪മഡയുടെ കുതിപ്പിന് കടിഞ്ഞാണിട്ടേ മതിയാകൂ. ശ്രമകരമായ ഈ ദൗത്യത്തിലേക്ക് ഒരു നാടിന് പ്രചോദനം പകരുന്നത് ആധുനിക ഫുട്ബാളിലെ അസാമാന്യ പ്രതിഭകളിലൊരാളാണ്. പോ൪ചുഗലിലെ മെദീരാ ദ്വീപിൽനിന്നെത്തി മഡ്രിഡിൻെറ മണ്ണും മനസ്സും കീഴടക്കിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഡോൺബാസ് അറീനയിലെ പുൽത്തകിടിയിൽ കലാശപ്പോരിൽ ഇടംതേടി ബുധനാഴ്ച ‘ഐബീരിയൻ ഡെ൪ബി’ക്ക് പന്തുരുളുമ്പോൾ സ്പെയിനിൻെറ ആലോചനകൾ മുഴുവൻ ക്രിസ്റ്റ്യാനോയെന്ന പോരാളിക്ക് എങ്ങനെ മൂക്കുകയറിടുമെന്നാവും. ഗ്രൂപ്പിലെ നി൪ണായക മത്സരത്തിൽ നെത൪ലൻഡ്സിനെതിരെ ഇരട്ടഗോളും ക്വാ൪ട്ടറിൽ ചെക് റിപ്പബ്ളിക്കിനെതിരെ വിജയഗോളും നേടിയ റയൽ മഡ്രിഡ് താരം, സ്പാനിഷ് കോച്ച് വിസെൻെറ ഡെൽബോസ്കിൻെറ ഉറക്കം കെടുത്തുന്നുണ്ടെന്നതു നേര്.
പോ൪ചുഗീസ് പ്രതീക്ഷകളാവട്ടെ, വലിയൊരളവോളം റൊണാൾഡോയുടെ ഫിനിഷിങ് വൈഭവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ബാഴ്സയുടെ അ൪ജൻറീനക്കാരനായ ലയണൽ മെസ്സിയേക്കാൾ കേമനാണ് താനെന്ന് പറയാതെ പറയുന്ന ക്രിസ്റ്റ്യാനോക്ക് യൂറോകപ്പ് ജയത്തോടെ അതു സ്ഥാപിച്ചെടുക്കുകയെന്ന അജണ്ട കൂടിയുണ്ട്. ബാഴ്സയിൽ മെസ്സിയുടെ സഹതാരങ്ങൾക്ക് മുൻതൂക്കമുള്ള സ്പാനിഷ് ടീമിനെതിരെ റയലിൻെറ സൂപ്പ൪താരം ബൂട്ടണിഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തെ തളക്കാൻ ഡെൽബോസ്കിന് വ്യക്തമായ പദ്ധതികളുണ്ട്.
റയലിൽ ക്രിസ്റ്റ്യാനോയുടെ സഹതാരങ്ങളെയാണ് സ്പാനിഷ് കോച്ച് ഈ ചുമതല ഏൽപിക്കുക. പോ൪ചുഗീസ് വിങ്ങറുടെ ശൈലിയും തന്ത്രങ്ങളുമെല്ലാം ഒപ്പംനിന്ന് നിരീക്ഷിക്കുന്ന റയൽ താരങ്ങൾക്ക് ആ ഭീഷണി മറികടക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് സ്പാനിഷ് ക്യാമ്പ്.
റയൽ മഡ്രിഡ് ഡിഫൻഡ൪ ആൽവാരോ ആ൪ബലോവക്കായിരിക്കും പ്രധാനമായും ഈ ചുമതലയെന്ന് സ്പെയിൻ മിഡ്ഫീൽഡ൪ സെ൪ജിയോ ബുസ്ക്വെ്സ് വ്യക്തമാക്കുന്നു. റയലിൻെറ മറ്റൊരു ഡിഫൻഡ൪ സെ൪ജിയോ റാമോസും ഡിഫൻസീവ് മിഡ്ഫീൽഡ൪ സാബി അലോൻസോയുമെല്ലാം ചേരുമ്പോൾ റൊണാൾഡോക്ക് മൂക്കുകയറിടാനാവുമെന്നാണ് നിലവിലെ ചാമ്പ്യന്മാരുടെ വിശ്വാസം. അതികേമനായ റൊണാൾഡോയെ തളക്കുക ശ്രമകരമാണെന്നും അതു സാധ്യമാകാൻ ടീം ഒന്നടങ്കം പ്രവ൪ത്തിക്കേണ്ടതുണ്ടെന്നും ബുസ്ക്വെ്സ് നിരീക്ഷിക്കുന്നു.
കൃത്യമായി മാ൪ക്ക് ചെയ്യാൻ കഴിഞ്ഞാൽ റൊണാൾഡോയെ അനങ്ങാനനുവദിക്കാതെ പോ൪ചുഗീസ് മുന്നേറ്റങ്ങൾ മരവിപ്പിച്ചു നി൪ത്താൻ കഴിയുമെന്നാണ് ഡെൽ ബോസ്കിൻെറ പക്ഷം. റൊണാൾഡോക്ക് പന്തെത്തുന്ന വഴി അടക്കുകയും നീക്കങ്ങൾ മെനയാൻ സ്പേസ് അനുവദിക്കാതിരിക്കുകയുമെന്ന തന്ത്രമാകും അവലംബിക്കുകയെന്നും ഡെൽബോസ്ക് സൂചിപ്പിച്ചു.
ക്രിസ്റ്റ്യാനോയെ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് കഴിയുമെന്ന് സ്പെയിൻ ഫോ൪വേഡ് പെഡ്രോ റോഡ്രിഗ്വസ് അവകാശപ്പെട്ടു. ‘ക്രിസ്റ്റ്യാനോ അതിപ്രഗല്ഭനായ കളിക്കാരനാണ്. മികച്ച ഫോമിലുമാണദ്ദേഹം. എന്നാൽ, ശ്രമകരമാണെങ്കിലും ക്രിസ്റ്റ്യാനോയെ തളക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം’- പെഡ്രോ പറഞ്ഞു. റൊണാൾഡോയെ കെട്ടിപ്പൂട്ടി നി൪ത്താൻ കഴിയുന്ന പ്രതിരോധമാണ് സ്പെയിനിനിൻേറതെന്നും താനുൾപ്പെടുന്ന മധ്യനിര ഇക്കാര്യത്തിൽ സഹായത്തിനുണ്ടാകുമെന്നും മിഡ്ഫീൽഡ൪ സാവി ഹെ൪ണാണ്ടസ് വ്യക്തമാക്കി.
റാമോസ്, ആ൪ബലോവ, അലോൻസോ എന്നിവ൪ക്ക് പുറമെ ക്യാപ്റ്റൻ കൂടിയായ ഗോളി ഐക൪ കസീയസും റയൽ മഡ്രിഡ് നിരയിൽനിന്ന് സ്പെയിനിൻെറ സ്റ്റാ൪ട്ടിങ് ഇലവനിലുണ്ടാകും. പോ൪ചുഗീസ് നിരയിൽ റയൽ താരങ്ങളായ സെൻറ൪ ബാക് പെപെ, ലെഫ്റ്റ് ബാക്ക് ഫാബിയോ കോൻട്രാവോ എന്നിവരെ മറികടക്കാൻ അലോൻസോക്കും കൂട്ടുകാ൪ക്കും കഴിയുമെന്ന പ്രതീക്ഷയും ചാമ്പ്യന്മാ൪ക്കുണ്ട്.
മൂന്നു ഗോളുമായി സംയുക്ത ടോപ്സ്കോറ൪ സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ ടൂ൪ണമെൻറിൽ 29 തവണ എതി൪വല ലക്ഷ്യമിട്ട് നിറയൊഴിച്ചിട്ടുണ്ട്. ഇതിൽ നാലു ഷോട്ടുകൾ പോസ്റ്റിന് തട്ടി മടങ്ങി. വലക്കു പുറത്തേക്ക് പറന്ന 14 ഷോട്ടുകൾ കൂടി ചേ൪ക്കുമ്പോൾ ക്രിസ്റ്റ്യാനോയുടെ മിന്നുന്ന ഫോം സ്പെയിനിൻെറ ആധിയേറ്റുന്നത് സ്വാഭാവികം. സ്പെയിൻ ഇതുവരെ മൊത്തം 44 ഷോട്ടുകളാണ് എതി൪വല ലക്ഷ്യമിട്ട് കൃത്യമായി നിറയൊഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.