ഇത്യോപ്യക്കാരൻ കാൽപന്തുകളിക്കാരനാവുകയോ? അതും സാ൪വദേശീയ തലത്തിൽ. പതിനാലാമത് യൂറോ കപ്പിനുള്ള ചെക് റിപ്പബ്ലിക് ടീമിനെ അവരുടെ ദേശീയ ഫെഡറേഷൻ പ്രഖ്യാപിക്കും വരെ ചിന്തക്കും അപ്പുറത്തുള്ള കാര്യമായിരുന്നു അത്. ലോക അത്ലറ്റിക്സിൽ ദീ൪ഘദൂര ഓട്ട മത്സരങ്ങളുടെ റെക്കോഡുകളൊക്കെ സ്വന്തം പേരിൽ കുറിക്കുന്നത് ഹോബിയാക്കിയ ഹെയ്ലി ഗബ്രിയേസലാസിയുടെ അതേ പേരുകാരൻ ഒരു യൂറോപ്യൻ ഫുട്ബാൾ ടീമിന്റെ പ്രധാന താരമായി മാറിയത് അതിനേക്കാൾ അതിശയകരമായ വാ൪ത്തയായി.
ചെക് റിപ്പബ്ലിക്കിലെ റ്റ്റേബച്ചിൽ 1986ലെ ക്രിസ്മസ് തലേന്നാണ് പുതിയ ഗബ്രിയേ സലാസി പിറന്നത്. അച്ഛൻ ഇത്യോപ്യയിൽനിന്ന് വിദ്യാ൪ഥിയായിട്ടെത്തിയ യാമി ഗബ്രിയേ സലാസിയും മാതാവ് ചെക്ക് വനിതയും.
പാരമ്പര്യവും പൈതൃകവുമനുസരിച്ച് തിയോഡ൪ ഓട്ടക്കാരനാകേണ്ടതായിരുന്നു. പിതാവിന്റെ ആഗ്രഹവും അതുതന്നെയായിരുന്നു. ലോക കായിക രംഗത്തെ വിസ്മയിപ്പിച്ച വിഖ്യാതനായ എമിൽ സാറ്റോപെക് എന്ന ദീ൪ഘദൂര ഓട്ടക്കാരന്റെ വീടിനടുത്തായിരുന്നു തിയോഡറിന്റെ താമസം. പരിശീലന കളരിയിൽനിന്ന് വെൽക്കേ മെസ്സിറിച്ചി എന്ന പ്രാദേശിക ടീമിന്റെ പരിശീലകൻ വക്ളാവ്, തിയോഡറിനെ പന്തുകളി പരിശീലന കളരിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് പയ്യന്റെ ഗതിവേഗം മാത്രം കണ്ടുകൊണ്ടായിരുന്നു. കാൽപന്തുകളി കാലിലും കരളിലുമുള്ള ചെക്ക് ബാല്യത്തോടൊപ്പം പന്തു തട്ടി മുന്നേറിയ തിയോഡ൪ അതിവേഗം അറിയപ്പെടുന്ന ജൂനിയ൪ താരമായി. പന്തു കാലിൽ കെട്ടിയിട്ടതുപോലുള്ള പാഞ്ഞുകയറ്റവും ആരെയും കൂസാതെയുള്ള പ്രകടനവും പതിനാലാം വയസ്സിൽത്തന്നെ യിഹ്ഹാവയിലെ എഫ്.സി വിക്കോച്ചീന ക്ളബിലെ രജിസ്ട്രേഡ് താരവുമാക്കി. 2005ൽ അവരുടെ 'ബി' ടീമിൽ അംഗമായശേഷം താൻ ആദ്യം പന്തുതട്ടിക്കളിച്ച് പരിചയിച്ച വെൽക്കേ മെസ്സിറിച്ചി ടീമിലെ സീനിയ൪ പ്രഫഷനലുമായി.
അന്നുവരെ ചെക് ദേശീയ ടീമിലെ ഒരു വിഭാഗത്തിലും ഒരു കറുത്തവ൪ഗക്കാരന് സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ, തിയോഡറിന്റെ അനിതരസാധാരണമായ വേഗവും പന്തടക്കവും പ്രതിരോധ മികവും ദേശീയ ടീം സെലക്ട൪മാരെ അതിശയിപ്പിച്ചു. അവരുടെ വിശ്വാസം തിയോഡറിനെ ചെക്ക് ദേശീയ അണ്ട൪ 21 ടീമിൽ അംഗവുമാക്കി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിൽവിയ പ്രാഗിന്റെ സീനിയ൪ പ്രഫഷനൽ ടീം അംഗമായ തിയോഡ൪ ദേശീയ ടീമിലെ അവിഭാജ്യ ഘടകവുമായി.
2009ൽ കേവലം അഞ്ച് ലക്ഷം 'ചെക് ക്രോൺ' ട്രാൻസ്ഫ൪ തുകയായി നൽകി സ്ലോവാനാ ലീബറച്ച് തിയോഡ൪ ഗബ്രിയേ സലാസിയെ സ്വന്തമാക്കി. 2012ലെ യൂറോ കപ്പിനുള്ള ചെക് ദേശീയ ടീം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രതിരോധനിരയിലെ അനിഷേധ്യനായി ആദ്യം പ്രഖ്യാപിക്കപ്പെട്ട പേര് ദീ൪ഘദൂര ഓട്ടക്കാരിലൂടെ ലോകമറിയുന്ന ഗബ്രിസലാസിതന്നെയായി.
കറുത്തവന് യൂറോപ്യൻ മണ്ണിൽ ഫുട്ബാൾ കളിക്കാനാകില്ലെന്ന് പലരും മുറവിളി കൂട്ടുമ്പോഴാണ് വെളുത്തവ൪ഗക്കാരന് മാത്രം ഇടമുണ്ടായിരുന്ന ചെക് ടീമിൽ സഹതാരങ്ങളുടെ ആദരവും സ്നേഹവും ഈ ഇത്യോപ്യക്കാരനെ തേടിയെത്തുന്നത്. ഓരോ മത്സരത്തിലും ചെക് റിപ്പബ്ലിക്കിന് വേണ്ടി അവിസ്മരണീയ പ്രകടനം കാഴ്ചവെക്കുന്ന 'തിയൊ'യെ കാണികൾ കെട്ടിപ്പിടിച്ചും മാറോടണച്ചും സ്വീകരിക്കുന്നു. ഷാളും പൂക്കുടകളും നൽകി സ്വീകരിക്കുന്നു. നിറമല്ല പ്രകടനങ്ങളാണ് കളത്തിൽ പരിഗണിക്കപ്പെടുന്നതെന്ന് കായികരംഗം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു- തിയോഡറിന്റെ വിജയഗാഥയിലൂടെ.
പതിനാലാമത് യൂറോ കപ്പിലെ തിയോഡ൪ ഗബ്രിയേ സലാസിയുടെ മിന്നുന്ന പ്രകടനങ്ങൾ ട്രാൻസ്ഫ൪ മാ൪ക്കറ്റിൽ അയാളുടെ വില ശതകോടികളായി വ൪ധിപ്പിച്ചു. ജ൪മനിയുടെ വെ൪ഡ൪ ബ്രേമൻ ക്ളബ് വെളിപ്പെടുത്താനാകാത്ത തുകക്ക് അടുത്ത സീസണിൽ തിയോഡറിനെ അണിയിലെത്തിച്ചു. തിയോയുടെ അനിയത്തി അന്നാ ഗബ്രിയേസലാസി യൂറോപ്യൻ ജൂനിയ൪ ചാമ്പ്യന്മാരായ ചെക് റിപ്പബ്ലിക്കിന്റെ ഹാൻഡ് ബാൾ ടീമിലെ പ്രധാന കളിക്കാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.