പാചകവാതക വിതരണം സുതാര്യമാക്കാന്‍ വെബ്സൈറ്റ്

 ന്യൂദൽഹി: പാചകവാതക സിലിണ്ട൪ വിതരണം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേകം വെബ്സൈറ്റ് നിലവിൽ വന്നു.
സിലിണ്ട൪ വിതരണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുന്നതിനും കാര്യങ്ങൾ സുതാര്യമാക്കുകയുമാണ്  ലക്ഷ്യമിടുന്നതെന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നി൪വഹിച്ച പെട്രോളിയം വകുപ്പ് മന്ത്രി ജയ്പാൽ റെഡ്ഡി പറഞ്ഞു.
അതേസമയം, പാചകവാതക സബ്സിഡി നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പുതിയ സംവിധാനം ഏ൪പ്പെടുത്തുന്നതെന്നാണ് റിപ്പോ൪ട്ട്.
 ഉപഭോക്താക്കൾക്ക് സിലിണ്ട൪ വിതരണം സംബന്ധിച്ച എല്ലാ വിവരങ്ങളും പുതിയ വെബ്സൈറ്റിൽ ലഭിക്കും. സിലിണ്ടറിന് ബുക്ക് ചെയ്ത തിയതി, സിണ്ട൪ ലഭിച്ച തിയതി എന്നിവക്ക് പുറമെ,  വ൪ഷത്തിൽ എത്ര സിലിണ്ട൪ തങ്ങളുടെ പേരിൽ ഏജൻസി നൽകിയിട്ടുണ്ടെന്നും അറിയാം.
ഇതുവഴഇ തങ്ങൾക്ക് ലഭിക്കേണ്ട സിലിണ്ടറുകൾ ഏജൻസികൾ നടത്തുന്ന മറിച്ചുവിൽപന നടത്തുന്നത് തടയാൻ ഉപഭോക്താക്കൾക്ക് സാധിക്കും. സിലിണ്ടറുകൾ ഏജൻസികൾ  പുറത്തുനൽകുന്നത് തടയുന്നതിലൂടെ സബ്സിഡി ഇനത്തിലുള്ള ചെലവ് പിടിച്ചുനി൪ത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
 സിലിണ്ടറിന്റെ എണ്ണത്തിനൊപ്പം അത്രയും സിലിണ്ടറുകൾ നൽകാൻ സബ്സിഡി ഇനത്തിൽ സ൪ക്കാറിന് ചെലവായ തുകയും രേഖപ്പെടുത്തിയിട്ടുണ്ട്. സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന നി൪ദേശം നേരത്തേ, എണ്ണക്കമ്പനികളും സ൪ക്കാ൪ മുന്നോട്ടുവെച്ചിരുന്നതാണ്. അത് നടപ്പാക്കാനുള്ള സ൪ക്കാറിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് എന്ന സൂചനയുമുണ്ട്. www.petroleum.nic.in, www.indane.co.in, ww.ebharatgas.com www.hindustanpetroleum.com എന്നീ വെബ്സൈറ്റുകൾ വഴിയാണ് പുതിയ സേവനം ലഭിക്കുക.
 തങ്ങളുടെ വാങ്ങിയതിനേക്കാൾ കൂടുതൽ സിലിണ്ടറുകൾ തങ്ങളുടെ പേരിൽ ഏജൻസികൾ നൽകിയതായി കണ്ടാൽ ഉപഭോക്താക്കൾക്ക് വെബ്സൈറ്റ് വഴി തന്നെ പരാതി നൽകുകയുമാകാം.
ഗ്യാസ് കണക്ഷൻ റദ്ദാക്കാനുള്ള അപേക്ഷ ഉൾപ്പെടെയുള്ള മറ്റ് അപേക്ഷകളും വെബ്സൈറ്റ് വഴി നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ മുതി൪ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

വെബ്സൈറ്റിൽ ആദ്യം കുടുങ്ങിയത് മന്ത്രി!

ന്യൂദൽഹി: പാചകവാതക വിതരണത്തിലെ കള്ളക്കളി പിടികൂടാൻ ഏ൪പ്പെടുത്തിയ സംവിധാനത്തിൽ ആദ്യം കുടുങ്ങിയത് പെട്രോളിയം മന്ത്രി.
 വെബ്സൈറ്റിന്റെ ഉദ്ഘാടനം നി൪വഹിച്ച മന്ത്രി ജയ്പാൽ റെഡ്ഡി വെബ്സൈറ്റിന്റെ പ്രവ൪ത്തനം വിവരിക്കാൻ തന്റെ പേരിലെ ഗ്യാസ് കണക്ഷന്റെ വിവരങ്ങൾ വെബ്സൈറ്റിൽ തിരഞ്ഞു.
സ്ക്രീനിൽ വിവരങ്ങൾ തെളിഞ്ഞപ്പോൾ മന്ത്രി വെട്ടിലായി. കാരണം, കഴിഞ്ഞ ഒരു വ൪ഷത്തിനിടെ മന്ത്രിയുടെ വീട്ടിലേക്ക് അനുവദിച്ചത് 26 സിലിണ്ടറുകളാണ്.
 ഒരു ഉപഭോക്താവിന് പരമാവധി 17 സിലിണ്ടറുകൾ മാത്രമേ ഏജൻസികൾ അനുവദിക്കാറുള്ളൂ. മന്ത്രിക്ക് കൂടുതൽ സിലിണ്ടറുകൾ നൽകിയതിനെക്കുറിച്ച് മാധ്യമപ്രവ൪ത്തകരിൽനിന്ന് ചോദ്യമുയരുകയും ചെയ്തു.
വെട്ടിലായ മന്ത്രി, ഉദ്യോഗസ്ഥ൪ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. ഒരാൾക്ക് 17 സിലിണ്ട൪ എന്ന പരിധിയില്ലെന്ന് പറഞ്ഞ് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഐ.ഒ.സി ചെയ൪മാൻ ആ൪.എസ് ബട്ടോല രക്ഷക്കെത്തുകയും ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.