ന്യൂദൽഹി: ഇസ്രായേൽ എംബസി കാ൪ സ്ഫോടന കേസിൽ അറസ്റ്റിലായ പത്രപ്രവ൪ത്തകൻ സയിദ് മുഹമ്മദ് കാസിമിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കാസിമിയുടെ റിമാൻഡ് ജൂലൈ മൂന്നുവരെ നീട്ടാനും ദൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിനോദ് യാദവ് ഉത്തരവിട്ടു. സ്ഫോടകവസ്തു നിയമം, അനധികൃത പ്രവ൪ത്തന നിരോധ നിയമം എന്നീ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട കാസിമിയുടെ റിമാൻഡ് നീട്ടാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുണ്ടോയെന്ന അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.എസ്. രതി നേരത്തേ, ഉന്നയിച്ച സംശയം നിരാകരിച്ചാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കാസിമിയുടെ റിമാൻഡ് നീട്ടാനുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചത്. റിമാന്റ് നീട്ടിയതിനെതിരെ കാസിമി നൽകിയ റിവിഷൻ പെറ്റീഷൻ കഴിഞ്ഞ ജൂൺ എട്ടിന് പരിഗണനക്ക് വന്നപ്പോഴാണ് അഡീഷനൽ സെഷൻസ് ജസ്റ്റിസ് രതി തന്റെ സംശയം പ്രകടിപ്പിച്ചത്്. കാസിമിയുടെ കസ്റ്റഡി നീട്ടാനുള്ള പൊലീസിന്റെ അപേക്ഷ വെള്ളിയാഴ്ച അഡീഷനൽ സെഷൻസ് ജഡ്ജി എസ്.സി മാലികിന്റെ പരിഗണനക്കാണ് വന്നത്. മാലിക് വാദം കേൾക്കാൻ തുടങ്ങിയപ്പോൾ പ്രോസിക്യൂഷൻ അഭിഭാഷകൻ കാസിമിയുടെ റിമാൻഡ് നീട്ടാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുണ്ടോയെന്ന് ജസ്റ്റിസ് രതി സംശയം പ്രകടിപ്പിച്ച കാര്യത്തിൽ തീ൪പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയ മാലിക് കേസ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിനോദ് യാദവിന് കേസ് കൈമാറുകയായരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.