ഈജിപ്തില്‍ ശഫീഖിനെ പ്രസിഡന്റാക്കാന്‍ നീക്കം

കൈറോ: ഈജിപ്തിൽ പ്രസിഡന്റ് സ്ഥാനാ൪ഥിയും ഹുസ്നി മുബാറകിന്റെ കാലത്തെ പ്രധാനമന്ത്രിയുമായ അഹ്മദ് ശഫീഖിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്ന് അറബ് മാധ്യമങ്ങൾ വെളിപ്പെടുത്തി. ഉന്നത ഊജിപ്ഷ്യൻ വൃത്തങ്ങളിൽനിന്ന് തങ്ങൾക്കും ഈ വിവരം ലഭിച്ചിട്ടുണ്ടെന്ന് പാശ്ചാത്യ നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
മുസ്ലിം ബ്രദ൪ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി സ്ഥാനാ൪ഥി മുഹമ്മദ് മു൪സി 50 ശതമാനത്തിലേറെ വോട്ടുകൾ നേടിയ സാഹചര്യത്തിൽ ശഫീഖിനെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നത് രാജ്യത്ത് വൻതോതിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷക൪ കരുതുന്നു. ഈജിപ്തിലുടനീളം മു൪സി വിജയിച്ചുവെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. ഈജിപ്തിന്റെ പ്രഥമ ജനകീയ പ്രസിഡന്റായി മു൪സി തെരഞ്ഞെടുക്കപ്പെട്ടതായി വോട്ടെണ്ണലിനുശേഷം ബ്രദ൪ഹുഡ് നേതൃത്വം വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. മു൪സിക്ക് 1.27 കോടി വോട്ടും ശഫീഖിന് 1.18 കോടി വോട്ടുകളും ലഭിച്ചതായി വ്യക്തമായിരുന്നു.
സൈനിക ഭരണകൂടം അധികാരത്തിൽ പിടിമുറുക്കിയതിനെതിരെ ഈജിപ്തിൽ പതിനായിരക്കണക്കിന് പേ൪ പ്രകടനം നടത്തി. കൈറോയിലെ തഹ്രീ൪ സ്ക്വയറിലും മറ്റു പ്രധാന നഗരങ്ങളിലുമാണ് പ്രതിഷേധം അലയടിച്ചത്. വെള്ളിയാഴ്ച പ്രാ൪ഥനക്കുശേഷം സൈനിക നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തണമെന്ന് മുസ്ലിം ബ്രദ൪ഹുഡ് ആഹ്വാനം ചെയ്തിരുന്നു. ഇസ്ലാമിസ്റ്റുകൾക്കു പുറമെ മതേതരവാദികളും യുവജനസംഘടനകളും പ്രതിഷേധ പ്രകടനത്തെ പിന്തുണച്ചിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബ്രദ൪ഹുഡ് സ്ഥാനാ൪ഥി മുഹമ്മദ് മു൪സിയും മുൻ പ്രധാനമന്ത്രി ശഫീഖും വിജയം അവകാശപ്പെട്ട് രംഗത്തിറങ്ങിയതിനെതുട൪ന്ന് തെരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇലക്ഷൻ കമീഷൻ ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് ഇരുവരും പരാതികൾ നൽകിയിട്ടുണ്ട്. അതേസമയം, ഫലപ്രഖ്യാപനം നീളുന്നത് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തന്ത്രമാണ് ആരോപണമുയ൪ന്നു. തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ബ്രദ൪ഹുഡ് അവകാശപ്പെട്ടു. പാ൪ലമെന്റ് പിരിച്ചുവിട്ട് നിയമനി൪മാണവകാശങ്ങൾ പിടിച്ചെടുക്കാൻ സൈനിക ഭരണകൂടം ഉത്തരവിട്ടതാണ് ഈജിപ്ത് വീണ്ടും പ്രക്ഷുബ്ധമാവാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.