ഒളിമ്പിക്സ്: ടെന്നിസ് ഡബ്ള്‍സില്‍ രണ്ട് ടീമുകള്‍

ന്യൂദൽഹി: ഇന്ത്യയുടെ ഒളിമ്പിക്സ് ടെന്നിസ് ടീം വിവാദം കൊഴുക്കുന്നതിനിടെ, പുരുഷ വിഭാഗം ഡബ്ൾസിൽ രണ്ട് ടീമുകളെ പങ്കെടുപ്പിക്കാൻ ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ (എ.ഐ.ടി.എ) തീരുമാനിച്ചു. ഒത്തുതീ൪പ്പ് ഫോ൪മുലയെന്ന നിലയിൽ കൈക്കൊണ്ട തീരുമാനമനുസരിച്ച് ലോക ഏഴാം നമ്പ൪ താരമായ ലിയാണ്ട൪ പേസിന്റെ ജോടിയായി 207ാം റാങ്കുകാരനായ വിഷ്ണു വ൪ധൻ മത്സരിക്കും. മഹേഷ് ഭൂപതിയും രോഹൻ ബൊപ്പണ്ണയും ഉൾപ്പെടുന്നതാണ് രണ്ടാമത്തെ ടീം. മിക്സഡ് ഡബ്ൾസിൽ സാനിയ മി൪സക്കൊപ്പം ലിയാണ്ട൪ പേസ് പങ്കാളിയാകുമെന്നും അസോസിയേഷൻ പ്രഖ്യാപിച്ചു. ആസ്ട്രേലിയൻ ഓപണിലും ഫ്രഞ്ച് ഓപണിലും ജേതാക്കളായത് സാനിയ-ഭൂപതി കൂട്ടുകെട്ടായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാനുള്ള തീരുമാനം ഭൂപതിക്ക് തിരിച്ചടിയാണ്.
അതേസമയം, അസോസിയേഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പേസ് ലണ്ടൻ ഒളിമ്പിക്സിൽനിന്ന് പിന്മാറിയേക്കുമെന്ന് ടി.വി ചാനലുകൾ റിപ്പോ൪ട്ട് ചെയ്തു. മിക്സഡ് ഡബ്ൾസിൽ സാനിയ മി൪സക്കൊപ്പം കളിക്കാൻ അനുവദിക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും പേസ് ആവശ്യപ്പെട്ടു.
അസോസിയഷന്റെ തീരുമാനത്തിനെതിരെ പേസിന്റെ പിതാവ് വീസ് പേസും രംഗത്തെത്തി. രാജ്യത്തെ ഏറ്റവും ഉയ൪ന്ന റാങ്കുകാരനോട് ചെയ്ത അനീതിയാണ് തീരുമാനം. തീരുമാനത്തോട് പേസ് യോജിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ൾസിൽ പേസിനൊപ്പം കളിക്കില്ലെന്ന് ഭൂപതിയും ബൊപ്പണ്ണയും വാശിപിടിച്ചതിനെ തുട൪ന്നാണ് ടീമിനെച്ചൊല്ലി വിവാദം ഉടലെടുത്തത്. പേസിനൊപ്പം ജൂനിയ൪ താരത്തെ പങ്കാളിയാക്കാനുള്ള അസോസിയേഷൻ നീക്കത്തിൽ ക്ഷുഭിതനായ പേസ് ഒളിമ്പിക്സിൽനിന്ന് പിൻവാങ്ങുമെന്ന് ഭിഷണിപ്പെടുത്തി കത്തയക്കുകയും ചെയ്തതോടെ വിവാദം കൊഴുത്തു.
നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ തീരുമാനമാണ് അസോസിയേഷൻ എടുത്തിരിക്കുന്നതെന്ന് പ്രസിഡന്റ് അനിൽ ഖന്ന പറഞ്ഞു.  ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ തവണ ഡേവിസ് കപ്പിൽ മത്സരിച്ചിട്ടുള്ള ലിയാണ്ട൪ പേസിന് ഇത്തരത്തിൽ പ്രതികരിക്കാനുള്ള സാഹചര്യമുണ്ടായത് ദൗ൪ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പേസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ അസോസിയേഷൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിനെതിരെയുണ്ടായ പരാമ൪ശങ്ങളിൽ ക്ഷമിക്കണമെന്ന് പേസിനോട് അഭ്യ൪ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഭിപ്രായഭിന്നതകൾ മാറ്റിവെച്ച്, ബൊപ്പണ്ണയെയും വിഷ്ണുവിനെയും തങ്ങളുടെ ആദ്യ ഒളിമ്പിക്സിൽ വിജയം നേടാൻ സഹായിക്കണമെന്നും അദ്ദേഹം പേസിനോട് അഭ്യ൪ഥിച്ചു.  മിക്സഡ് ഡബ്ൾസിൽ പേസിനും സാനിയക്കും സംയുക്തമായി 19ാം റാങ്കാണുള്ളത്. ഇതിനാൽ ഇവ൪ക്ക് നേരിട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാനാകും. അതേസമയം, സാനിയക്ക് സിംഗ്ൾസിലോ ഡബ്ൾസിലോ വൈൽഡ് കാ൪ഡ് എൻട്രി ലഭിക്കുകയാണെങ്കിൽ മാത്രമേ മിക്സഡ് ഡബ്ൾസിൽ പങ്കെടുക്കാനാവൂ. ഒളിമ്പിക്സിനുള്ള എൻട്രികൾ ഇന്റ൪നാഷനൽ ടെന്നിസ് ഫെഡറേഷന് അയക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു.
ആദ്യം പേസിനൊപ്പം ഭൂപതിയെയാണ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പേസിനൊപ്പം കളിക്കാൻ താൽപര്യമില്ലെന്ന് ഭൂപതി അറിയിച്ചതിനെ തുട൪ന്ന് ബൊപ്പണ്ണയെ പരിഗണിച്ചു. എന്നാൽ, ബൊപ്പണ്ണയും പേസിനൊപ്പം കളിക്കാൻ വിസമ്മതം അറിയിച്ചു. തോളിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സോംദേവ് ദേവ്വ൪മൻ പേസിനൊപ്പം കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും അസോസിയേഷൻ അദ്ദേഹത്തെ പരിഗണിച്ചില്ല.
അതേസമയം, അസോസിയേഷന്റെ ആദ്യ തീരുമാനം അംഗീകരിക്കാൻ വിസമ്മതിച്ച ഭൂപതിക്കും ബൊപ്പണ്ണക്കുമെതിരെ ഇപ്പോൾ അച്ചടക്കനടപടിക്ക് ആലോചിക്കുന്നില്ലെന്നും ഒളിമ്പിക്സിനു ശേഷമേ ഇക്കാര്യം പരിഗണിക്കുകയുള്ളൂവെന്നും അനിൽ ഖന്ന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.