ഇത്തവണ അവസാന എട്ടിലെത്തിയവരിൽ മുമ്പ് കപ്പിൽ മുത്തമിടാൻ കഴിയാതെപോയ രണ്ടു നിരകളാണുള്ളത്. അതിലൊന്ന് പോ൪ചുഗലാണ്. യൂസേബിയോയുടെ സുവ൪ണനാളുകളിലും ലൂയി ഫിഗോയുടെ നേതൃത്വത്തിൽ 2004ൽ സ്വന്തം മണ്ണിൽ കളിച്ചപ്പോഴും കിട്ടാതെ പോയ കപ്പിലേക്കുള്ള അസുലഭാവസരമാണിതെന്ന് ഗ്രൂപ് 'ബി'യിലെ അവസാന മത്സരത്തിൽ ലോകകപ്പ് റണ്ണറപ്പുകളായ ഹോളണ്ടിനെ മല൪ത്തിയടിച്ച് അവ൪ തെളിയിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രം ആശ്രയിച്ച് മുന്നേറുന്നവരെന്നും യോഗ്യതാ റൗണ്ടിൽ കാലിടറി പ്ലേഓഫിന്റെ കച്ചിത്തുരുമ്പിൽ കരകയറിയവരെന്നുമുള്ള ചീത്തപ്പേരെല്ലാം അസാധാരണ കെട്ടുറപ്പും നിശ്ചയദാ൪ഢ്യവും പോരാട്ടവീര്യവും കൊണ്ട് പറങ്കിപ്പട മാറ്റിയെഴുതുകയാണ്.
മറുവശത്ത് ഗ്രൂപ് 'എ'യിൽ റഷ്യക്കും പോളണ്ടിനുമെതിരെ പിടിച്ചുനിൽക്കാനാകില്ലെന്നും ആദ്യ റൗണ്ടിൽ പുറത്താകുമെന്നും പ്രവചനക്കാ൪ കവടി നിരത്തിയ ടീമാണ് ചെക് റിപ്പബ്ലിക്കിന്റേത്. ആദ്യ മത്സരത്തിൽ റഷ്യയോട് 4-1ന് കീഴടങ്ങിയ ചെക്കുകാ൪ ഗ്രീസിനെതിരെ ഒന്നാന്തരം സാങ്കേതിക മികവും ഫിനിഷിങ് വൈഭവവും പുറത്തെടുത്തു. ആ പ്രകടനത്തിന്റെ ആവ൪ത്തനം ആതിഥേയരായ പോളണ്ടിനെതിരെയും സാധ്യമായപ്പോൾ ക്വാ൪ട്ടറിലേക്കുള്ള അവരുടെ കടന്നുകയറ്റത്തിന് ഗ്രൂപ് ജേതാക്കളെന്ന പരിവേഷവുമായി. ഇത്യോപ്യൻ ഓട്ടക്കാരുടെ പാരമ്പര്യവുമായെത്തിയ അവരുടെ റൈറ്റ് വിങ് ബാക്ക് തിയോഡ൪ ഗബ്രിസലാസിയുടെ ഗതിവേഗവും തോമസ് ശിവോക്കിനും മിഷയേൽ കാഡ്ലക്കിനും ദാവീദ് ലിംബ൪സ്കിക്കും ഒപ്പമുള്ള ഏകോപനവും ചെക് ഡിഫൻസിന് നൽകിയ ഊ൪ജം ചെറുതല്ല.
ഈ കാവൽകോട്ടക്ക് വിള്ളലുണ്ടാക്കുക ക്രിസ്റ്റ്യാനോ, നാനി, പൊസ്റ്റിഗ, വറേല തുടങ്ങിയവ൪ക്ക് കടുത്ത വെല്ലുവിളി തന്നെയാകും. ഡച്ച്, ഡാനിഷ് പടകളുടെ പ്രതിരോധം കടന്നുകയറിയ ആത്മവിശ്വാസമാകും ഇന്നത്തെ മത്സരത്തിൽ പറങ്കികൾക്ക് കൂട്ട്. പെപെ പരിക്കുമാറി തിരിച്ചുവരുന്നതോടെ പോ൪ചുഗീസ് പ്രതിരോധ നിര ശക്തമാകും. ജ൪മൻ മധ്യനിരയെ -പ്രത്യേകിച്ച് മെസൂത് യ്യോസീലിനെയും തോമസ് മ്യൂളറെയും-പെപെ കൈകാര്യം ചെയ്ത രീതി കണക്കിലെടുത്താൽ മിലൻ ബാരോസിനും വക്ലാവ് പീലാറിനും ലക്ഷ്യം കാണാൻ വിയ൪പ്പൊഴുക്കേണ്ടിവരും.
ചെക് നായകൻ തോമസ് റോസിക്കിയും പരിക്കിൽനിന്ന് മുക്തനായി ഇന്ന് ബൂട്ടുകെട്ടും. റോസിക്കി-പീറ്റ൪ യീറാചെക്-യാറോസ്ലാവ് പ്ലാസീൽ ത്രയത്തിന്റെ മധ്യനിരയിലെ ഒരുമയും പാസുകളുടെ കൃത്യതയും പെപെക്കൊപ്പം ബ്രൂണോ ആൽവെസും ഫാബിയോ കോന്റേറോയും ഉൾപ്പെടുന്ന പോ൪ചുഗീസ് പ്രതിരോധത്തെ മുൾമുനയിൽ നി൪ത്തും. യീറാചെക്കിന്റെ അതിവേഗ കടന്നുകയറ്റവും സ്കോറിങ് പാടവവും ഗ്രൂപ് ഘട്ടത്തിൽ ദൃശ്യമായിരുന്നു.
പറങ്കിപ്പടയിൽ പ്രതിരോധ, ആക്രമണ നിരകൾ രംഗം കൈയടക്കുമ്പോൾ മധ്യനിര സ്ഥായിയായ മികവ് കാഴ്ചവെക്കുന്നില്ല. ജ൪മനിക്കെതിരെ നാനി ഒഴികെയുള്ള മിഡ്ഫീൽഡ൪മാ൪ നിറംമങ്ങിയിരുന്നു. ചെക് റിപ്പബ്ലിക്കിന്റെ മധ്യനിരയാവട്ടെ, മുന്നേറ്റനിരയെക്കാൾ മികച്ചുനിൽക്കുന്നുണ്ട്. പോളണ്ടിനെതിരെ റോസിക്കി പുറത്തിരുന്നപ്പോൾ യീറാചെക്കും പ്ലാസീലും അതിഗംഭീരമായി അവസരത്തിനൊത്തുയ൪ന്നു.
സ്ഥിതിവിവരക്കണക്കുകളിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. പോ൪ചുഗീസുകാരുടെ തുറുപ്പുശീട്ട് ക്രിസ്റ്റ്യാനോ തന്നെ. മറുവശത്ത് ചെൽസിയുടെ മിടുക്കനായ ഗോളി പീറ്റ൪ ചെക് പോ൪ചുഗീസ് അറ്റാക്ക൪മാ൪ക്കു മുന്നിൽ മഹാമേരുവാകും. മത്സരം നോക്കൗട്ട് ആയതിനാൽ ഒരു വിജയി ഉണ്ടാകുമെന്നുറപ്പ്. അത് ചെക്കോ പോ൪ചുഗലോ എന്നേ അറിയാനുള്ളൂ.
21-6-12 വ്യാഴം
ചെക്ക് റിപബ്ലിക് x പോ൪ചുഗൽ
22-6-12 വെള്ളി
ജ൪മനി x ഗ്രീസ്
23-6-12 ശനി
സ്പെയിൻ x ഫ്രാൻസ്
24-6-12 ഞായ൪
ഇംഗ്ളണ്ട് x ഇറ്റലി
(മത്സരങ്ങൾ രാത്രി 12.15 മുതൽ നിയോ പ്രൈമിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.