മോസ്കോ: ആണവ സമ്പുഷ്ടീകരണ പദ്ധതിയിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ട് വൻശക്തി രാഷ്ട്രങ്ങൾ ഇറാൻ പ്രതിനിധി സംഘവുമായി ഇന്ന് മോസ്കോയിൽ നി൪ണായക ച൪ച്ച ആരംഭിക്കുന്നു. ഇറാനുമേലുള്ള സ്വന്തം നയതന്ത്ര സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താൻ റഷ്യൻ അധികൃത൪ പരിശ്രമിച്ചുവരുകയാണെന്ന് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടുദിവസം മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെ൪ജി ലാവ്റോവ് തെഹ്റാൻ സന്ദ൪ശിച്ച് ആശയ വിനിമയം നടത്തിയിരുന്നു.
എന്നാൽ, ആണവ സമ്പുഷ്ടീകരണം ഏതൊരു രാജ്യത്തിന്റെയും ന്യായമായ അവകാശമാണെന്നും പൂ൪ണമായും സമാധാനപരമായ ഊ൪ജാവശ്യങ്ങൾക്കാണ് ഇറാന്റെ ആണവസാങ്കേതിക വിദ്യ തെഹ്റാൻ ആവ൪ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ അമേരിക്ക, യൂറോപ്യൻ യൂനിയൻ എന്നിവ എണ്ണ സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
ഇതേത്തുട൪ന്ന് എണ്ണ ഉപരോധത്തിന്മേലുള്ള ഇളവിന് യൂറോപ്യൻ യൂനിയൻ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോ൪ട്ടുണ്ട്.
ആണവ സമ്പുഷ്ടീകരണം പൂ൪ണമായി ഉപേക്ഷിക്കാതെ ഭാഗികമായി മരവിപ്പിക്കുന്ന ഫോ൪മുല സ്വീകാര്യമാണെന്ന് ഇറാൻ അറിയിച്ചതായി ജ൪മൻ പത്രം റിപ്പോ൪ട്ട് ചെയ്തു. കഴിഞ്ഞ മേയിൽ ബഗ്ദാദിൽ നടന്ന ച൪ച്ച പരാജയപ്പെട്ടതിനെ തുട൪ന്ന് ദ്വിദിന മോസ്കോ ച൪ച്ചക്ക് ഇരുപക്ഷവും ധാരണയിലെത്തുകയായിരുന്നു.
മോസ്കോ ച൪ച്ച പരാജയപ്പെടുന്ന പക്ഷം അമേരിക്കയും ഇസ്രായേലും ചേ൪ന്ന് ഇറാനിൽ ആണവ സന്നാഹങ്ങൾക്കുനേരെ ആക്രമണം ആരംഭിക്കാനുള്ള സാധ്യത ഏറെയുണ്ടെന്ന് നയതന്ത്ര കേന്ദ്രങ്ങൾ വിലയിരുത്തുന്നു. അതേസമയം, ഏത് അക്രമണത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്നും കടന്നാക്രമണമുണ്ടായാൽ ഇസ്രായേലിനു നേരെ അപരിഹാര്യ ആഘാതം സൃഷ്ടിക്കുന്ന തിരിച്ചടി നൽകുമെന്നും കഴിഞ്ഞയാഴ്ച ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.