ജനീവ: തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന സാമ്പത്തികവികസനം ഉപേക്ഷിക്കാൻ മ്യാന്മ൪ ജനാധിപത്യ നേതാവ് ഓങ്സാൻ സൂചി ലോക രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു. ജനീവയിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവ൪. മ്യാന്മറിലെ അടിമപ്പണിക്കെതിരെ ഐ.എൽ.ഒ ശക്തമായ കാമ്പയിനുകൾ നടത്തിയ കാര്യം സൂചി അനുസ്മരിച്ചു.
കാൽനൂറ്റാണ്ടിനിടക്ക് സൂചി നടത്തുന്ന പ്രഥമ യൂറോപ്യൻ പര്യടനം വ്യാഴാഴ്ച യാണ് ആരംഭിച്ചത്. സൈനിക ഭരണത്തെ തുട൪ന്ന് അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട തന്റെരാജ്യത്ത് ജനാധിപത്യ പരിഷ്കരണങ്ങൾ ആരംഭിക്കാൻ ലോക സംഘടനകൾ നടത്തിയ ശ്രമങ്ങളെ സൂചി പ്രകീ൪ത്തിച്ചു.
മ്യാന്മറിൽ നിക്ഷേപമിറക്കാൻ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്ത സൂചി ജനാധിപത്യത്തിന് ഇണങ്ങുന്ന വള൪ച്ചാരീതിക്കു വേണ്ടിയാകണം നിക്ഷേപങ്ങളെന്നും ഓ൪മിപ്പിച്ചു. നിക്ഷേപംവഴി ആവി൪ഭവിക്കുന്ന വരുമാനം യുവജനങ്ങളുമായി പങ്കിടാൻ അധികൃത൪ തയാറാവുകയും വേണം.
പ്രഭാഷണം സമാപിക്കെ പ്രതിനിധികൾ സൂചിയുടെ ബഹുമാനാ൪ഥം എഴുന്നേറ്റ് നിന്നു. സ്നേഹാദര പ്രകടനം ദീ൪ഘിച്ചപ്പോൾ സൂചി തെല്ല് അസ്വസ്ഥയായി. 1999 മുതൽ മ്യാന്മറിനെതിരെ ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങൾ ഐ.എൽ.ഒ വ്യാഴാഴ്ച പിൻവലിച്ചു. മ്യാന്മറിന് വീണ്ടും അംഗത്വം നൽകാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.