ഡമസ്കസ്: ആഭ്യന്തരയുദ്ധത്തിന്റെ വക്കിലെത്തിനിൽക്കുന്ന സിറിയയിൽ ഉപരോധം ശക്തമാക്കാൻ റഷ്യക്കുമേൽ അന്താരാഷ്ട്ര സമ്മ൪ദം. സിറിയയിലെ ആഭ്യന്തരകലാപത്തിൽ സുരക്ഷാസൈന്യത്തെ സഹായിക്കാൻ ആയുധങ്ങൾ നൽകുന്ന റഷ്യയുടെ നടപടി പിൻവലിക്കണമെന്നാണ് അന്താരാഷ്ട്രതലത്തിൽ ആവശ്യമുയരുന്നത്.
യു.എൻ പ്രത്യേക ദൂതൻ കോഫി അന്നന്റെ നേതൃത്വത്തിൽ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഫോ൪മുലകൾക്ക് തടസ്സമാവുന്ന തരത്തിലുള്ള റഷ്യയുടെ നടപടികൾക്കെതിരെ ഫ്രാൻസും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റനും മുന്നറിയിപ്പ് നൽകി. ഡമസ്കസുമായുള്ള സൈനികബന്ധം അവസാനിപ്പിക്കാൻ റഷ്യ സന്നദ്ധമാവണം.
ആക്രമണം നടത്താൻ റഷ്യ ഹെലികോപടറുകൾ നൽകുന്നു എന്ന് നേരത്തേ ഹിലരി ക്ളിന്റൻ ആരോപിച്ചിരുന്നു. എന്നാൽ നിയമവിധേയമായാണ് സിറിയക്ക് ആയുധം നൽകുന്നതെന്നും ഇസ്രായേൽ പോലുള്ള രാജ്യങ്ങൾക്ക് ആയുധംനൽകുന്ന അമേരിക്കക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ അ൪ഹതയില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെ൪ജി ലാവ്റോ വ്യക്തമാക്കി.
അതിനിടെ സിറിയയിൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ ആംനസ്റ്റി ഇന്റ൪നാഷനലും രംഗത്തെത്തി. വിമതരെ തുരത്താനെന്ന പേരിൽ സിറിയയിൽ നടക്കുന്ന ബോംബാക്രമണങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. സായുധകലാപത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയരണം. അന്താരാഷ്ട്രസംഘടനകൾ സിറിയ സന്ദ൪ശിച്ച് പ്രശ്നങ്ങൾ വിലയിരുത്തണം.
ബുധനാഴ്ച സിറിയയിൽ നടന്ന കലാപത്തിൽ 40 പേ൪ കൊല്ലപ്പെട്ടിരുന്നു. സിറിയയിൽ പ്രസിഡന്റ് ബശ്ശാൽ അൽ അസദ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് 2011 മാ൪ച്ചിൽ തുടങ്ങിയ കലാപങ്ങളിൽ പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.