ഡമസ്കസ്: കു൪ദു മനുഷ്യാവകാശ പ്രവ൪ത്തകൻ അബ്ദുൽ ബാസിത്ത് സായ്ദയെ സിറിയയിലെ പ്രതിപക്ഷമായ സിറിയൻ സുരക്ഷാ കൗൺസിൽ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇസ്തംബൂളിൽ ചേ൪ന്ന യോഗമാണ് സായ്ദയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിൽ കൗൺസിൽ രൂപവത്കരിച്ചതു മുതൽ അധ്യക്ഷപദവിയിലിരുന്ന ബു൪ഹാൻ ഗാലിയൂനിന്റെ പകരക്കാരനായാണ് നിയമനം. സ്വീഡനിലേക്ക് നാടുകടത്തപ്പെട്ടയാളാണ് അബ്ദുൽ ബാസിത്ത്. കൗൺസിലിനെ പുനഃസംഘടിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം വാ൪ത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്ന ആരോപണം നേരിട്ട ഗാലിയൂൻ കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്.
കു൪ദുകളെയും മറ്റു സിറിയൻ ന്യൂനപക്ഷ വിഭാഗങ്ങളെയും കൗൺസിലുമായി അടുപ്പിക്കാൻ 56കാരനായ ബാസിത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ.
സിറിയൻ പ്രശ്നത്തോടുള്ള റഷ്യയുടെ നിലപാട് തിരുത്തണമെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബു൪ഹാൻ ഗാലിയൂൻ ഇസ്തംബൂളിൽ മാധ്യമങ്ങളോട് പറഞ്ഞു.സിറിയയിൽ സൈനിക ഇടപെടൽ നടത്താനുള്ള യു.എൻ രക്ഷാസമിതി നീക്കത്തെ എതി൪ക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെ൪ജി ലവ്റോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിറിയൻ സേന ഞായറാഴ്ച ഹിംസ് പ്രവിശ്യയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 38 പേ൪കൂടി കൊല്ലപ്പെട്ടതായി പ്രതിപക്ഷ ഗ്രൂപ്പുകൾ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സാധാരണ പൗരജനങ്ങൾക്ക് നേരെയാണ് സൈനിക തേ൪വാഴ്ചയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഹിംസിൽ ശനിയാഴ്ചത്തെ സംഘ൪ഷങ്ങളിൽ 29 പേ൪ കൊല്ലപ്പെട്ടിരുന്നു. ബശ്ശാ൪ അൽ അസദ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രാരംഭ കേന്ദ്രമായി അറിയപ്പെടുന്ന ദേര പട്ടണത്തിൽ സൈന്യം ശക്തമായ ആക്രമണം തുടരുന്നതായി മനുഷ്യാവകാശ ഗ്രൂപ്പായ സിറിയൻ ഒബ്സ൪വേറ്ററി വ്യക്തമാക്കി. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര സമ്മേളനം വിളിക്കണമെന്ന് റഷ്യ നി൪ദേശിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെ൪ജി ലാവ്റോവ് ആണ് ഈ നി൪ദേശം ഉന്നയിച്ചത്. എന്നാൽ, സിറിയക്കെതിരെ രക്ഷാസമിതി പ്രമേയപ്രകാരം സൈനിക നടപടി ആവശ്യമില്ലെന്ന് ലാവ്റോവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.