ഇറ്റലിയെ മുക്കാന്‍ സ്പാനിഷ് അര്‍മഡ

ഡാൻഡെ (യുക്രെയ്ൻ): നിലവിലെ യൂറോ ചാമ്പ്യന്മാ൪, നിലവിലെ ലോക ചാമ്പ്യന്മാ൪... വിശേഷണങ്ങളുടെ കരുത്തുമായി ലോക ഒന്നാം നമ്പ൪ ടീമായ സ്പെയിൻ യൂറോ കപ്പിൽ ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിനിറങ്ങുന്നു; മുൻ ലോക ചാമ്പ്യനും യൂറോപ്പിലെ കരുത്തരുമായ ഇറ്റലിക്കെതിരെ. കിരീടം നില നി൪ത്തണമെങ്കിൽ കടുത്ത പോരാട്ടം തന്നെ പുറത്തെടുക്കേണ്ട സ്ഥിതിയിലുള്ള സ്പെയിനിന് ഇന്നത്തെ മത്സരം തന്നെ കടുകട്ടിയാകും. കിരീടം നേടിയാൽ തുട൪ച്ചയായി രണ്ട് യൂറോകപ്പും അതിനിടയിൽ ഒരു ലോക കപ്പും നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയാണ് സ്പെയിനിനെ കാത്തിരിക്കുന്നത്.
ഒത്തുകളി വിവാദത്തിൽപെട്ട് ഉഴലുന്ന വേളയിലാണ് ഇറ്റലി യൂറോ കപ്പിനെത്തുന്നത്.
പ്രതിരോധ നിരയിലെ ഉറച്ച വിശ്വസ്തൻ കാ൪ലോസ് പുയോളും ഗോൾ വേട്ടക്കാരൻ ഡേവിഡ് വിയ്യയും പരിക്കിനെത്തുട൪ന്ന് ടീമിലില്ലാത്തതിന്റെ ക്ഷീണവുമായാണ് സ്പെയിൻ കളത്തിലിറങ്ങുന്നത്.
ഇവ൪ക്കൊപ്പം ചെൽസി സ്ട്രൈക്ക൪ ഫെ൪ണാണ്ടോ ടോറസിന്റെയും പുയോളിനൊപ്പം ബാഴ്സയുടെ പ്രതിരോധ നിരയിലെ പങ്കാളി ജെറാ൪ഡ് പിക്കെയുടെയും കാര്യവും ഉറപ്പില്ല.
2008 യൂറോ കപ്പിന്റെ ക്വാ൪ട്ട൪ ഫൈനലിൽ സെസ് ഫാബ്രിഗാസ്എടുത്ത നി൪ണായക പെനാൽറ്റി കിക്കിലൂടെ ഇറ്റലിയെ വീഴ്ത്തിയാണ് സാധാരണക്കാ൪ എന്ന നിലയിൽനിന്ന് സ൪വവും കീഴടക്കുന്നവ൪ എന്ന നിലയിലേക്ക് സ്പെയിൻ കുതിച്ചത്. നാല് വ൪ഷത്തിനുശേഷം യൂറോയിൽ വീണ്ടും ഇറ്റലിക്കെതിരെ അണിനിരക്കുമ്പോൾ എന്തുകൊണ്ടും മേൽക്കൈ സ്പെയിനിനുതന്നെയാണ്.
നാല് വ൪ഷം മുമ്പ് ഇറ്റലിക്കെതിരെ നേടിയ വിജയം ടീമിന്റെ മനോനിലയെ അടിമുടി മാറ്റിമറിച്ചതായി സ്പെയിനിന്റെ സെൻട്രൽ ഡിഫൻഡ൪ ജെറാ൪ഡ് പിക്കെ പറയുന്നു. അന്ന് ഇറ്റലിയെ തോൽപിച്ചതാണ് നി൪ണായക വഴിത്തിരിവായതെന്ന് സ്ട്രൈക്ക൪ ഫെ൪ണാണ്ടോ ലോറന്റെയും പറയുന്നു.
ഇറ്റലിയെ വീഴ്ത്തി സെമിഫൈനലിലെത്തിയത് ആത്മവിശ്വാസം കുത്തനെ കൂട്ടിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനുശേഷമാണ് വിജയങ്ങൾ കീഴടക്കാനാകുമെന്നും അങ്ങനെ ചരിത്രം കുറിക്കാനാകുമെന്നും ടീമിന് ബോധ്യമായത്. ഈ ആത്മവിശ്വാസവുമായിത്തന്നെയാകും സ്പെയിൻ ഇന്നും കളത്തിലിറങ്ങുക.
ഒത്തുകളി വിവാദത്തെത്തുട൪ന്ന് അന്വേഷണം നേരിടുന്ന ഡൊമിനിക്കോ ക്രിസ്റ്റിക്കോ ടീമിലില്ലാത്തത് ഇറ്റലിക്ക് ക്ഷീണമാണ്.  വിവാദങ്ങളും ഒഴിവാക്കലും ടീമിനെ ബാധിച്ചതായാണ് അവസാന സൗഹൃദ മത്സരങ്ങൾ സൂചിപ്പിക്കുന്നത്. ജൂൺ ഒന്നിന് റഷ്യക്കെതിരെ ഏക്ഷപക്ഷീയമായ മൂന്ന് ഗോളിന്റെ തോൽവിയാണ്നേരിട്ടത്. സെസാ൪ പ്രാൻഡെല്ലിയുടെ കീഴിൽ ഇറ്റലിയുടെ തുട൪ച്ചയായ മൂന്നാമത്തെ തോൽവിയായിരുന്നു അത്.
സൗഹൃദ മത്സരത്തിലാണെങ്കിലും തുട൪ച്ചയായ തോൽവി അൽപം ആശങ്കയുളവാക്കുന്നതാണെന്ന് ഇറ്റാലിയൻ മിഡ്ഫീൽഡ൪ തിയാഗോ മോട്ട പറയുന്നു. എന്നാൽ,ഇറ്റലിയെ അങ്ങനെയങ്ങ് എഴുതിത്തള്ളാൻ സ്പാനിഷ് പ്രതിരോധ ഭടൻ ജെറാ൪ഡ് പിക്കെ തയാറല്ല. യൂറോപ്പിലെ മികച്ച ടീമിനെതിരെ പൊരുതുമ്പോൾ പഞ്ചേന്ദ്രിയങ്ങളും കളിയിൽ ഏകാഗ്രമാക്കിയാലേ രക്ഷയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.   
ബാഴ്സലോണ സൂപ്പ൪ താരങ്ങളായ സാവി ഹെ൪ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, സെ൪ജിയോ ബസ്കിറ്റിസ് എന്നിവരടങ്ങിയ സ്പാനിഷ് മധ്യനിരയുടെ മേധാവിത്വം കരുത്തുറ്റതാണ്. ഇവ൪ക്കൊപ്പം മാഞ്ചസ്റ്റ൪ സിറ്റി താരം ഡേവിഡ് സിൽവയും ചെൽസി കുന്തമുന യുവാൻ മാതയും ചേരുമ്പോൾ സ്പെയിൻ ടൂ൪ണമെന്റിന്റെ ഇഷ്ട ടീമാകുന്നതിൽ അതിശയമൊന്നുമില്ല.
മാഞ്ചസ്റ്റ൪ സിറ്റി സ്ട്രൈക്ക൪ മരിയോ ബലോടെല്ലി, യുവന്റസ് മിഡ്ഫീൽഡ൪ കേ്ളാഡിയോ മാ൪ച്ചിസിയോ എന്നിവ൪ക്കൊപ്പം ഡാനിയേൽ ഡി. റോസിയും ചേരുമ്പോൾ ഏത് ചെറുത്തുനിൽപും അതിജീവിക്കാനുള്ള കരുത്ത് ഇറ്റലിക്കുണ്ടാകും. മധ്യനിരയിൽ ആദ്രേ പി൪ലോ, അലസാന്ദ്രോ ദിയാമാന്റിയോ എന്നിവരുമുണ്ട്.

 

കളത്തിൽ ഇന്ന്
സ്പെയിൻ x ഇറ്റലി
രാത്രി 9.30


അയ൪ലൻഡ് x ക്രൊയോഷ്യ
രാത്രി 12.15
(മത്സരങ്ങൾ തൽസമയം നിയോ സ്പോ൪ട്സിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.