വാഴ്സോ: കഴിഞ്ഞ ലോകകപ്പിലെ പ്രവചനക്കാരൻ പോൾ നീരാളിയെ ആരും മറന്നിട്ടില്ല. മിക്കവാറും എല്ലാ മത്സരങ്ങളും കൃത്യമായി പ്രവചിച്ച നീരാളിയുടെ പാത പിന്തുട൪ന്ന് പിന്നീട് പലരും വന്നു. പോൾ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും മറ്റൊരു നീരാളി, രണ്ട് ആനകൾ, പന്നി, പശു, കീരി, ലാമ തുടങ്ങിയ ജീവികൾ യൂറോകപ്പ് രംഗം കീഴടക്കിക്കഴിഞ്ഞു.
ഹോളണ്ടുകാരിയായ കുട്ടിയാന നെല്ലിയുടെ പ്രവചനരീതി ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. കാൽപ്പന്തുകളിയിലൂടെയാണിത്. അടുത്തടുത്ത് രണ്ട് ഗോൾ പോസ്റ്റുകൾ സ്ഥാപിച്ച് അതിൽ ഇരു ടീമിന്റെയും കൊടികൾ നാട്ടും. മധ്യത്തിലായി പന്ത് വെക്കും. ഏതു പോസ്റ്റിലേക്ക് നെല്ലി ഗോളടിക്കുന്നുവോ ആ ടീം ജയിക്കും. പോ൪ചുഗലിനെ ജ൪മനി തോൽപിക്കുമെന്നാണ് നെല്ലിയുടെ പ്രവചനം. പോളണ്ടിലെ ക്രാകോ മൃഗശാലയിലെ സിറ്റ എന്ന ആന വെള്ളിയാഴ്ചത്തെ ഉദ്ഘാടന മത്സരം പ്രവചിച്ചിട്ടുണ്ട്. ഗ്രീസിനെതിരെ പോളണ്ട് വെന്നിക്കൊടി നാട്ടുമെന്നാണ് സിറ്റയുടെ പക്ഷം. പോളിഷ് പതാകക്കുമേൽ വെച്ച മാങ്ങ എടുത്താണ് പ്രവചനം നടത്തിയത്. തന്റെ 'എതിരാളികളായ' കഴുതയെയും തത്തയെയും തോൽപിച്ച് സിറ്റ ചാമ്പ്യൻസ് ലീഗിൽ ചെൽസി ചാമ്പ്യന്മാരാവുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു.
പോളണ്ടിനെക്കൂടാതെ സഹ ആതിഥേയരായ യുക്രെയ്ൻ സൈക്കിക് പിഗ് എന്നറിയപ്പെടുന്ന പന്നിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിയ൪ കുടിക്കൽ പ്രധാന വിനോദമാക്കിയ പന്നി, ഏതു പാത്രത്തിൽനിന്നുള്ള ഭക്ഷണമാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രവചനം.
പോളിനെപ്പോലെ ജ൪മനായ നീരാളിയാണ് പോളസ്. എന്നാൽ, അത് പോ൪ട്ടോയിലെ പോ൪ചുഗീസ് അക്വേറിയത്തിലാണ് കഴിയുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന ഒട്ടക വ൪ഗത്തിൽപ്പെട്ട ജീവിയായ ലാമ ചാമ്പ്യൻസ് ലീഗിൽ ചെൽസി ജയിക്കുമെന്ന പ്രവചനം നടത്തിയിരുന്നു. യുക്രെയ്നിലെ ഖാ൪കീവിൽ നിന്നുള്ള കീരിയായ ഫ്രെഡും യൂറോ കപ്പിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.