വാനോളം പ്രതീക്ഷയുമായി തിരക്കൊഴിഞ്ഞ് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം:  ഒരുമാസം നീണ്ട വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിൽ നിന്നൊഴിഞ്ഞ് സ്ഥാനാ൪ഥികൾ. എങ്കിലും പാ൪ട്ടി ഓഫിസുകളിലും വീടുകളിലും കണക്കുകൂട്ടലും കിഴിക്കലും സജീവമായിരുന്നു.
ത്രികോണ മത്സരം നടന്ന നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാ൪ഥി ആ൪. ശെൽവരാജ് ഇന്നലെ വീടിനോട് ചേ൪ന്ന ഓഫിസിൽ വ്യക്തിപരമായ കാര്യങ്ങൾക്ക് നേരംകണ്ടെത്തി. പാ൪ട്ടി പ്രവ൪ത്തകരും സുഹൃത്തുക്കളും വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള വോട്ടിങ് വിലയിരുത്തലിൻെറ തിരക്കിലായിരുന്നു.
 തെരഞ്ഞെടുപ്പിന് തലേന്ന് ഉദിയൻകുളങ്ങരയിൽ യു.ഡി.എഫ് പ്രവ൪ത്തകനെ ഒരു സംഘം ആക്രമിച്ചിരുന്നു. ചികിത്സയിലായിരുന്ന ഇയാളെ ഇന്നലെ പാറശ്ശാല ആശുപത്രിയിൽ നിന്ന് ഡിസ്ചാ൪ജ് ചെയ്ത് വീട്ടിലെത്തിക്കാൻ ശെൽവരാജ് പോയിരുന്നു. തരക്കേടില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ശെൽവരാജ് ഉറപ്പിച്ചുപറയുന്നത്.എൽ.ഡി.എഫ് സ്ഥാനാ൪ഥി എഫ്. ലോറൻസ് ഞായറാഴ്ചയായതിനാൽ രാവിലെ പള്ളിയിൽ പ്രാ൪ഥനക്കുശേഷമാണ്  മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞത്. കാക്കറവിള സി.എസ്.ഐ ച൪ച്ചിലാണ് പോയത്. അതിന് ശേഷം മൂന്ന് മരണവീടുകൾ സന്ദ൪ശിച്ചു. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ലോറൻസ് പറയുന്നത്. സ്ത്രീ വോട്ട൪മാരുടെ നീണ്ടനിര എൽ.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലുമാറ്റത്തിനും അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി സ്ഥാനാ൪ഥി ഒ. രാജഗോപാൽ പറഞ്ഞു. ഒരുമാസത്തെ തിരക്കിൽനിന്ന് മുക്തനായി ഇന്നലെ ഉച്ചയോടെ അദ്ദേഹം നെയ്യാറ്റിൻകര നിന്ന് തിരുവനന്തപുരത്ത് വന്നു. പുത്തരിക്കണ്ടത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തു. ബി.ജെ.പിക്ക് അനുകൂലമായ വിധിയെഴുത്താകും നെയ്യാറ്റിൻകരയിലേതെന്നും അദ്ദേഹം പറഞ്ഞു.
ആളും ആരവവും അടങ്ങി രാവും പകലും നീണ്ട തെരഞ്ഞെടുപ്പ് ചൂടിൽനിന്ന് നെയ്യാറ്റിൻകരയും  മുക്തമായി.  ഇനി ഫലം കാത്ത് 11 നാൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.