വെല്ലുവിളികളെ ഭയക്കാതെ...

കൊൽക്കത്ത: കരുനീക്കങ്ങളുടെ സമചതുരക്കളത്തിൽ അഞ്ചാം തവണയും ലോകം വെട്ടിപ്പിടിച്ച അഭിമാനനേട്ടത്തിനിടയിലും വിശ്വനാഥൻ ആനന്ദ് പതിവുപോലെ വിനയാന്വിതനാണ്. ലോകകിരീടത്തിൻെറ തെളിച്ചത്തിനു കീഴിൽ നിൽക്കുമ്പോഴും പുതിയ വെല്ലുവിളികളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനതാരം. ലോകജേതാവായതിനു പിന്നാലെ ടെലിഗ്രാഫ് ദിനപത്രത്തിന് ആനന്ദ് നൽകിയ അഭിമുഖത്തിൽനിന്ന്:
അഞ്ചാം തവണ ലോക ചാമ്പ്യൻപട്ടം. ഈ നേട്ടത്തിൽ എന്തു തോന്നുന്നു?
* ലോക ചാമ്പ്യൻഷിപ് മത്സരങ്ങൾ എല്ലായ്പ്പോഴും കടുത്തതാണെന്ന് എനിക്കറിയാം. വളരെ ശ്രമകരമായ വെല്ലുവിളിയാണത്. ആ പോരാട്ടങ്ങൾക്കുശേഷം ഒരാൾക്കു മാത്രമേ തലയെടുപ്പോടെ നിൽക്കാൻ കഴിയൂ. ആ ഒരാൾ ഞാനായിരിക്കണമെന്ന് എല്ലാവരും പ്രതീക്ഷിക്കും. ലോക ചാമ്പ്യൻഷിപ്പിൻെറ മത്സരഹാളിലേക്ക് പ്രവേശിക്കുമ്പോൾ, എതിരാളിയെ കാണുമ്പോൾ ഒക്കെ വികാരം വ്യത്യസ്തമാണ്. തീ൪ച്ചയായും മുന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് നിങ്ങൾ വല്ലാതെ ബോധവാനായിരിക്കും.
ഇനി ഏതെങ്കിലും ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ബാക്കിയിരിപ്പുണ്ടെന്ന് കരുതുന്നുണ്ടോ?
* ഈ നേട്ടത്തെ ഞാൻ ആ അ൪ഥത്തിൽ കണക്കുകൂട്ടിയിരുന്നില്ല. ഇനി ഒന്നുരണ്ടാഴ്ച ചെസിൽനിന്ന് പൂ൪ണമായും വിശ്രമമെടുക്കണം. അതിനുശേഷം അടുത്ത മാസം അവസാനത്തോടെ റുമേനിയയിൽ ഒരു ടൂ൪ണമെൻറിൽ കളിക്കാനുണ്ട്. അവിടെ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നതാണ് ഞാൻ ഉറ്റുനോക്കുന്നത്. ഏതെങ്കിലും കാലത്ത് പൂ൪ണ സംതൃപ്തനാകുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.
സ്വയം എങ്ങനെയാണ് വെല്ലുവിളി ഒരുക്കുന്നത്. പുതിയ ഉയരങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടോ?
* പുതിയ വെല്ലുവിളികൾ എപ്പോഴും നമ്മെ തേടിയെത്തും. ജീവിതത്തിൽ അത് പതിവുള്ളതാണല്ലോ. ഇപ്പോൾ അടുത്ത വെല്ലുവിളിയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നതേയില്ല. ഇപ്പോൾ സംസാരിക്കുമ്പോൾ കിരീടം നിലനി൪ത്താൻ കഴിഞ്ഞുവെന്ന ആശ്വാസമാണ് എൻെറ മനസ്സിലുള്ളത്.
എതിരാളി ഉയ൪ത്തിയ കടുത്ത വെല്ലുവിളി പരിഗണിക്കുമ്പോൾ ഈ ജയത്തെ എങ്ങനെ കാണുന്നു?
* ലക്ഷ്യത്തിലെത്തിയ വഴി വിലയിരുത്തുമ്പോൾ ഇതായിരുന്നു കടുപ്പമേറിയ പോരാട്ടമെന്ന് പറയേണ്ടിവരും. സ്വത$സിദ്ധമായ ഗെയിം പുറത്തെടുക്കാൻ ബോറിസ് ഗെൽഫാൻഡ് ഒരിക്കലും എന്നെ അനുവദിച്ചില്ല. അദ്ദേഹത്തെപ്പോലെ ഞാനും ജാഗരൂകനായി കരുനീക്കേണ്ടിവന്നു. എൻെറ ഊഴത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.
സ്പീഡ് ഗെയിമിൽ താങ്കൾ കേമനാണ്. എന്നിട്ടും ടൈബ്രേക്കറിൽ മുൻതൂക്കത്തോടെ തുടങ്ങാൻ കഴിഞ്ഞില്ലല്ലോ.
*യഥാ൪ഥത്തിൽ ഗെൽഫാൻഡും വളരെ മികച്ച റാപിഡ് ചെസ് പ്ളെയറാണ്. പക്ഷേ, ലോക ചാമ്പ്യൻഷിപ്പിൻെറ വിധിനി൪ണയം റാപിഡ് ഗെയിമിലേക്ക് നീളുമ്പോൾ എനിക്ക് മാനസികമായി കരുത്ത് ലഭിക്കാറുണ്ടെന്നത് നേര്.
ആളുകൾ നിങ്ങളെ സചിൻ ടെണ്ടുൽകറുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അതേക്കുറിച്ച്?
* ഈ താരതമ്യപ്പെടുത്തലുകളോട് എനിക്ക് താൽപര്യമില്ല. എല്ലാ കായികതാരങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.