മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണത്തിന് തമിഴ് നാട് പൊലീസിനെ അയക്കും

ചെന്നൈ: മുല്ലപ്പെരിയാ൪ ഡാമിൽ കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ നിയോഗിച്ചില്ലെങ്കിൽ ഡാമിന്റെ അറ്റകുറ്റപ്പണികൾക്ക് സംരക്ഷണം നൽകാൻ തമിഴ്നാട് പൊലീസിനെ അയക്കേണ്ടിവരുമെന്ന് ജയലളിത. ഇന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് അയച്ച കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭീഷണി.


ഡാമിന്റെ ഉറപ്പ് അറിയാൻ സുപ്രീംകോടതി ഉന്നതാധികാര സമിതി ആറിടത്ത് തുളകളിട്ട് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകൾക്കു ശേഷമാണ് ഡാമിന് നല്ല ഉറപ്പുണ്ടെന്ന് സുപ്രീംകോടതിയിൽ റിപ്പോ൪ട്ട് നൽകിയത്. തുളകൾ അടക്കാൻ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ധ൪ നടപടിയെടുത്തിരുന്നില്ല. തുളകൾ അടിയന്തരമായി അടച്ചില്ലെങ്കിൽ വെള്ളം കടന്ന് തുളകളുടെ വ്യാപ്തി വ൪ധിക്കുമെന്നും ഡാം തകരുമെന്നുമാണ് തമിഴ്നാട് പൊതുമരാമത്ത് എൻജിനീയ൪മാ൪ പറയുന്നത്. തുള അടക്കാനെത്തിയ തമിഴ്നാട് സംഘത്തെ കേരളം തിരിച്ചയച്ചിരുന്നു. ഇതാണ് ജയലളിതയെ പ്രകോപിപ്പിച്ചത്.


തുളകൾ അടച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ഡാമിന്റെ നിലനിൽപിന് അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് വിസമ്മതിക്കുന്ന കേരളത്തിന്റെ നടപടി അപലപനീയമാണ്. ഇതുസംബന്ധിച്ച് കേരളത്തെ ഉപദേശിക്കണം. ഡാമിന്റെ സംരക്ഷണത്തിന് അടിയന്തരമായി കേന്ദ്ര വ്യവസായ സംരക്ഷണസേനയെ നിയോഗിക്കണം. അല്ലെങ്കിൽ തമിഴ്നാട് പൊലീസിനെ അയച്ച് ഡാമിന്റെ സംരക്ഷണ ജോലികൾ നടത്തേണ്ടിവരും ജയലളിത മുന്നറിയിപ്പു നൽകി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.