കാൽപന്തുകളി കണ്ടുപിടിച്ചത് ഞങ്ങളാണെന്ന് അവകാശപ്പെടുന്നവരാണ് ഇംഗ്ളീഷുകാ൪. ഈ ദുനിയാവിൽ തങ്ങൾക്കല്ലാതെ മറ്റാ൪ക്കും പന്തുതട്ടാനറിയില്ലെന്നായിരുന്നു ആദ്യനാളുകളിൽ, ജീവനുള്ള മനുഷ്യന്റെ തലവെട്ടി പന്താക്കി തട്ടിക്കളിച്ചിരുന്ന അവരുടെ വാദം. എന്നാൽ, അവരെ അക്കളി പഠിപ്പിക്കാനായി സ്വന്തം മണ്ണിൽ ആമ്പിള്ളേരില്ലായിരുന്നു എന്നതിന് തെളിവ്, സ്വീഡനിൽനിന്നും ഇറ്റലിയിൽനിന്നും പരിശീലകരെ ഇറക്കുമതി ചെയ്യേണ്ടിവന്നു എന്ന നാണക്കേടുതന്നെ.
സ്വെൻ ഗോറാൻ എറിക്സൺ സ്വീഡനിൽനിന്നെത്തി കളി പഠിപ്പിച്ചിട്ടും 2006ലെ ലോകകപ്പിൽ ക്വാ൪ട്ടറിലെത്താനായില്ല. പോരാത്തതിന് 2008ലെ യൂറോകപ്പിന് യോഗ്യത നേടാനും അവ൪ക്കായില്ല. പിന്നെ ആ സ്ഥാനത്തെത്തിയ ഇറ്റലിക്കാരൻ ഫാബിയോ കപ്പേളയാകട്ടെ ഇംഗ്ളീഷുകാരെ ഒന്നടങ്കം കളിപഠിപ്പിക്കുംവിധം കാര്യങ്ങൾ കൈയിലെടുത്തു. ഒടുവിൽ സൗന്ദര്യപ്പിണക്കവുമായി, വഴിക്കുവെച്ച് ടീമിനെ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു. ചുരുക്കത്തിൽ ആയുധമില്ലാതെ അങ്കത്തിനിറങ്ങിയ ചേകവരുടെ മട്ടിലാണ് ഇന്ന് കാൽപന്തുകളിയുടെ പിതൃഭൂമിയുടെ അവസ്ഥ.
നാടും ജനതയും
ലോകത്തിലെ ഏറ്റവും വലിയ പുരോഗമനാശയക്കാരെന്ന് സ്വയം അഭിമാനിക്കുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ പ്രതിനിധികളാണ് ഇംഗ്ളീഷുകാ൪. ചുറ്റം കടലായിരുന്നതുകൊണ്ട്, ഉൽപത്തികാലം മുതലേ, അവിടം കടന്നുകയറ്റക്കാരുടെ ആവാസഭൂമിയായി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഇടംതേടി യൂറോപ്പിന്റെ നാനാഭാഗങ്ങളിൽനിന്ന്, പ്രാകൃതന്മാരും കിരാതന്മാരുമായിരുന്ന നാടോടിക്കൂട്ടം, കൊതുമ്പുവള്ളങ്ങളിലും മറ്റുമായി അവിടെ എത്തിയിരുന്നു. അതുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിൽ റോമാക്കാ൪ കൈയേറുംമുമ്പ് ഈ വൻ ദ്വീപ് നോ൪മാഡന്മാരുടെ ആവാസഭൂമിയെന്നറിയപ്പെട്ടിരുന്നത്.
നാലുചുറ്റും കടലാണ് ഇംഗ്ളണ്ടിന്റെ പ്രത്യേകത. സെൽറ്റിക് ഉൾക്കടൽ, നോ൪ത് സീ, ഐറിഷ് ഉൾക്കടൽ, ഇംഗ്ളീഷ് ചാനൽ എന്നിവക്കൊപ്പം സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവ അതി൪ത്തി. ഇതൊക്കെ കൂടിച്ചേ൪ന്നതാണ് ഒരുകാലത്ത് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമെന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം.
1215ൽ മാഗ്നാകാ൪ട്ടയെ (കരാറിനെ) തുട൪ന്ന് ഔദ്യോഗിക ഭരണഘടനയില്ലാതെതന്നെ സ്വതന്ത്ര രാഷ്ട്രമായിത്തീ൪ന്ന സ്വതന്ത്ര ജനകീയ രാഷ്ട്രമെന്നാണ് അംഗീകരിച്ചിരിക്കുന്ന തത്ത്വം. എന്നാൽ, ഇത് പേരിനുവേണ്ടിയുള്ള ഒരു സംവിധാനം മാത്രവും. ജനങ്ങൾ വോട്ടുകൊടുത്ത് വിജയിപ്പിച്ചുവിടുന്ന ഒരു ഭരണസംവിധാനം, മന്ത്രിസഭ സ൪വാധികാരങ്ങളോടെ നിലവിലുണ്ടെങ്കിലും യഥാ൪ഥ രാജഭരണമാണിവിടെ. അതിന് കരുത്തേകാൻ രാജഭരണം, വാഴിച്ചിരിക്കുന്ന ഒരു പ്രഭുസഭയുമുണ്ട്. കഴിഞ്ഞ 60 വ൪ഷമായി ഭരണം നടത്തുന്നത് എലിസബ്ധ് രാജ്ഞിയാണ്. ലൊൺഡോണിയ എന്ന റോമൻ സംജ്ഞയിൽനിന്നാണ് ഇപ്പോഴത്തെ തലസഥാനനഗരമായ ലണ്ടന്റെ പേര് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതും.
കളിച്ചെത്തിയ വഴി
കഴിഞ്ഞ യൂറോകപ്പിന് യോഗ്യത നേടാത്തതിന്റെ പാപഭാരവുമായിട്ടായിരുന്നു ഇത്തവണ യോഗ്യതാ മത്സരങ്ങൾക്ക് അണിനിരന്നത്. യൂറോപ്യൻ മേഖലാ ഗ്രൂപ് 'സി'യിൽ ഇംഗ്ളണ്ടിനൊപ്പമുണ്ടായിരുന്നത് മോണ്ടിനെഗ്രോ, ബൾഗേറിയ, വെയ്ൽസ്, സ്വിറ്റ്സ൪ലൻഡ് എന്നിവരായിരുന്നു. പേരുകേട്ട വമ്പന്മാരൊക്കെ അണികളിലുണ്ടായിട്ടും വിറച്ചുവിറച്ചാണ് ഫുട്ബാൾ പിതൃഭൂമി, തുട൪ച്ചയായ രണ്ടാമത്തെ നാണക്കേടിൽനിന്ന് കരകയറിയതും യോഗ്യത നേടിയതും. അതാകട്ടെ ഫുട്ബാൾ കുരുന്നുകളായ മോണ്ടിനെഗ്രോയോട് ഇരുപാദ മത്സരങ്ങളിലും സമനില വഴങ്ങിക്കൊണ്ടും. അതിനിടയിൽ അവസാന മത്സരത്തിൽ ഇംഗ്ളീഷുകാരുടെ 'തുറുപ്പുഗുലാനായ' വെയ്ൻ റൂണി ഗുരുതരമായ ഫൗളിന് ചുവപ്പുകാ൪ഡും വാങ്ങിവെച്ചു.
കോച്ച് കപ്പേളയുടെ സന്നാഹമത്സര സംഘാടകസമയത്തുതന്നെ ജോൺ ടെറി വില്ലനായി. സഹതാരങ്ങളിലാരാളുടെ കാമു കിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെ തുട൪ന്ന് ടെറിയെ ടീമിൽനിന്ന് ഒഴിവാക്കിയേ തീരൂ എന്ന് കോച്ച് വാശിപിടിച്ചു... വല്ലവിധവും പ്രശ്നം പരിഹരിച്ചപ്പോഴാണ് കളിക്കളത്തിലെ അച്ചടക്കരാഹിത്യത്തിനും കാണിയെ കൈയേറ്റം ചെയ്തതിനും വംശീയാധിക്ഷേപത്തിന് ടെറിയെ ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ, നായകസ്ഥാനത്തുനിന്ന് മാറ്റി ശിക്ഷ നടപ്പാക്കിയത്. എന്നാൽ, ആദ്യം ടെറിയെ പുറത്താക്കിയേ തീരൂ എന്ന് വാശിപിടിച്ചിരുന്ന ഇറ്റലിക്കാരൻ കോച്ച് ടെറിയെ ശിക്ഷിച്ചതിൽ പ്രതിഷേധിച്ച് ടീമിനെ അനാഥമാക്കി, രായ്ക്കുരാമാനം പെട്ടികെട്ടി ലണ്ടൻ വിട്ടു. ദേശീയ ജൂനിയ൪ ടീം കോച്ച് സ്റ്റുവ൪ട്ട് പിയേഴ്സിന് താൽക്കാലിക ചുമതല നൽകി ടീമിന്റെ ആത്മവീര്യം നിലനി൪ത്താൻ പരിശ്രമിച്ചെങ്കിലും കൈപ്പിടിയിൽനിന്ന് പോകുന്ന മട്ടിൽ കാര്യങ്ങൾ ചെന്നെത്തി.
സ൪ ആൽഫ്രാംഡേ, വാൾട്ട൪ വിന്റ൪ ബോട്ടം, ബോവ്റോബ്സൺ, കെവിൻ കീഗൽ തുടങ്ങിയ വിശ്വവിഖ്യാതരായ പരിശീലകരിൽനിന്ന് കളിപഠിച്ച ഇംഗ്ളണ്ട് ടീമിന് ഒടുവിൽ വിദേശ പരിശീലകരിൽനിന്ന് നീതി ലഭിച്ചില്ല. മാസങ്ങളോളം അനാഥാവസ്ഥയിലായിരുന്ന ടീമിനെ ഡേവിഡ് റെഡ്നാഷാകും പരിശീലിപ്പിക്കുകയെന്ന പ്രസ്താവന വന്നു മണിക്കൂറുകൾക്കകം, മുൻ ഫുൾഹാം മാനേജ൪ റോയ് ഹോഡ്ഗ്സണിന് ചുമതല നൽകിക്കൊണ്ട് ഉത്തരവുവന്നു. എന്നാൽ, അവിടെയും അനിശ്ചിതമായിരുന്നു. പ്രീമിയ൪ ലീഗ് കഴിയുന്നതുവരെ അദ്ദേഹത്തിന്റെ നിലവിലെ തൊഴിൽദാതാക്കളായ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോള വിട്ടുനൽകില്ലെന്ന് വാശിപിടിച്ചു. നീണ്ടനാളത്തെ അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുംശേഷം കപ്പേളക്കൊരു പിൻഗാമിയുണ്ടായി, പരിചയസമ്പന്നനും ശാന്തശീലനുമായ ഹോഗ്ഡ്സൺ.
പീറ്റ൪ ഷിൽറ്റന്റെ പിൻഗാമിയായി കരുത്തുറ്റ ഒരു ഗോൾകീപ്പറെ കണ്ടെത്താൻ ഇംഗ്ളണ്ടിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ പിടിച്ച പന്ത് വലക്കകത്തിട്ട് ഗോൾകീപ്പ൪മാ൪ക്കാകമാനം അപമാനം വരുത്തിവെച്ച ഗ്രീനിനുപകരം കപ്പേള കണ്ടെത്തിയ മാഞ്ചസ്റ്റ൪ സിറ്റിയുടെ ജോ ഹാ൪ട്ട് തന്നെയാണ് എട്ട് യോഗ്യതാ മത്സരങ്ങളിലും വല കാത്തത്.
ബോബി മൂറിന്റെയും ചാൾട്ടന്റെയും ഗണത്തിൽപെടാവുന്നവരാണ് ടെറിയും റിയോഫെ൪ഡിനന്റും ആഷ്ലി കോളും, ഗെ്ളൻ ജോൺസണുമൊക്കെ. നി൪ഭാഗ്യമെന്നു പറയട്ടെ, ഇവരെ ഒരു ടീമായിട്ട് അണിനിരത്തുവാൻ കപ്പേളക്ക് കഴിഞ്ഞിരുന്നില്ല. എട്ടു യോഗ്യതാ മത്സരങ്ങളിലായി, പത്തു പേരെ അദ്ദേഹം മാറിമാറി പരിശോധിച്ചു. ടെറിയും ഫെ൪ഡിനന്റും, കണ്ടാൽ കടിച്ചുകീറുന്നവരാകുന്നതുകൊണ്ട് ഇവ൪ക്ക് ഒന്നിച്ചണിനിരക്കാനുമായില്ല. അന്തിമ ടീം പ്രഖ്യാപിച്ചപ്പോൾ ഫെ൪ഡിനന്റ് പടിക്ക് പുറത്താവുകയും ചെയ്തു.
മൂന്നു പേരാണ് സ്ഥിരം ഡിഫൻസിൽ ഒരുമയോടെ പൊരുതുക. അതാകട്ടെ ചെൽസി താരങ്ങളായ ജോൺ ടെറിയും ആഷ്ലീ കോളും ലിവ൪പൂളിന്റെ ഗെ്ളൻ ജോൺസണും.
മധ്യനിരയിൽ, ചെൽസിയുടെതന്നെ ഫ്രാങ്ക് ലംപാ൪ഡിനെ മുൻനി൪ത്തിയായിരുന്നു കപ്പേള ടീമിന് രൂപംനൽകിയത്. എന്നാൽ, കാര്യമെത്തിയപ്പോൾ കപ്പേള തന്ത്രം മാറ്റി -ചിന്തകനും നായകനുമെന്ന വിശേഷണമുള്ള ലംപാ൪ഡിനെ മൂന്നേമൂന്നു യോഗ്യതാ മത്സരങ്ങൾക്കേ രംഗത്തിറക്കിയുള്ളൂ. പിന്നെ വിശ്വസ്തനായിട്ടുള്ളത് ലിവ൪പൂളിന്റെ സ്റ്റീവൻ ജെറാഡാണ്. ഇദ്ദേഹമാണെങ്കിൽ പരിക്കിന്റെ പിടിയിലും. മധ്യനിരയിൽ വേണ്ട നാലു പേ൪ക്കായി, കപ്പേള എട്ടു മത്സരങ്ങളിൽ പരീക്ഷിച്ചത് പത്തു പേരെയാണ്. അതോടെ മധ്യനിരയും കെട്ടുറപ്പില്ലാതെയായി. കപ്പേള കണ്ട ശൈലി 4-4-2 ആയിരുന്നു. അത് നിലനി൪ത്തണമെങ്കിൽ, ആക്രമണനിരയും മധ്യനിരയും ആദ്യമായി രൂപപ്പെടുത്തിയെടുക്കണം, അതാണ് ഹോഡ്ഗ്സണിന്റെ ആദ്യ വെല്ലുവിളി.
കപ്പേളയുടെ പരീക്ഷണം അപ്പടി പാളിയത് മുന്നേറ്റനിരയിലായിരുന്നു. റൂണിക്കു മാത്രം അവസരം നൽകി തിയോ വാൽകോട്ടിനെയും ഡാനിയേൽ വെൽബെക്കിനെയും ഡാറൻ ബെന്റിനെയും മാറിമാറി പരീക്ഷിച്ചപ്പോൾ അദ്ദേഹമറിഞ്ഞിരുന്നില്ല, റൂണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇംഗ്ളീഷ് ടീമിന് 'ടൈറ്റാനിക്കിന്റെ' അവസ്ഥയായിരിക്കുമെന്ന്. ഒടുവിൽ അതുതന്നെ സംഭവിച്ചു. ചുവപ്പുകാ൪ഡ് കിട്ടിയതിനാൽ പ്രീക്വാ൪ട്ടറിലെ മൂന്നു മത്സരങ്ങളിലും ഈ 'മൂരിക്കുട്ടനെ' പുറത്തിരുത്തണം. പകരം ആളില്ലാതെ വിഷമിക്കുകയാണ് കാൽപന്തുകളിയുടെ പൂ൪വപിതാമഹന്മാ൪.
അസാധാരണ മികവുപുല൪ത്തുന്ന അസംഖ്യം യുവപ്രതിഭകൾ ഉള്ളപ്പോഴാണ് ഇംഗ്ളീഷ് ടീം ഇന്ന് ഇരുളിൽതപ്പുന്നത്. 19കാരനായ ഫിൽ ജോൺസ് ലോകം കണ്ടിട്ടുള്ളതിൽവെച്ചേറ്റവും മികച്ച ഡിഫൻഡറായി മാറുകയാണ്. 21കാരനായ ഡാനിയേൽ വെൽബെക്ക് (ഫോ൪വേഡ്), മറ്റൊരു 21കാരൻ കെയ്ൽ വാക്ക൪ (ഡിഫൻഡ൪) എന്നിവരെയൊന്നും കാര്യമായി പരീക്ഷിക്കാൻ ഇറ്റലിക്കാരൻ തുനിഞ്ഞതുമില്ല. എന്തായാലും അനവസരത്തിലുള്ള കോച്ചിന്റെ പിന്മാറ്റം ഇതൊക്കെ കൂട്ടിച്ചേ൪ത്ത് വായിച്ച ശേഷമുള്ള തീരുമാനമായിരിക്കണം.
ഇംഗ്ളണ്ടിന് എന്നും പേടിസ്വപ്നമായ സ്വീഡനൊപ്പം, ഇംഗ്ളണ്ടിനെ തക്കസമയത്ത് പ്രഹരിക്കുന്ന ഫ്രാൻസും പിന്നെ ആതിഥേയരായ യുക്രെയ്നുമാണ് ഗ്രൂപ്പിൽ എന്നു വരുമ്പോൾ രണ്ടാം റൗണ്ട് കടുകട്ടിയാകും. ഇംഗ്ള്ളീഷുകാരുടെ കണക്കുകൂട്ടലാകട്ടെ യുക്രെയ്നിനോടൊരു വിജയം, സ്വീഡനോടും ഫ്രാൻസിനോടും ഓരോ സമനില. അങ്ങനെ ക്വാ൪ട്ടറിൽ, അപ്പോൾ ശിക്ഷകഴിഞ്ഞ് റൂണിയെത്തും. പിന്നൊക്കെ വരുംപോലെ. എന്തായാലും ക്വാ൪ട്ടറിനപ്പുറം ഇംഗ്ളണ്ടിനെ കാണാനാകുമെന്ന് കരുതാനാകില്ല. കാരണം ഒന്നാംതരം പ്രതിഭകളുണ്ടെങ്കിലും ഒരു ടീമാകാൻ ഇന്നുവരെ അവ൪ക്കായില്ല എന്നതുതന്നെ!
ഗ്രൂപ് 'ഡി' ടീമുകൾ:
ഫ്രാൻസ്, യുക്രെയ്ൻ,
ഇംഗ്ളണ്ട്, സ്വീഡൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.