കളിക്കളത്തിൽ അദ്ഭുതം വിരിയിച്ചവ൪ ചേ൪ന്നൊരുക്കിയ അക്ഷരോപഹാരം മറ്റൊരു വിസ്മയമായി. കാലിക്കറ്റ് സ൪വകലാശാലയിലെ പഴയകാല ഫുട്ബാള൪മാരുടെ കൂട്ടായ്മ പുറത്തിറക്കിയ സുവനീറാണ് ഭാഷാവിഷയ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായത്. 248 പേജുള്ള സുവനീറിനെ സ്പോ൪ട്സ് എൻസൈകേ്ളാപീഡിയ എന്നാണ് അണിയറശിൽപികൾ വിശേഷിപ്പിക്കുന്നത്.
കളിക്കാരും കളിയെഴുത്തുകാരും സംഘാടകരും ഒഫിഷ്യലുകളും മുതൽ നയതന്ത്രജ്ഞരും ജഡ്ജിമാരും വരെ അണിനിരക്കുന്ന ഇതിൽ 26 ഭാഷകളിലുള്ള ലേഖനങ്ങളുണ്ട്. ഏഴുവയസ്സുകാരൻ ഗ്രേസ് മെറിൻ മുതൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കായികതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധരം പാൽ ഗുജാ൪ വരെ സുവനീറിലെ എഴുത്തുകാരാണ്.
ലോകത്തെയും രാജ്യത്തെയും പ്രധാന ടൂ൪ണമെന്റുകളിലെ ചാമ്പ്യന്മാരുടെ പട്ടികയും കളിയുടെ ചരിത്രവും നിയമവും ഇന്ത്യൻ ഫുട്ബാളിന്റെ കുതിപ്പുംകിതപ്പുമെല്ലാം താളുകൾക്ക് മൂല്യം കൂട്ടുന്നു. ഇംഗ്ളീഷ്,മലയാളം,ഹിന്ദി എന്നിവക്കുപുറമെ സംസ്കൃതം,തെലുങ്ക്, ബംഗാളി,പഞ്ചാബി, കന്നഡ, തമിഴ്, കൊങ്കിണി, ഗുജറാത്തി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും പോ൪ചുഗീസ്, ഹീബ്രു, സ്പാനിഷ്, ജ൪മൻ, ട൪കിഷ്, ചൈനീസ്, ലാറ്റിൻ, അറബിക്, ഫ്രഞ്ച്, അരാമിക് ഭാഷകളിലും സംഘടനയെ പരിചയപ്പെടുത്തുന്നു. കാലിക്കറ്റ് സ൪വകലാശാലയുടെ കായികമുന്നേറ്റം വരച്ചുകാട്ടുന്ന ഈ സ്മരണികയിൽ സ്പോ൪ട്സ് ഗൈനക്കോളജി മുതൽ സ്പോ൪ട്സ് എൻജിനീയറിങ് വരെ പ്രതിപാദ്യവിഷയങ്ങളാണ്. കായിക ഗവേഷണം, ചരിത്ര ഡയറക്ടറി, കാലിഡോസ്കോപ്, പ്രമുഖ കളിക്കാരുടെ പട്ടിക തുടങ്ങി 18 വിഭാഗങ്ങളിൽ സൃഷ്ടികൾ വിന്യസിച്ച ഇതിൽ പി.ടി.ഉഷയും പ്രീജ ശ്രീധരനും ഉൾപ്പെടെ 30ഓളം വനിതകൾ എഴുത്തുകാരായി എത്തുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി എക്സ് ഫുട്ബാളേഴ്സ് അസോസിയേഷൻ (ക്യൂഫ) വാ൪ഷികത്തോടനുബന്ധിച്ചാണ് സുവനീ൪ പുറത്തിറക്കിയത്. പ്രകാശനം കാലിക്കറ്റ് സ൪വകലാശാല പ്രൊ. വി.സി പ്രഫ.കെ.രവീന്ദ്രനാഥ് കളിയെഴുത്തുകാരൻ കെ.അബൂബക്കറിന് ആദ്യകോപ്പി നൽകി നി൪വഹിച്ചു.
പി.വി.ഗംഗാധരൻ, കെ.ജെ മത്തായി, എം.ഇ.ബി കുറുപ്പ്, കമാൽ വരദൂ൪, റിയാസ് കോമു, ഡോ.സക്കീ൪ ഹുസൈൻ തുടങ്ങിയവ൪ സംസാരിച്ചു. എഡിറ്റ൪ അഡ്വ.ജോസ് പി.ജോ൪ജ് സുവനീ൪ പരിചയപ്പെടുത്തി.ക്യൂഫ പ്രസിഡന്റ് സി.പി.എം ഉസ്മാൻ കോയ സ്വാഗതവും സെക്രട്ടറി വിക്ട൪ മഞ്ഞില നന്ദിയും പറഞ്ഞു.
രാവിലെ കോ൪പറേഷൻ സ്റ്റേഡിയത്തിൽ ക്യൂഫ അംഗങ്ങളുടെ സൗഹൃദ ഫുട്ബാൾ മത്സരം നടന്നു. മുൻ ഇൻ൪൪നാഷനൽ ഗോൾകീപ൪ കെ.പി. സേതുമാധവൻ നയിച്ച ടീം മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരിയുടെ ടീമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. കാലിക്കറ്റിന്റെ പഴയ പടക്കുതിരകളായ ഷറഫലി, ഇട്ടി മാത്യു, ബെന്നി, സി.ഉമ്മ൪, അബ്ദുൽ ഹമീദ്, കണ്ണൻ, അഷ്റഫ്, സലീം തുടങ്ങിയവ൪ വീണ്ടും ബൂട്ടുകെട്ടിയപ്പോൾ കോച്ച് സി.പി.എം ഉസ്മാൻ കോയ വിസിലുമായി റഫറിയുടെ വേഷത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.