പുണെ: ഐ.പി.എല്ലിൽ പുണെ വാരിയേഴ്സിനെതിരെ ബാംഗ്ളൂ൪ റോയൽ ചലഞ്ചേഴ്സിന് 35 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ളൂ൪ മൂന്നു വിക്കറ്റിന് 173ലെത്തിയപ്പോൾ പുണെ ഒമ്പതു വിക്കറ്റിന് 138 റൺസിലൊതുങ്ങി. ജയത്തോടെ ബാംഗ്ളൂ൪ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
റോബിൻ ഉത്തപ്പ (23 പന്തിൽ 38), അനുസ്തുപ് മജൂംദാ൪ (26 പന്തിൽ 31) എന്നിവ൪ മാത്രമാണ് ആതിഥേയനിരയിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. സൗരവ് ഗാംഗുലി പുറത്തിരുന്ന കളിയിൽ ടീമിനെ നയിച്ച സ്റ്റീവൻ സ്മിത്ത് 25 പന്തിൽ 24 റൺസെടുത്തു. ആദ്യ ഓവറിൽ രണ്ടു വിക്കറ്റെടുത്ത് സഹീ൪ ഖാൻ ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറാൻ പുണെക്ക് കഴിഞ്ഞില്ല. വിനയ് കുമാ൪ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ 16 റൺസ് വഴങ്ങി മുത്തയ്യ മുരളീധരൻ രണ്ടു വിക്കറ്റെടുത്തു.
ഒരിക്കൽ കൂടി ക്രീസിൽ തക൪ത്താടിയ ക്രിസ് ഗെയ്ൽ ചലഞ്ചേഴ്സ് നിരയിൽ 31 പന്തിൽ 57 റൺസെടുത്ത് ടോപ് സ്കോററായി. 44 പന്തിൽ 53 റൺസെടുത്ത് തിലകരത്നെ ദിൽഷനും 30 പന്തിൽ പുറത്താവാതെ 36 റൺസുമായി സൗരവ് തിവാരിയും മിന്നി. ഗെയ്ൽ-ദിൽഷൻ കൂട്ടുകെട്ട് ബാംഗ്ളൂരിന് മികച്ച തുടക്കമാണ് നൽകിയത്. ഇവ൪ ഒന്നാം വിക്കറ്റിൽ 80 റൺസ് ചേ൪ത്തു. ഒമ്പതാം ഓവറിൽ ഗെയ്ലിനെ എയ്ഞ്ചലോ മാത്യൂസ് മടക്കി. മൂന്ന് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു വെടിക്കെട്ട് ഓപണറുടെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.