ലോക ചെസ്: ആദ്യ മത്സരം സമനിലയില്‍

മോസ്കോ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് സമനിലയോടെ തുടക്കം. ഇസ്രായേലിന്റെ ബോറിസ് ഗെൽഫാൻഡുമായുള്ള ആദ്യ മത്സരത്തിൽ ഇരുവരും അര പോയന്റ് പങ്കിട്ടു. മത്സരത്തിന് മുമ്പ് ജയസാധ്യത കൽപിക്കപ്പെട്ടിരുന്നെങ്കിലും  പ്രവചനങ്ങൾക്കൊത്ത് കരുനീക്കാൻ ആനന്ദിന് കഴിഞ്ഞില്ല. 24 നീക്കങ്ങൾക്കൊടുവിലാണ് ആനന്ദ് സമനിലക്ക് സമ്മതിച്ചത്.
ആദ്യ മത്സരത്തിലെ പ്രകടനം 12 റൗണ്ടുകളുള്ള ടൂ൪ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഗെൽഫാൻഡിന് പ്രചോദനമേകും. രണ്ടാം മത്സരത്തിൽ ശനിയാഴ്ച വെള്ളക്കരുക്കളുമായണ് ഗെൽഫാൻഡ് കളി തുടങ്ങുക.
സ്റ്റേറ്റ് ട്രിറ്റ്യാക്കോവ് ഗാലറിയിൽ വെള്ളക്കരുക്കളുമായി ആദ്യമത്സരം കളിക്കാനിറങ്ങിയ ഇന്ത്യൻ താരത്തിന് മികച്ച തുടക്കത്തിലേക്ക് അത് മുതലെടുക്കാനായില്ല. ആദ്യ നീക്കങ്ങളിൽ ആനന്ദ് കരുത്തുകാട്ടിയെങ്കിലും  ഇടക്ക് തിരിച്ചുവന്ന ഗെൽഫാൻഡ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ശക്തനായ എതിരാളിയെ തളക്കുകയായിരുന്നു. പതിവിൽനിന്ന് വിപരീതമായി സാവകാശ നീക്കങ്ങളിലൂടെയാണ് മത്സരം പുരോഗമിച്ചത്. ഗ്രുവെൻഫെൽഡ് ഡിഫൻസുമായി ആനന്ദിനെ ചെറുക്കാനിറങ്ങിയ ഗെൽഫാൻഡ് ഒമ്പതാം നീക്കത്തിൽ ആനന്ദിനെ വെല്ലുന്ന മികവ് പുറത്തെടുത്തു. ഇതോടെയാണ് മത്സരത്തിൽ ആനന്ദിന് മേൽക്കൈ നഷ്ടമായത്. 12ാം നീക്കത്തിൽ രാജ്ഞിയെ മുൻനി൪ത്തി എതിരാളിയുടെ കാലാളിനെ വെട്ടിമാറ്റിയ ഗെൽഫാൻഡിനെതിരെ ആക്രമണാത്മകമായ നീക്കവുമായാണ് ആനന്ദ്് പിടിച്ചുനിന്നത്.
13.5 കോടി രൂപ സമ്മാനത്തുകയുള്ള ലോക പോരാട്ടത്തിൽ തുട൪ച്ചയായ നാലാം കിരീടം തേടിയാണ് ആനന്ദ് ഇറങ്ങിയിരിക്കുന്നത്. ഗെൽഫാൻഡിന്റെ ആത്മവിശ്വാസത്തോടെയുള്ള തുടക്കം ചാമ്പ്യൻഷിപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ആവേശകരമായിരിക്കുമെന്ന സൂചനയാണ് നൽകുന്നതെന്ന് ലോക ചാമ്പ്യൻഷിപ്പിനായി നേരത്തെ മാറ്റുരച്ച പ്രമുഖ താരം നിജൽ ഷോ൪ട്ട് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.