യുനൈറ്റഡിനെ വീഴ്ത്തി സിറ്റി മുന്നില്‍

ലണ്ടൻ: ലോകം ഉറ്റുനോക്കിയ മാഞ്ചസ്റ്ററിലെ മരണപ്പോരാട്ടത്തിൽ ജയം സിറ്റിക്കൊപ്പം. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ നഗരവൈരികൾ നേ൪ക്കുനേ൪ മാറ്റുരച്ച അതിനി൪ണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ കൊമ്പുകുത്തിച്ച മാഞ്ചസ്റ്റ൪ സിറ്റി, പോയൻറ് നിലയിൽ എതിരാളികളെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കുയ൪ന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഡേവിഡ് സിൽവ തൊടുത്ത കോ൪ണ൪ കിക്കിൽ ഹെഡറുതി൪ത്ത് ക്യാപ്റ്റൻ വിൻസൻറ് കൊംപനിയാണ് ആതിഥേയ ടീമിന് ആശിച്ച ജയം സമ്മാനിച്ചത്. 36 കളികളിൽ ഇരുടീമിനും 83 പോയൻറ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ സിറ്റിയാണ് മുന്നിൽ.
ഇനി ലീഗിൽ രണ്ടു മത്സരങ്ങൾ വീതമാണ് ഇരു ടീമിനും ശേഷിക്കുന്നത്. രണ്ടു കളികളും ജയിച്ചാൽ റോബ൪ട്ടോ മാൻസീനി പരിശീലിപ്പിക്കുന്ന സിറ്റി ചരിത്രത്തിലാദ്യമായി ലീഗ് കിരീടത്തിൽ മുത്തമിടും. ഞായറാഴ്ച സിറ്റി ന്യൂകാസിലിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ യുനൈറ്റഡിന് സ്വന്തം തട്ടകത്തിൽ സ്വാൻസീക്കെതിരെയാണ് മത്സരം. ഈ മാസം 13ന് അവസാന കളിയിൽ സിറ്റി സ്വന്തം ഗ്രൗണ്ടിൽ ക്യൂൻസ് പാ൪ക് റേഞ്ചഴ്സിനെ നേരിടുമ്പോൾ അന്ന് സണ്ട൪ലാൻഡിനെതിരെ യുനൈറ്റഡ് എവേ മത്സരത്തിനിറങ്ങും.
തോറ്റാൽ കിരീടപ്രതീക്ഷകൾ ഏറക്കുറെ അസ്തമിക്കുമായിരുന്ന മത്സരത്തിൽ അറ്റാക്കിങ്ങിന് പ്രാമുഖ്യം നൽകിയാണ് മാൻസീനി ടീമിനെ വിന്യസിച്ചത്. അ൪ജൻറീനക്കാരായ സെ൪ജിയോ അഗ്യൂറോയും കാ൪ലോസ് ടെവസും മുൻനിരയിൽ അണിനിരന്നപ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡ൪മാരായ ഡേവിഡ് സിൽവയും സമീ൪ നസ്രിയും പിന്തുണ നൽകാനുണ്ടായിരുന്നു. മറുവശത്ത് സ്ട്രൈക്കറായി വെയ്ൻ റൂണിയെ മാത്രം അണിനിരത്തിയ യുനൈറ്റഡ് സമനിലയും തങ്ങൾക്ക് തൃപ്തികരമെന്ന് തോന്നിക്കുന്ന രീതിയിലാണ് കളി മെനഞ്ഞത്.
തുടക്കത്തിൽ യുനൈറ്റഡ് ചില നീക്കങ്ങൾ നടത്തിയെങ്കിലും കൊംപനി നയിച്ച സിറ്റി പ്രതിരോധം ഭേദിക്കാൻ പോന്നതായിരുന്നില്ല. റ്യാൻ ഗിഗ്സിൻെറ കോ൪ണ൪ കിക്കിൽനിന്നുവന്ന നീക്കത്തിൽ മൈക്കൽ കാരിക്കിൻെറ വോളി കൊംപനി തടഞ്ഞിട്ടു.
പതിയെ കളി തങ്ങൾക്കനുകൂലമാക്കിയ സിറ്റി മുന്നേറിക്കളിക്കാൻ തുടങ്ങി. ടെവസിൻെറ നീക്കവും പാബ്ളോ സബലേറ്റയുടെ ശ്രമവും പാളിയ ആദ്യപകുതിയിൽ മേധാവിത്വം പുല൪ത്തിയ സിറ്റിക്ക് അവസാന ഘട്ടത്തിൽ കൊംപനി രക്ഷകനാവുകയായിരുന്നു.
മധ്യനിരയിൽ നിറഞ്ഞുനിന്ന സിറ്റി താരങ്ങളുടെ സാന്നിധ്യം പ്രത്യാക്രമണങ്ങൾ കരുപിടിപ്പിക്കുന്നതിൽ യുനൈറ്റഡിന് വിലങ്ങുതടിയായി. ജീ സുങ് പാ൪കിനെ പിൻവലിപ്പിച്ച് സ്ട്രൈക്കറായ ഡാനി വെൽബെക്കിനെ രംഗത്തിറക്കിയിട്ടും ഫലമുണ്ടായില്ല. മറുവശത്ത് ടെവസിനു പകരം സിറ്റി, നിജൻ ഡി ജോങ്ങിനെ കളത്തിലെത്തിച്ച്  മിഡ്ഫീൽഡ് ഒന്നുകൂടി താരസമ്പുഷ്ടമാക്കി. യായ ടൂറെക്കും ഗാരെത് ബാരിക്കുമിടയിൽ ജോങ്ങിനെ വിന്യസിച്ചതോടെ യുനൈറ്റഡ് മുന്നേറ്റങ്ങൾ തീരെ ഗതിപിടിച്ചില്ല. മത്സരത്തിലുടനീളം റൂണി തീരെ ഫോമിലല്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.