ബംഗളൂരു: ക്രിക്കറ്റിന്റെ മായിക ലോകത്ത് ഭാവി ശോഭനമാകുമെന്ന പ്രതീക്ഷയിലാണ് ഗെയിൽ കുട്ടപ്പൻ എന്ന തിരുവനന്തപുരം സ്വദേശി സുമേഷ്. രഞ്ജി ട്രോഫിയിലും മറ്റ് ആഭ്യന്തര ടൂ൪ണമെന്റുകളിലും പരാജയം പതിവായി മാറിയ കേരള ക്രിക്കറ്റിന് മുഖച്ഛായ മാറ്റുന്നതിനുള്ള പ്രതിഭാ സമ്പത്തിന് ഉടമയാണ് നെടുമങ്ങാട് മീനാങ്കിൾ സ്വദേശിയായ സുമേഷ്. കേരളത്തിലെ ടെന്നിസ് ബാൾ ക്രിക്കറ്റ് ടൂ൪ണമെന്റുകളിൽ അടിച്ചുതക൪ക്കുന്ന സുമേഷ്, ഇപ്പോൾ ക്രിക്കറ്റ് ബാൾ ടൂ൪ണമെന്റുകളിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. സാമ്പത്തിക പരാധീനതയും പരിശീലനത്തിന് എത്താനുള്ള ബുദ്ധിമുട്ടും മൂലം ജില്ലാ ടീമുകളിലോ സംസ്ഥാന ടീമിലോ അംഗമാകാൻ സാധിക്കാതിരുന്ന സുമേഷിന്റെ പ്രതിഭക്ക് അംഗീകാരം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ചെന്നൈ ലീഗിലെ ഫോഴ്സ് വൺ ടീമിലേക്ക് സുമേഷ് തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ചെന്നൈയിലെയും ബംഗളൂരുവിലെയും ചില ടീമുകളും 21കാരനായ സുമേഷിനെ നോട്ടമിട്ടിട്ടുണ്ട്. മികച്ച ടെക്നിക്കും സ്ട്രോക് പ്ലേക്കുള്ള കഴിവും മൂലം വിക്കറ്റ് കീപ്പ൪ കൂടിയായ ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന് ഐ.പി.എൽ പോലുള്ള ട്വന്റി 20 ടൂ൪ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുമെന്ന് പരിശീലക൪ പറയുന്നു.
കേരളത്തിലെ ടെന്നിസ്ബാൾ ടൂ൪ണമെന്റുകളിൽ കാഴ്ചവെച്ച മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ജെ.കെ. മഹേന്ദ്രയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിലേക്ക് സുമേഷ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഇന്ത്യൻ താരം ബ്രിജേഷ് പട്ടേൽ, ഡേവ് ജോൺസൺ എന്നിവരുടെ സഹകരണത്തോടെ കുടകിൽ നടക്കുന്ന രണ്ട് മാസത്തെ പരിശീലന ക്യാമ്പിലാണ് സുമേഷ് ഇപ്പോൾ. ക്യാമ്പിലെ ഏറ്റവും മികച്ച കളിക്കാരൻ സുമേഷാണെന്ന് പരിശീലക൪ ഒന്നടങ്കം പറയുന്നു. കൃത്യമായ പരിശീലനം കിട്ടുകയാണെങ്കിൽ അധികം വൈകാതെ ഇന്ത്യയിലെ മികച്ച കളിക്കാരനാകാനുള്ള പ്രതിഭ സുമേഷിനുണ്ടെന്ന് ജെ.കെ. മഹേന്ദ്രയടക്കമുള്ളവ൪ ചൂണ്ടിക്കാട്ടുന്നു.
വിൻഡീസിന്റെ ക്രിസ് ഗെയിലിന്റെ കളിയോടുള്ള സാമ്യമാണ് സുമേഷിന് ഗെയിൽ കുട്ടപ്പൻ എന്ന പേര് പതിയാൻ കാരണം. കണ്ണൂരും കാസ൪കോടും കൊച്ചിയിലും തിരുവനന്തപുരത്തും എല്ലാം നടക്കുന്ന ടെന്നിസ് ബാൾ ടൂ൪ണമെന്റുകളിൽ അടിച്ചുതക൪ത്താണ് സുമേഷ് ഈ പേര് സ്വന്തമാക്കിയത്. ഗെയിലിന്റെ കളിയോട് സാമ്യമുണ്ടെങ്കിലും സുമേഷിന്റെ ഇഷ്ട കളിക്കാരൻ ആസ്ട്രേലിയയുടെ ഷെയിൻ വാട്സണാണ്. മീനാങ്കിളിൽ വീടിനോട് ചേ൪ന്ന് അച്ഛൻ ബാബു നടത്തുന്ന ചെറിയ കടയാണ് സുമേഷിന്റെ കുടുംബ്ധിന്റെ ഏക വരുമാന മാ൪ഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.