ഡാറ്റാ സെന്റര്‍ കൈമാറ്റം: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

ന്യൂദൽഹി: സിഡാക്കിന്റെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പിനുള്ള കരാ൪ റിലയൻസ് കമ്യൂണിക്കേഷന് കൈമാറിയത് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന സ൪ക്കാ൪ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിവാദ ഇടനിലക്കാരായ ടി.ജി നന്ദകുമാ൪ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

നേരത്തെ കേസിൽ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ, ടി.ജി നന്ദകുമാ൪ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോ൪ജ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ സമയത്ത് കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് സംസ്ഥാന സ൪ക്കാ൪ വ്യക്തമാക്കിയതോടെ ഹൈകോടതി ഹരജി തീ൪പ്പാക്കുകയായിരുന്നു. എന്നാൽ ഹൈകോടതി ഹരജി തീ൪പ്പാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നന്ദകുമാ൪ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

നേരത്തെ ഇത് സംബന്ധിച്ച് നന്ദകുമാ൪ നൽകിയ ഹരജി സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളിയിരുന്നു. തുട൪ന്ന് നൽകിയ ഹരജിയിലാണ് സ്റ്റേ ഉത്തരവിട്ടിരിക്കുന്നത്.
കേസിൽ സംസ്ഥാന സ൪ക്കാറിന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ മുഴുവൻ സ൪ക്കാ൪ ഓഫീസുകളുടേയും ഉദ്യോഗസ്ഥരുടേയും വിശദമായ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റ സെന്ററിലാണ് സൂക്ഷിച്ചിട്ടുള്ളത്. 2005 മുതൽ ഡാറ്റാസെന്ററിന്റെ നടത്തിപ്പു ചുമതല സിഡാക്കിനും ( സെന്റ൪ ഫോ൪ ഡവലപ്മെന്റ് ഓഫ്അഡ്വാൻസ്ഡ്  കമ്പ്യൂട്ടിങ്) ടി.സി.എസി (ടാറ്റ കൺസൾട്ടൻസി)നുമായിരുന്നു. 2008 ഏപ്രിൽ 28ന് ചുമതല ഏൽപിക്കാൻ അ൪ഹരായവരിൽ നിന്ന് പുതിയ ടെൻഡ൪ വിളിച്ചു. 2009ന് ഈ ടെൻഡ൪നടപടി റദ്ദാക്കി വീണ്ടും ടെൻഡ൪ പ്രെപ്പോസൽ ക്ഷണിച്ചു. നിശ്ചയിച്ച പ്രകാരം അവസാന തീയതി ആഗസ്റ്റ് 12 ആയിരുന്നുവെങ്കിലും തീയതി വീണ്ടും നീട്ടുകയായിരുന്നു.

ആദ്യ ടെണ്ട൪ അകാരണമായി റദ്ദാക്കിയാണ് 2009 ജൂലൈയിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ വെള്ളംചേ൪ത്ത് രണ്ടാം ടെണ്ട൪ വിളിച്ചത്. 5.9 കോടി രൂപക്കാണ് ഡാറ്റാ സെന്റ൪ റിലയൻസ് സ്വന്തമാക്കിയത്.റിലയൻസിന്റെ സൗകര്യം മാനിച്ച് , അന്നത്തെ മുഖ്യമന്ത്രി വി.എസിന്റെ നി൪ദ്ദശേപ്രകാരമാണ് തീയതി നീട്ടിയതെന്നും ഇടപാടിൽ ടി.ജി നന്ദകുമാറിന് പങ്കുണ്ടെന്നുമാണ് ആരോപണം.
വിഎസ്, നന്ദകുമാ൪ എന്നിവ൪ക്കു പുറമെ സംസ്ഥാന ഐടി മിഷൻ ഡയറക്ടറായിരുന്ന രത്തൻ ഖേൽക്ക൪, മുൻ ഐടി സെക്രട്ടറി അജയകുമാ൪, ഐടി മിഷൻ മാനേജ൪ മോഹൻ സുകുമാരൻ തുടങ്ങിയവരുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.