ലണ്ടൻ: എണ്ണപ്പണത്തിൻെറ പളപളപ്പിൽ സൂപ്പ൪ താരങ്ങളെയെല്ലം അണിനിരത്തി ഇംഗ്ളീഷ് ക്ളബ് ഫുട്ബാളിലെ കിരീടവും ചെങ്കോലും കൊതിച്ച് പന്തുതട്ടിയ മാഞ്ചസ്റ്റ൪ സിറ്റിയിൽനിന്നും സ്വപ്ന നേട്ടം അകലുന്നു. പ്രീമിയ൪ ലീഗിൽ ഇനി കിരീടത്തിൽ മുത്തമിടണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ഞായറാഴ്ച അ൪ധരാത്രിയിലെ മത്സരത്തിൽ കരുത്തരായ ആഴ്സനലിനു മുന്നിൽ ഒരു ഗോളിന് തോൽവി വഴങ്ങിയതോടെ 44 വ൪ഷത്തെ ഇടവേളക്കു ശേഷം ലീഗ് കിരീടമെന്ന മാഞ്ചസ്റ്റ൪ സിറ്റിയുടെ സ്വപ്നം കൂടിയാണ് പ്രതിസന്ധിയിലായത്. കിരീട പോരാട്ടത്തിലെ ശക്തരായ എതിരാളി മാഞ്ചസ്റ്റ൪ യുനൈറ്റഡ് ക്വീൻസ് പാ൪ക് റേഞ്ചേഴ്സിനെതിരെ 2-0ന് ജയം നേടുകയും സിറ്റി തോൽക്കുകയും ചെയ്തതോടെയാണ് ചിത്രം ഏറെ വ്യക്തമായത്. സീസണിൽ ഇരു ടീമുകളും 32 മത്സരങ്ങൾ പൂ൪ത്തിയാക്കി കഴിഞ്ഞു. യുനൈറ്റഡിന് 79ഉം സിറ്റിക്ക് 71ഉം പോയൻറുകൾ. പോരാട്ടത്തിന് ചൂട് പിടിച്ചതോടെ കിരീടത്തിനും ചാമ്പ്യന്മാ൪ക്കുമിടയിൽ ശേഷിക്കുന്നത് ആറ് മത്സരങ്ങൾമാത്രം.
ശേഷിച്ച മത്സരങ്ങളിൽ ആസ്റ്റൻ വില്ല, എവ൪ടൻ, സ്വാൻസിയ സിറ്റി എന്നിവരെ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ നേരിടുമ്പോൾ വിഗാൻ അത്ലറ്റിക്, സണ്ട൪ലൻഡ്, സാക്ഷാൽ മാഞ്ചസ്റ്റ൪ സിറ്റി എന്നിവ൪ക്കെതിരെ എവേ മത്സരവും ബാക്കി.
സിറ്റിയാവട്ടെ യുനൈറ്റഡിനു പുറമെ ഹോം മാച്ചിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൻ, ക്വീൻസ് പാ൪ക് റേഞ്ചേഴ്സ് എന്നിവരെയും, എവേ മത്സരങ്ങളിൽ നൗറിച് സിറ്റി, വോൾവ൪ ഹാംപ്റ്റൻ, ന്യൂകാസിൽ യുനൈറ്റഡ് എന്നിവരെയും നേരിടും. ഇരുവരുടെയും എതിരാളികൾ കരുത്ത൪തന്നെ. യുനൈറ്റഡിന് ഇതേ ലീഡ് നിലനി൪ത്താൻ കഴിഞ്ഞാൽ തുട൪ച്ചയായ രണ്ടാമത്തെയും ടീമിൻെറ 20ാമത്തെയും പ്രീമിയ൪ ലീഗ് കിരീടമായിരിക്കും.
ലോകത്തെ സൂപ്പ൪താരങ്ങളുമായി സീസണിൻെറ തുടക്കം മുതൽ സ്വപ്നക്കുതിപ്പ് നടത്തിയ മാഞ്ചസ്റ്റ൪ സിറ്റി ചരിത്രം കുറിച്ച് ഇക്കുറി ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് കിരീടം ഇത്തിഹാദ് സ്റ്റേഡിയത്തിലെ ഷെൽഫിലെത്തിക്കുമെന്ന് കരുതി. ഒട്ടേറെ അട്ടിമറികളും അവ൪ നടത്തി. ഗോളുകൾ അടിച്ചുകൂട്ടി തോൽവിയറിയാതെ മുന്നേറിയ സിറ്റി ഇതിനിടയിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ 6-1 ന് തോൽപിച്ച് വൻഅട്ടിമറി വാ൪ത്തയായിരുന്നു ഫുട്ബാൾ ലോകത്ത് സൃഷ്ടിച്ചത്. ആദ്യ 14 മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ രണ്ട് സമനിലയും 12 ജയവുമായി കുതിച്ച സിറ്റി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. എന്നാൽ, 15ാം മത്സരത്തിൽ ചെൽസി കടിഞ്ഞാണിട്ടതോടെ (2-1) കുതിപ്പിൻെറ വേഗം കുറഞ്ഞു. പിന്നെ തോറ്റും ജയിച്ചും സമനിലയുമായാണ് മാൻസീനിയുടെ കുട്ടികൾ കുതിച്ചത്. ഇതേസമയം, മാഞ്ചസ്റ്റ൪ യുനൈറ്റഡും കോച് അലക്സ് ഫെ൪ഗൂസനും തിരിച്ചടിച്ചു. സ്വതസ്സിദ്ധമായ ശൈലിയിൽ അവസാന ലാപ്പിൽ ലീഡ് പിടിച്ചാണ് യുനൈറ്റഡ് കിരീടത്തിലേക്ക് മുന്നേറിയത്.
ആഴ്സനൽ @ 3
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ 87ാം മിനിറ്റിൽ മൈകൽ ആ൪തെറ്റിയുടെ ഗോളിലൂടെയാണ് സിറ്റിയെ കെട്ടുകെട്ടിച്ച് ആഴ്സനൽ വിജയം നേടുന്നത്. കളിയുടെ 90ാം മിനിറ്റിൽ സ്ട്രൈക്ക൪ മരിയോ ബലോടെല്ലി ചുവപ്പു കാ൪ഡുമായി പുറത്തായതോടെ പത്തുപേരുമായാണ് സിറ്റി കളി അവസാനിപ്പിച്ചത്. അതേസമയം, ജയത്തോടെ ആഴ്സനൽ നി൪ണായക പോയൻറും സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറി. 32 കളിയിൽ 61 പോയൻറ് നേടിയ ആഴ്സനൽ 59 പോയൻറുള്ള ടോട്ടൻഹാം ഹോട്സ്പറിനെയാണ് പിന്തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.