യാംഗോൻ: ദീ൪ഘകാലമായി സൈനിക അടിച്ചമ൪ത്തൽ നിലനിൽക്കുന്ന മ്യാന്മറിൽ ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുതിയ യുഗത്തിൻെറ തുടക്കമാണെന്ന് ജനാധിപത്യ നേതാവ് ഓങ്സാൻ സൂചി. മറ്റ് ജനാധിപത്യ പാ൪ട്ടികളുമായി സഹകരിച്ച് രാജ്യത്ത് സമാധാനത്തിൻെറയും മനുഷ്യാവകാശങ്ങളുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് തൻെറ ലക്ഷ്യമെന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അവ൪ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണെന്നും മ്യാന്മറിൻെറ വാണിജ്യ തലസ്ഥാനമായ ബ൪മയിൽ മുഖ്യ പ്രതിപക്ഷ പാ൪ട്ടിയായ ദേശീയ ജനാധിപത്യ ലീഗിൻെറ (എൻ.എൽ.ഡി) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൂചി പറഞ്ഞു.
രാജ്യത്തിൻെറ ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ പങ്കാളികളാവണമെന്ന് അവ൪ ആവശ്യപ്പെട്ടു. എൻ.എൽ.ഡി അംഗങ്ങൾക്കും പാ൪ട്ടിയെ പിന്തുണക്കുന്നവ൪ക്കും ആഹ്ളാദ നിമിഷമാണിത്. എന്നാൽ, അവരുടെ വാക്കുകളും പെരുമാറ്റവും നടപടികളും മറ്റ് പാ൪ട്ടിക്കാരെ പ്രയാസപ്പെടുത്തുന്ന വിധത്തിലായിരിക്കരുത്. ജനാധിപത്യ പാ൪ട്ടികളുടെ കൂട്ടായ്മയിലൂടെ നമുക്ക് ഒരു പുതിയ യുഗം സൃഷ്ടിക്കാനാവും -സൂചി തുട൪ന്നു.
അതേസമയം, ഞായറാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 45 സീറ്റുകളിൽ 40 എണ്ണത്തിൽ എൻ.എൽ.ഡി വിജയിച്ചതായി മ്യാന്മ൪ യൂനിയൻ തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മത്സരിച്ച 44 സീറ്റുകളിലും തങ്ങൾ ജയിച്ചതായി എൻ.എൽ.ഡി അവകാശപ്പെട്ടിരുന്നു.
എൻ.എൽ.ഡിയുടെ വിജയം മ്യാന്മറിൻെറ ജനാധിപത്യവത്കരണത്തിലേക്കുള്ള നാഴികക്കല്ലാണെങ്കിലും ദേശീയ പാ൪ലമെൻറിൽ അവ൪ ഇപ്പോഴും ന്യൂനപക്ഷമാണ്. അധോസഭയിൽ 35 സീറ്റുകളും സെനറ്റിൽ മൂന്നു സീറ്റുകളുമാണ് സൂചിയുടെ പാ൪ട്ടി വിജയിച്ചത്. എൻ.എൽ.ഡി നേടിയ മറ്റ് രണ്ട് സീറ്റുകൾ പ്രാദേശിക അസംബ്ളികളിലാണ്. അവശേഷിക്കുന്ന അഞ്ച് സീറ്റുകളിലെ വിജയികളെ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിട്ടില്ല.
അധോസഭയിലും സെനറ്റിലുമായി മൊത്തം 664 സീറ്റുകളുണ്ട്. ഇതിൽ ആറ് ശതമാനം മാത്രമേ എൻ.എൽ.ഡിക്ക് ലഭിച്ചിട്ടുള്ളൂ. എങ്കിലും സൂചിയുടെ പാ൪ട്ടിയുടെ പാ൪ലമെൻറിലെ ബലത്തിൽ മ്യാന്മറിൽ ജനാധിപത്യ നീക്കങ്ങൾ ശക്തിപ്പെടുമെന്നാണ് നിരീക്ഷക൪ വിലയിരുത്തുന്നത്.
പാശ്ചാത്യ രാജ്യങ്ങൾ ഏ൪പ്പെടുത്തിയ ഉപരോധം മറികടക്കാനാണ് സൂചി അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മ്യാന്മറിലെ സൈനിക ഭരണകൂടം മോചിപ്പിച്ചിരുന്നത്. ചില പരിഷ്കരണ നടപടികൾ നടപ്പാക്കിയതും ഇതിൻെറ ഭാഗമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.