എതിര്‍ടീം ആരാധകരുമായി മറഡോണ കൊമ്പുകോര്‍ത്തു

ദുബൈ: എതി൪ടീമിൻെറ ആരാധകരുമായി ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കൊമ്പുകോ൪ത്തു. വ്യാഴാഴ്ച രാത്രി അൽ മംസ൪ സ്റ്റേഡിയത്തിൽ നടന്ന ഇത്തിസാലാത്ത് പ്രോ ലീഗ് മാച്ചിൻെറ അന്തിമഘട്ടത്തിലാണ് ദുബൈ അൽ വാസ്ൽ കോച്ച് മറഡോണ എതി൪ടീമായ അൽ ഷബാബിൻെറ ആരാധകരുമായി വാക്കേറ്റമുണ്ടാക്കിയത്. അൽ ഷബാബ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചുനിൽക്കുമ്പോഴായിരുന്നു സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന മറഡോണയുടെ ഭാര്യ വെറോണിക ഒജെദയെയും അൽ വാസ്ൽ കളിക്കാരുടെ ഭാര്യമാരെയും അൽ ഷബാബ് ആരാധക൪ കളിയാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് ഇരുകൂട്ടരും തമ്മിൽ വാക്ത൪ക്കമായി. ഈ സമയത്ത് ഗ്രൗണ്ടിൽ പ്ളയേഴ്സ് ബെഞ്ചിൽ ഇരിക്കുകയായിരുന്ന മറഡോണയും അൽ വാസ്ൽ താരങ്ങളും സ്റ്റേഡിയത്തിലേക്ക് പാഞ്ഞുകയറി പ്രശ്നത്തിൽ ഇടപെട്ടതോടെ ഉന്തും തള്ളുമായി. ഉടൻ പൊലീസെത്തി താരങ്ങളുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി സ്റ്റേഡിയത്തിന് വെളിയിൽ എത്തിക്കുകയായിരുന്നു.

അൽ ഷബാബിൻെറ ആരാധക൪ ഭീരുക്കളാണെന്ന് മറഡോണ പിന്നീട് പ്രതികരിച്ചു. ‘അവ൪ക്ക് സ്ത്രീകളെ ആക്രമിക്കാനേ അറിയൂ. ആണുങ്ങളുമായി ഏറ്റുമുട്ടാനുള്ള ധൈര്യമില്ല. ഇതാദ്യമായാണ് എതി൪ ടീമിൻെറ ആരാധകരിൽനിന്ന് ഇത്ര മോശം അനുഭവം ഉണ്ടാകുന്നത്. ഇതിൻെറ പേരിൽ എന്നോട് ദേഷ്യമുള്ളവ൪ ഒന്ന് മനസ്സിലാക്കുക, എൻെറ ഭാര്യക്കുവേണ്ടിയാണ് ഞാൻ സ്റ്റേഡിയത്തിലേക്ക് പാഞ്ഞുകയറിയത്. പ്രശ്നമുണ്ടാക്കിയവ൪ യഥാ൪ഥ ആരാധക൪ അല്ല, ഭീരുക്കളാണ്’ -മറഡോണ മാധ്യമങ്ങളോട് പറഞ്ഞു. തോൽവി താൻ സമ്മതിക്കുന്നെന്നും ഭാര്യയെ അപമാനിച്ചതുകൊണ്ട് മാത്രമാണ് രോഷാകുലനായതെന്നും മറഡോണ വ്യക്തമാക്കി.
അതേസമയം, ഒന്നും കണ്ടില്ലെന്നും പ്രതികരിക്കാനില്ലെന്നുമാണ് അൽ ഷബാബ് കോച്ച് പൗലോ ബൊനാമിഗോ പറഞ്ഞത്. 2011 മേയിൽ ദുബൈ ക്ളബുമായി രണ്ടു വ൪ഷത്തെ കരാ൪ ഒപ്പിട്ടശേഷം നിരവധി തവണ കളിക്കളത്തിലെ മോശം പെരുമാറ്റത്തിലൂടെ മറഡോണ വില്ലൻ ഇമേജിലെത്തിയിരുന്നു. കഴിഞ്ഞ വ൪ഷം സെപ്റ്റംബ൪ 22ന്  ഖിസൈസിലെ അൽ അഹ്ലിയുടെ റാശിദ് സ്റ്റേഡിയത്തിൽ ഇത്തിസാലാത്ത് കപ്പിൻെറ പ്രാഥമിക റൗണ്ടിൽ എമിറേറ്റ്സ് ക്ളബുമായുള്ള മത്സരത്തിനുശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ശല്യപ്പെടുത്തിയ ആരാധകനെ മറഡോണ തൊഴിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് രണ്ടുമൂന്ന് തവണ എതി൪ടീമിൻെറ കാണികളുടെ പെരുമാറ്റത്തിൽ മറഡോണ അസ്വസ്ഥത പ്രകടിപ്പിച്ചു. നവംബറിൽ അൽഐൻ ക്ളബിൻെറ കോച്ച് കോസ്മിനെ ചീത്തവിളിച്ചതിന് യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ മറഡോണക്ക് 9000 ദി൪ഹം പിഴ ചുമത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.