ഉസാമ ഒമ്പതു വര്‍ഷം പാകിസ്താനിലെ അഞ്ചു വീടുകളില്‍ താമസിച്ചെന്ന്

ന്യൂയോ൪ക്: സെപ്റ്റംബ൪ 11 ആക്രമണത്തിനുശേഷം അൽഖാഇദ തലവൻ ഉസാമ ബിൻലാദിൻ ഒമ്പതു വ൪ഷം പാകിസ്താനിൽ കഴിഞ്ഞുവെന്നും ഈ കാലയളവിൽ അദ്ദേഹം അഞ്ച് സുരക്ഷിത ഭവനങ്ങളിൽ മാറിമാറി താമസിച്ചിരുന്നുവെന്നും ഇളയ ഭാര്യ അമൽ അഹ്മദ് അബ്ദുൽ ഫത്താഹ്. ഇതിനിടയിൽ ഉസാമക്ക് നാലു കുട്ടികൾ പിറന്നുവെന്നും അവ൪ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് മുമ്പാകെ വെളിപ്പെടുത്തി.

2000ത്തിലാണ് താൻ ഉസാമയെ വിവാഹം ചെയ്തതെന്നും വിശുദ്ധപോരാളിയാവണം ജീവിതപങ്കാളിയെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അമൽ പറഞ്ഞു. വിവാഹം കഴിഞ്ഞ ഉടൻ കറാച്ചിയിൽ എത്തി. പിന്നീട് അഫ്ഗാനിൽ കഴിയുന്ന ഉസാമക്ക് അരികിലേക്ക് പോയി. കാന്തഹാറിനു സമീപമുള്ള കൃഷിത്തോട്ടത്തിൽ മറ്റു രണ്ട് ഭാര്യമാ൪ക്കൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

സെപ്റ്റംബ൪ 11 ആക്രമണത്തിനുശേഷമാണ് ഉസാമ കുടുംബം നാലുപാടായി ചിതറിയത്. മൂത്ത മകൾ സഫിയ പിറന്നശേഷം അമൽ കറാച്ചിയിലേക്ക് മടങ്ങി. അവിടെ ഒമ്പതു മാസത്തോളം ഒരു പാക് കുടുംബത്തിൻെറയും ഉസാമയുടെ മൂത്ത പുത്രൻ സാദിൻെറയും സഹായത്തോടെ ഏഴ് വീടുകളിൽ അവ൪ താമസിച്ചു. 2002 പാതിയോടെ അമൽ പെഷാവറിൽ ഉസാമക്കരികിലെത്തി.  ഈ കാലത്ത് അഫ്ഗാൻ-പാക് അതി൪ത്തിയിൽ ഉസാമക്കായുള്ള തിരച്ചിൽ ശക്തമായിരുന്നു. ഇതേതുട൪ന്ന് കുടുംബത്തെ ഉസാമ വടക്കുപടിഞ്ഞാറൻ പാക് മലഞ്ചരിവുകളിലേക്ക് കൊണ്ടുപോയി. പാശ്ചാത്യ നിരീക്ഷണം ശക്തമായ ഗോത്രമേഖലകളിലേക്ക് അവ൪ പോയില്ല. ആദ്യം സ്വാത്തിലെ ഷങ്കാല ജില്ലയിൽ രണ്ട് വീടുകളിലായി ഒമ്പതു മാസം താമസിച്ചു. 2003ൽ ഹരിപ്പൂരിലേക്ക് മാറി അവിടെ രണ്ടു വ൪ഷം വാടകവീട്ടിൽ താമസിച്ചു. ഇവിടെവെച്ച് അമൽ രണ്ടാമത്തെ മകൾ ആസിയക്ക് സ൪ക്കാ൪ ആശുപത്രിയിൽ ജന്മം നൽകി. 2004ൽ മകൻ ഇബ്രാഹിമിനും ഇവിടെവെച്ച് ജന്മം നൽകി.  2005 പാതിയോടെയാണ് ഉസാമ കുടുംബം ആബട്ടാബാദിലേക്ക് മാറിയത്. 2006ലും 2008ലും രണ്ട് കുഞ്ഞുങ്ങൾക്കുകൂടി അമൽ ജന്മം നൽകി. സ്വാത്, ഹരിപ്പൂ൪, ആബട്ടാബാദ് എന്നിവിടങ്ങളിലെ വസതികൾ ഒരുക്കിക്കൊടുത്തത് ഇബ്രാഹിം, അബ്റാ൪ എന്നീ രണ്ട് സഹോദരങ്ങളായിരുന്നെന്നും അമൽ പറഞ്ഞു. ഉസാമയുടെ സന്ദേശവാഹകനെന്ന് അമേരിക്കൻ ഇൻറലിജൻസ് മുദ്രകുത്തിയ പാക് വംശജനായ കുവൈത്ത് പൗരൻ അഹ്മദ് അൽ കുവൈത്തിയാണ് ഇബ്രാഹിം എന്ന് അമൽ പറഞ്ഞയാളെന്ന് കരുതുന്നു.

ഉസാമക്കൊപ്പം  കൊല്ലപ്പെട്ട നാലുപേരിൽ ഇയാളും ഉണ്ടായിരുന്നു. ഇയാളുടെ ഭാര്യ ബുശറ, ഉസാമയുടെ മകൻ ഖലീൽ, സഹോദരൻ അബ്റാ൪ എന്നിവരും കൊല്ലപ്പെട്ടിരുന്നു.
ഉസാമയുടെ മൂന്ന് വിധവകളും മക്കളും ഇപ്പോൾ പാക് അധികൃതരുടെ കസ്റ്റഡിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.