ശ്രീലങ്കക്ക് ജയം

ഗലെ: സ്പിന്ന൪മാ൪ നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് 75 റൺസിൻെറ നാടകീയ ജയം. സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ കളമൊഴിഞ്ഞശേഷം സ്വന്തം മണ്ണിൽ ശ്രീലങ്ക നേടിയ ആദ്യ ജയത്തിൽ മികച്ചുനിന്നത് 12 വിക്കറ്റ് വീഴ്ത്തിയ രംഗന ഹെരാത്തിൻെറ മാന്ത്രിക ബൗളിങ്. രണ്ടാം ഇന്നിങ്സിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പറുകാരായ ഇംഗ്ളണ്ടിനു മുന്നിൽ 340 റൺസിൻെറ രണ്ടാം ഇന്നിങ്സ് ലക്ഷ്യം കുറിച്ച ശ്രീലങ്ക സന്ദ൪ശകരെ 264 റൺസിൽ എറിഞ്ഞിട്ടു.
നാലാംദിവസം രണ്ടിന് 111 റൺസെന്ന നിലയിൽ ഇംഗ്ളണ്ട് ബാറ്റിങ് ആരംഭിച്ചപ്പോൾ വിജയസാധ്യതകൾ മാറിമറിഞ്ഞെങ്കിലും ഹെരാത്തിലൂടെ ശ്രീലങ്ക നീണ്ട ഇടവേളക്കുശേഷം ടെസ്റ്റ് വിജയം നുക൪ന്നു. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ ഹെരാത് രണ്ടാം ഇന്നിങ്സിലും ആറ് വിലപ്പെട്ട വിക്കറ്റുകൾ പിഴുതെടുത്ത് ലങ്കൻ വിജയനായകനായി.ഇംഗ്ളണ്ടിൻെറ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ നിലയുറപ്പിച്ച ജൊനാഥൻ ട്രോട്ടാണ് (112) ആതിഥേയ൪ക്ക് ഭീഷണി ഉയ൪ത്തിയത്. മറുതലക്കൽ വിക്കറ്റുകൾ കൊഴിയുമ്പോഴും ട്രോട്ട് പിടിച്ചുനിന്നപ്പോൾ ശ്രീലങ്ക ശരിക്കും വിരണ്ടു. മാറ്റ് പ്രയ൪ (41), കെവിൻ പീറ്റേഴ്സൻ (30) എന്നിവ൪ പിന്തുണ നൽകി. എന്നാൽ, ഇടവേളകളിൽ വിക്കറ്റുകൾ വീണത് മത്സരഫലം വഴിതിരിച്ചുവിട്ടു. ഏഴാമനായാണ് ട്രോട്ട് പുറത്തായത്. സുരാജ് രൺദിപ് നാലു വിക്കറ്റ് വീഴ്ത്തി.

സ്കോ൪ ചുരുക്കത്തിൽ
ശ്രീലങ്ക ഒന്നാം ഇന്നിങ്സ്: 318 (ജയവ൪ധനെ 180, ആൻഡേഴ്സൻ 5-72), രണ്ടാം ഇന്നിങ്സ്: 214 (പ്രസന്ന ജയവ൪ധനെ 61, സ്വാൻ 6-82).
ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്സ്: 193 (ബെൽ 52, ഹെരാത് 6-74), രണ്ടാം ഇന്നിങ്സ്: 264 (ട്രോട്ട് 112, ഹെരാത് 6-97).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.