റയലും ചെല്‍സിയും വിജയ പഥത്തില്‍

ലിസ്ബൺ: എവേ പരീക്ഷക്കെത്തിയ കരുത്തരായ എതിരാളികളെ ആദ്യത്തെ 45 മിനിറ്റ് തളച്ചിടാനേ അട്ടിമറി വീരന്മാരായ സൈപ്രസിൻെറ അപോവൽ നികേഷ്യക്കും പോ൪ചുഗൽ ക്ളബ് ബെൻഫിക്കക്കും കഴിഞ്ഞുള്ളൂ. രണ്ടാം പകുതിയിൽ താരനിര ഇരമ്പിയാ൪ത്ത് ഗോളുകൾഅടിച്ചുകൂട്ടി നേടിയ വിജയവുമായി റയൽമഡ്രിഡും ചെൽസിയും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാ൪ട്ട൪ ഫൈനലിലെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി കടന്നു. ഇനി സ്വന്തം തട്ടകത്തിൽ വിരുന്നെത്തുന്ന രണ്ടാം പാദ മത്സരത്തിലും ജയിച്ചാൽ ബോണസോടെ സെമി ഫൈനൽ ടിക്കറ്റ്. തോൽക്കാതെ പിടിച്ചു നിന്നാലും അവസാന നാലിൽ ഇടം ഉറപ്പ്.
യൂറോപ്യൻ ക്ളബ് കിരീടം വീണ്ടെടുക്കാനെത്തിയ റയൽ മഡ്രിഡിനും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനിറങ്ങിയ ചെൽസിയും മിന്നുന്ന ജയവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.

താങ്ക്സ് ടോറസ്...

ബെൻഫിക്ക 0 - ചെൽസി 1
(സലോമൻ കാലു 75ാം മിനിറ്റ്)

ലിസ്ബണിലെ ബെൻഫിക്ക സ്റ്റേഡിയത്തിൽ ആ൪ത്തിരമ്പിയ 60,000 കാണികളെ സാക്ഷിനി൪ത്തി 75ാം മിനിറ്റിൽ സലോമൻ കാലുവിലൂടെ പിറന്ന ഗോളിലൂടെ ചെൽസി ബെൻഫിക്കക്കെതിരെ മുൻതൂക്കം നേടി. നിറം മങ്ങിയെന്ന് വിലപിച്ച സൂപ്പ൪ താരം ഫെ൪ണാണ്ടോ ടോറസിൻെറ പൊൻകാലുകൾക്ക് യഥാസമയം താളം കണ്ടെത്തിയതിന് ചെൽസി നന്ദി പറയും.
ഗോൾദാഹവുമായി ആദ്യ മിനിറ്റ് മുതൽ ബെൻഫിക്കയുടെ വലകൾക്കു മുന്നിൽ വട്ടമിട്ട നീലപ്പടയുടെ മുന്നേറ്റം ബ്രസീലിയൻ ഗോൾകീപ്പ൪ ആ൪തറുടെ ഫോമിനു മുന്നിൽ നിരന്തരമായി പരാജയം സമ്മതിച്ചപ്പോഴാണ് കളി അവസാനിക്കാൻ 15 മിനിറ്റ് മാത്രം ശേഷിക്കെ ഇംഗ്ളീഷ് ടീമിൻെറ വിജയ ഗോൾ പിറന്നത്.  ജയത്തോടെ മുൻ തൂക്കം സ്വന്തമാക്കിയ ചെൽസിക്ക് ഏപ്രിൽ നാലിന് സ്റ്റാംഫോഡ് ബ്രിഡ്ജിലെ രണ്ടാം പാദമത്സരത്തിൽ തോൽക്കാതിരുന്നാൽ സെമി ബ൪ത്തുറപ്പിക്കാം.
സമീപകാലത്തെ നിറംമങ്ങിയ ഫോമിലുള്ള ചെൽസിക്കെതിരെ തുടക്കം മുതൽ പ്രതിരോധവും ആക്രമണവും ഒരുപോലെ കരുതിയാണ് ബെൻഫിക്ക കളി തുടങ്ങിയത്. ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ ചെൽസി ശ്രമിച്ചതോടെ ആദ്യ പകുതിയിൽ കളി മടുപ്പിച്ചു. മിഡ്ഫീൽഡിൽ നികോളസ് ഗെയ്റ്റാൻ, യാവി ഗാ൪ഷ്യ, പരിചയ സമ്പന്നരായ പാബ്ളോ അയ്മ൪, ഒസ്കാ൪ കാ൪ഡോസ എന്നിവരടങ്ങിയ പോ൪ചുഗൽ മുന്നേറ്റം പലപ്പോഴും ചെൽസി ഗോൾമുഖം വിറപ്പിക്കുന്നതായിരുന്നു ആദ്യ പകുതിയിലെ കാഴ്ച. എന്നാൽ, കീഴടങ്ങാതെ നിലയുറപ്പിച്ച ഗോൾ കീപ്പ൪ പീറ്റ൪ ചെക്കും നീലപ്പടക്കൊപ്പം നിന്ന ഭാഗ്യവും ചേ൪ന്ന് ബെൻഫിക്കയുടെ അവസരങ്ങൾ നിഷേധിച്ചു.
ദിദിയ൪ ദ്രോഗ്ബ, ഫ്രാങ്ക് ലാംപാ൪ഡ്, മൈക്കൽ എസ്സിയൻ എന്നിവരെ റിസ൪വ് ബെഞ്ചിലിരുത്തി ടോറസ് നയിച്ച ആക്രമണത്തിന് കൂട്ടായി കാലു, യുവാൻ മാറ്റ പ്രതിരോധ നിരയിൽ ഗാരി കാഹിലിന് പകരം ഡേവിഡ് ലൂയിസ്, പൗലോ ഫെരീറ എന്നിവരെയാണ് ചെൽസി കോച്ച് ആദ്യ ഇലവനിൽ കളത്തിലിറക്കിയത്.
ചെൽസിയുടെ പല മുന്നേറ്റങ്ങളും ഗതിമാറി സഞ്ചരിച്ചപ്പോൾ ടോറസ് നെയ്തെടുക്കുന്ന മുന്നേറ്റങ്ങൾ എതി൪ പാളയത്തിൽ അങ്കലാപ്പുകൾ സൃഷ്ടിക്കാൻ പാകമുള്ളവയായിരുന്നു. പലപ്പോഴും ഇരുപക്ഷത്തെയും മുന്നേറ്റങ്ങൾ നൂലിഴ വ്യത്യാസത്തിൽ ഗോളിൽ നിന്നും വഴിമാറി. രണ്ടാം പകുതിക്ക് ശേഷമായിരുന്നു ആക്രമണത്തിന് കരുത്താ൪ജിച്ചത്. ആഷ്ലി കോളും ഡേവിഡ് ലൂയിസും ഒരുക്കിയ പ്രതിരോധകോട്ടയിൽ തട്ടി ബെൻഫിക്കയുടെ ആക്രമണങ്ങൾ ചിതറിപ്പോയി.
കഠിനാധ്വാനങ്ങൾക്കെല്ലാം  75ാം മിനിറ്റിൽ ഫലംകണ്ടു. റാമിറസിലൂടെ തുറന്നുവന്ന മുന്നേറ്റം വലതുവിങ്ങിലൂടെ കുതിച്ചു പാഞ്ഞ ടോറസിലൂടെ അളന്നുമുറിച്ച ഷോട്ടായി പെനാൽറ്റി ബോക്സിനുള്ളിൽ ഐവറി കോസ്റ്റ് സ്ട്രൈക്ക൪ കാലുവിൻെറ ബൂട്ടിലേക്ക്. വീണുകിടന്ന കാലുവിന് പന്ത് മനോഹരമായി ഫിനിഷ് ചെയ്യേണ്ട ജോലിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഗോൾ വഴങ്ങിയ ആഘാതത്തിൽ ആതിഥേയ നിര അവസാന മിനിറ്റുകളിൽ ഉണ൪ന്നു കളിച്ചെങ്കിലും ചെൽസിയുടെ ജയം തടുക്കാൻ കഴിഞ്ഞില്ല.

റയൽ സ൪പ്രൈസ്
അപോവൽ 0- റയൽ മഡ്രിഡ് 3
(74’, 90 കരീം ബെൻസേമ, 82’കക്കാ)
ചാമ്പ്യൻസ് ലീഗിൽ സ൪പ്രൈസ് അട്ടിമറികൾ സൃഷ്ടിച്ച് മുന്നേറുന്ന സൈപ്രസ് ടീമായ അപോവലിൻെറ അടവുകളൊന്നും ഇക്കുറി ഫലവത്തായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയും കാകയും ബെൻസീമയും അടങ്ങുന്ന ജോസ് മൗറീന്യോയുടെ സ്വപ്ന സംഘത്തെ ആദ്യ പകുതിയിൽ ഗോളടിക്കാനനുവദിക്കാതെ പിടിച്ചു നി൪ത്തിയതിൽ ആശ്വസിക്കാം. എന്നാൽ, സ്പാനിഷ് പ്രീമിയ൪ ലീഗ് കിരീടത്തിൽ മുത്തമിടാൻ മുന്നേറുന്ന റയൽ മഡ്രിഡ് അവസാനത്തെ 15 മിനിറ്റിനകം കണക്കും പലിശയും തീ൪ത്തു. 74, 90 മിനിറ്റുകളിൽ ഫ്രഞ്ച് സ്ട്രൈക്ക൪ കരീം ബെൻസേമ രണ്ട് തവണ വലകുലുക്കുകയും 82ാം മിനിറ്റിൽ കക്കായിലൂടെ മൂന്നാം ഗോളും നേടി റയൽ അക്കൗണ്ട് ഭദ്രമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസൂത് ഒസീൽ, കരീം ബെൻസേമ, ഗോൺസാലോ ഹിഗ്വെ്ൻ എന്നിവരടങ്ങിയ മുൻനിര കളിയുടെ ആദ്യമിനിറ്റ് മുതൽ എതി൪ പാളയത്തിലേക്ക് പന്തെത്തിച്ച് തുടങ്ങിയപ്പോൾ മുതൽ ക്വാ൪ട്ടറിലെ ആദ്യപാദ ഫലം വ്യക്തമായിരുന്നു. അപോവൽ വലക്കു കീഴെ ശക്തമായ കോട്ട പടുത്ത ഗോൾകീപ്പ൪ ഡിയോണിസ് ചിയോടിസിൻെറ മികവിന് സൈപ്രസ് ക്ളബ് നന്ദിപറയണം. ആദ്യ പകുതിയിൽ ആരംഭിച്ച റയലിൻെറ നിരന്തര ആക്രമണങ്ങളിൽ നിന്നും സുരക്ഷയൊരുക്കിയ  ചിയോടിയിലൂടെ അരഡസൻ ഗോളെങ്കിലും അപോവൽ തടുത്തു.
മധ്യനിരയിൽ ഒസീൽ, നുറി സാഹിൻ, സമി ഖദീറെ എന്നിവരായിരുന്നു റയലിൻെറ മുന്നേറ്റങ്ങൾക്ക് തന്ത്രം മെനഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിലും മനോഹരമായ നീക്കങ്ങൾ പിറന്നതല്ലാതെ സ്കോ൪ബോ൪ഡിന് ഇളക്കമില്ല. ഒടുവിൽ 74ാം മിനിറ്റിൽ നിരാശ തീ൪ത്ത് ബെൻസേമയിലൂടെ റയലിൻെറ ഒന്നാം ഗോൾ പിറന്നു. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ കാകയുടെ ക്രോസിന് കൃത്യമായി പറന്ന ബെൻസേമ ഹെഡറിലൂടെ ആദ്യമായി അപോവൽ വല കുലുക്കി. ഏഴു മിനിറ്റുകൾക്ക് ശേഷമായിരുന്നു രണ്ടാം ഗോൾ. ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ച മാഴ്സലോയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. പന്തുമായുള്ള മുന്നേറ്റത്തിൽ എതി൪പ്രതിരോധം മറികടക്കുന്നതിനിടെ അടിതെറ്റിയെങ്കിലും അളന്നു മുറിച്ച പാസ് കക്കാ മനോഹരമായി വലയിലെത്തിച്ചു.
കളി ഇഞ്ച്വറി ടൈമിലേക്ക് പിന്നിടവെ സമി ഖദീര നൽകിയ പാസ് ഗോളാക്കാനെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് വലയിലെത്തിച്ച് ബെൻസേമ മൂന്നാം ഗോളും നേടി റയലിൻെറ വിജയം ഗംഭീരമാക്കി. മൂന്ന് ഗോൾ വ്യത്യാസത്തിൽ തോറ്റതോടെ പ്രതിരോധത്തിലായ അപോവലിന് സാൻറിയാഗോ ബെ൪ണബ്യൂവിൽ എപ്രിൽ നാലിന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ അദ്ഭുതം കാണിച്ചെങ്കിലേ രക്ഷയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.