മുംബൈ: രാജ്യത്തിൻെറ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റ൪ രാഹുൽ ദ്രാവിഡിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡൊരുക്കിയ വിടവാങ്ങൽ വിരുന്നിലെ സചിൻ ടെണ്ടുൽകറിൻെറ അസാന്നിധ്യം വിവാദമാവുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പഴയതും പുതിയതുമായ താരങ്ങളെല്ലാം വൻമതിലിന് ആദരവ൪പ്പിക്കാനായി മുംബൈയിലൊരുക്കിയ വിരുന്നിലെത്തിയപ്പോൾ സചിൻ ടെണ്ടുൽക൪ ചികിത്സക്കായി ലണ്ടനിലേക്ക് പറന്നു. വിരുന്നിലെ മറുപടി പ്രസംഗത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ പഴയതും പുതിയതുമായ തലമുറകളിൽ പെട്ട മഹാന്മാരുടെ പേരുകൾ രാഹുൽ ദ്രാവിഡ് പരാമ൪ശിച്ചപ്പോൾ സചിനെ ഒഴിവാക്കിയതും അഭ്യൂഹങ്ങൾക്ക് എരിവ് പക൪ന്നു. നൂറു സെഞ്ച്വറി തികച്ചതിന് മുകേഷ് അംബാനി ഒരുക്കിയ വിരുന്നിനായി കാത്തുനിന്ന സചിൻ, ദ്രാവിഡിനായി ബി.സി.സി.ഐ ഒരുക്കിയ വിരുന്ന് അവഗണിച്ചതാണ് ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാൽവിരലിലെ വേദനയെ തുട൪ന്ന് ചികിത്സക്കായി ചൊവ്വാഴ്ചയാണ് സചിൻ ലണ്ടനിലേക്ക് പറന്നത്.
ദ്രാവിഡിൻെറ ഇഷ്ടക്കാരായ അനിൽ കുംബ്ളെ, വി.വി.എസ് ലക്ഷ്മൺ, ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവ൪ വിരുന്നിൽ പങ്കെടുത്തു. പഴയ തലമുറക്കാരും ദ്രാവിഡിൻെറ ആരാധനാപാത്രങ്ങളുമായ സുനിൽ ഗവാസ്ക൪, ദിലീപ് വെങ്സാ൪ക്ക൪, അജിത് വഡേക്ക൪, ബാപ്പു നന്ദ്ക൪ണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മാ൪ച്ച് ഒമ്പതിന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രാഹുൽ ദ്രാവിഡിനായി ബി. സി. സി. ഐയുടെ വിടവാങ്ങൽ വിരുന്ന് ഒരാഴ്ചമുമ്പേ തീരുമാനിച്ചതായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവും വിരുന്നിൽ പങ്കെടുത്തില്ല.
എന്നാൽ, വിരുന്നിലെത്താനാവില്ലെന്ന് സചിൻ നേരത്തേ അറിയിച്ചതായി ദ്രാവിഡ് മാധ്യമങ്ങളെ അറിയിച്ചു. സചിനും ദ്രാവിഡിനുമിടയിൽ ഭിന്നതയെന്ന് മാധ്യമങ്ങൾ വാ൪ത്ത പുറത്തുവിട്ടതോടെയാണ് ദ്രാവിഡ് വിശദീകരണം നൽകിയത്. താരസമ്പന്നമായ വിരുന്നുവേദിയിൽ വികാരനി൪ഭരമായിരുന്നു രാഹുൽ ദ്രാവിഡിൻെറ പ്രസംഗം. കഴിഞ്ഞ 16 വ൪ഷത്തിനിടയിലുള്ള പല സുവ൪ണമുഹൂ൪ത്തങ്ങളും അദ്ദേഹം ഓ൪മിച്ചു. വിടവാങ്ങൽ ചടങ്ങുകളിൽ കണ്ണുനിറയാൻ അനുവദിക്കില്ലെന്ന് സ്വയം ഉറപ്പിച്ചിരുന്നെങ്കിലും ആ ഉടമ്പടി പാലിക്കാൻ കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ദ്രാവിഡ് സംസാരം തുടങ്ങിയത്.
ധോണിയുടെ നേതൃത്വത്തിൽ പുതു തലമുറ ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് ദ്രാവിഡ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ ലോകഭൂപടത്തിലെത്തിച്ച ബി.സി.സി.ഐയെ നന്ദി അറിയിക്കാനും ദ്രാവിഡ് മറന്നില്ല. താൻ കണ്ട ഹീറോകളോടൊപ്പം ഇന്ത്യക്കായി കളിക്കുകയെന്ന തൻെറ സ്വപ്നത്തിലൂടെ ഇതുവരെ ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എം. എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി. എസ്. ലക്ഷ്മൺ, അനിൽ കുംബ്ളെ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.