ആദിവാസി ഭവന നിര്‍മാണത്തിലെ ക്രമക്കേട്; കരാറുകാരന്‍ അറസ്റ്റില്‍

സുൽത്താൻ ബത്തേരി: മുളങ്കര പണിയ കോളനിയിൽ ഭവന നി൪മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തേലമ്പറ്റ മോഹനൻ (45) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കോളനിനിവാസിയായ ശാന്തയുടെ പരാതിയിൽ ജില്ലാ പൊലീസ് ചീഫ് എ.വി. ജോ൪ജിൻെറ നി൪ദേശപ്രകാരം ബത്തേരി എസ്.ഐ എ.ഒ. വ൪ഗീസാണ് അറസ്റ്റ് ചെയ്തത്. കൽപറ്റയിൽ കഴിഞ്ഞദിവസം രണ്ട് കരാറുകാ൪ക്കെതിരെ കേസെടുത്തിരുന്നു.
2008-09 സാമ്പത്തിക വ൪ഷത്തിൽ ഇന്ദിരാ ആവാസ് യോജന പദ്ധതിയിൽ തേലമ്പറ്റ മുളങ്കര കോളനിയിൽ പത്ത് വീടുകളാണ് അനുവദിച്ചത്. ഓരോ വീടിനും ഒന്നേകാൽ ലക്ഷം രൂപ വീതമായിരുന്നു ഫണ്ട്. തറ, ഭിത്തിവരെ നി൪മിച്ചശേഷം കരാറുകാരൻ  മുങ്ങുകയായിരുന്നുവത്രെ. പരാതിക്കാരിയായ ശാന്തയുടെ വീടിൻെറ തറ മാത്രമേ പൂ൪ത്തിയായിട്ടുള്ളൂ. നല്ല വീട് മോഹിച്ച് കുടിൽപൊളിച്ചവ൪ പ്ളാസ്റ്റിക് ഷീറ്റ് മേഞ്ഞ താൽക്കാലിക ഷെഡ്ഡുകളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.
വിവിധ പദ്ധതികളിലായി ആദിവാസികൾക്ക് അനുവദിച്ച നൂറുകണക്കിന് വീടുകളാണ് ജില്ലയിൽ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്. ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാ൪ക്കൊപ്പം പണം തട്ടിയതായും ആരോപണമുണ്ട്.
കോടികളുടെ ക്രമക്കേടാണ് ഈ മേഖലയിൽ നടന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച 15ഓളം പരാതികളിലാണ് ഇപ്പോൾ നടപടി. ഉപഭോക്താവും കരാറുകാരും തമ്മിൽ രേഖാമൂലമുള്ള ഉടമ്പടിയില്ലാത്തത് കേസ് നടത്തിപ്പിൽ പൊലീസിനെ പ്രയാസപ്പെടുത്തിയേക്കും. ഗുണഭോക്താവിൻെറ പേരിൽതന്നെയാണ് അധികൃത൪ ചെക്കുകൾ നൽകിയിട്ടുള്ളത്. വീട് നി൪മിച്ചുകൊടുക്കാമെന്ന് പറഞ്ഞ് ആദിവാസികളെ കബളിപ്പിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങി തുക തട്ടിയെടുത്തശേഷം പണി പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.
അന്വേഷണവും നടപടികളും നേരാംവണ്ണം മുന്നോട്ടുപോയാൽ കരാറുകാ൪ക്കുപുറമെ ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുങ്ങുമെന്നാണ് പറയപ്പെടുന്നത്. ഭവന നി൪മാണത്തിൻെറ ഓരോ ഘട്ടവും വിലയിരുത്തി ബന്ധപ്പെട്ടവ൪ ഒപ്പിട്ടുകൊടുത്താൽ മാത്രമേ പദ്ധതിയിൽ തുക ലഭ്യമാവൂ. നി൪മാണം പൂ൪ത്തിയാവുന്നതിനുമുമ്പ് കരാറുകാ൪ക്ക് തുക ലഭിക്കാൻ ഒത്താശചെയ്തവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഫയലുകളിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.