ഇടുക്കിയിലെ ഭൂചലനം: കാരണം കണ്ടെത്താനാകാതെ ഭൗമശാസ്ത്ര പഠനകേന്ദ്രം

തിരുവനന്തപുരം: ഇടുക്കിയിൽ ചെറുഭൂചലനങ്ങൾ ആവ൪ത്തിക്കുമ്പോഴും കാരണം കണ്ടെത്താനാകാതെ ശാസ്ത്രലോകം. ചെറു ചലനങ്ങളായതിനാൽ വിശകലനം ചെയ്യാൻ കഴിയില്ലെന്നാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം പറയുന്നത്. 1994 മുതൽ തൃശൂ൪ വടക്കാഞ്ചേരിയിൽ കണ്ടതിന് സമാനമാണ് ഇപ്പോൾ ഇടുക്കിയിലും സംഭവിക്കുന്നത്. അടുത്തകാലത്താണ് ഇടുക്കിയിൽ ചെറിയ ചലനങ്ങൾ വ൪ദ്ധിച്ചത്. വലിയ ഭൂചലനങ്ങൾ ഇടുക്കിയിൽ പ്രതീക്ഷിക്കുന്നില്ലെന്ന് ഭൂമശാസ്ത്ര കേന്ദ്രത്തിലെ ഡോ. ജോൺ മത്തായി പറഞ്ഞു. ഇടുക്കി കുളമാവിനും ഉപ്പുതറക്കും ഇടയിലുള്ള സ്ഥലമാണ് പ്രഭവകേന്ദ്രം.  നിരീക്ഷണം ശക്തമാക്കിയതായും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ,  ചെറുചലനങ്ങളുടെ കാരണങ്ങൾ  വിശകലനം ചെയ്യാനാകുന്നില്ല. ഭൂമിക്കടിയിൽ മ൪ദമുണ്ട്. ആലുവ, നിലമ്പൂ൪ തുടങ്ങിയ സ്ഥലങ്ങളിൽ കെട്ടിടത്തിന് വിള്ളലുണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപള്ളം, തിരുവനന്തപുരം, കാസ൪കോട് തുടങ്ങിയ സ്ഥലങ്ങളിൽ  തിരയിളക്കം റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പഠനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാന പ്രതിഭാസങ്ങളാണ് വടക്കാഞ്ചേരിയിലും മുമ്പുണ്ടായത്. നിരവധി ചെറുചലനങ്ങൾ അവിടെയുണ്ടായി. പിന്നീട് നിലച്ചു.
ഇടുക്കിയിൽ ഒട്ടേറെ ജലസംഭരണികളുള്ളത് ജനങ്ങളിൽ ഭീതിക്ക് കാരണമാകുന്നുണ്ട്. എന്നാൽ, ജലസംഭരണികളാണ് ഭൂചലനത്തിന് കാരണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.